മാലിന്യ സംസ്‌കരണമാണ് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളുടെയും വലിയ തലവേദന. മാലിന്യങ്ങൾ എവിടെ സംസ്‌കരിക്കുമെന്നറിയാതെ തലപുകയ്ക്കുന്നവർ സ്വീഡനെ മാതൃകയാക്കേണ്ടതാണ്. സ്വന്തം നാട്ടിലെ മാലിന്യങ്ങൾ സംസ്‌കരിച്ചുതീർന്നതോടെ മറ്റു രാജ്യങ്ങളിൽനിന്ന് മാലിന്യം ഇറക്കുമതി ചെയ്ത് ഉപയോഗിക്കുകയാണവർ. അത്യാധുനികമായ മാലിന്യ പ്ലാന്റുകളുള്ള സ്വീഡനിൽ, ചപ്പുചവറുകൾ കിട്ടാതായാൽ ഈ യന്ത്രസാമഗ്രികളെല്ലാം തുരുമ്പെടുത്തുപോകുമല്ലോ എന്ന ആശങ്കയാണ് ഇറക്കുമതിക്ക് പ്രേരിപ്പിക്കുന്നത്.

മാലിന്യത്തിൽനിന്ന് വൈദ്യുതിയടക്കം ഉത്പാദിപ്പിച്ച് മാലിന്യ സംസ്‌കരണത്തിന് പുതിയ ദിശാബോധം നൽകിയ രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. പൗരബോധമുള്ള ജനങ്ങൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയുമില്ല. കഴിഞ്ഞവർഷം ഒരു ശതമാനം ഗാർഹിക മാലിന്യങ്ങൾ മാത്രമാണ് സ്വീഡനിൽ നിലത്തുനിന്ന് ശേഖരിക്കപ്പെട്ടത്. ഇത്രയേറെ സൂക്ഷ്മതയോടെ ഈ വിഷയത്തെ നേരിട്ട സർക്കാരും ജനങ്ങളുമാണ് സ്വീഡന്റെ വിജയത്തിന്റെ രഹസ്യവും.

മാലിന്യം ശരിയാംവിധം സംസ്‌കരിക്കപ്പെട്ടില്ലെങ്കിൽ അത് പ്രകൃതിക്കുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് സ്വീഡിഷ് ജനത ബോധവാന്മാരാണെന്ന് സ്വീഡിറ് വേസ്റ്റ് മാനേജ്‌മെന്റ്‌സിന്റെ ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻ അന്ന-കാരിൻ ഗ്രിപ്‌വാൾ പറയുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത ധാരണയും ജാഗ്രതയുമല്ല അത്. വർഷങ്ങളോളം അവരെ ഉപദേശിച്ചും കാര്യങ്ങൾ ബോധവൽക്കരിച്ചുമാണ് ഗുണപരമായ ഈ മാറ്റത്തിലേക്ക് സ്വീഡിഷ് ജനതയെ എത്തിച്ചത്. അലക്ഷ്യമായി വലിച്ചെറിയപ്പെട്ട ഒരു മാലിന്യം പോലും സ്വീഡനിൽ കാണാനാകില്ലെന്നും അവർ പറയുന്നു.

സ്വീഡനിലെ അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേറെയും സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇവിടെ മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന ഊർജം, ദേശീയ ഹീറ്റിങ് നെറ്റ്‌വർക്കിൽ സംഭരിക്കപ്പെടും. അതിശൈത്യത്തിന്റെ നാളുകളിൽ വീടുകളെ ചൂടുപിടിപ്പിക്കുന്നതിനായി ഈ ഊർജം വിനിയോഗിക്കുകയും ചെയ്യും. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വെറുതെ കിടക്കാതിരിക്കുന്നതിനും, ഊർജ സംഭരണത്തിനും വേണ്ടിയാണ് മറ്റു രജ്യങ്ങളിൽനിന്ന് ചപ്പുചവറുകൾ ഇറക്കുമതി ചെയ്യാൻ സ്ീഡൻ തീരുമാനിച്ചത്.