തിരുവനന്തപുരം: മലയാള സിനിമയിൽ ഒരു മെഗാതാരം എത്രമാസം സിനിമയിൽ അഭിനയിക്കാതെ വിട്ടുനിന്നാലും ആരാധകർക്കും മറ്റുള്ളവർക്കു യാതൊരു പ്രശ്‌നമുണ്ടാകാറില്ല. അവരോട് എന്താ സിനിമ അഭിനയം നിർത്തിയോ എന്ന ചോദ്യവും ഉണ്ടാകാറാല്ല. എന്നാൽ, ഈ സ്ഥാനത്ത് ഒരു നായിക നടിയാണെങ്കിൽ ചിത്രം വ്യത്യസ്തമാണ്. സിനിമയിൽ അവസരമില്ല, അഭിനയം നിർത്തി, ഇങ്ങനെ നൂറ് കൂട്ടം ചോദ്യങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരിക. കുടുംബകാര്യം നോക്കാൻ വേണ്ടി അൽപ്പകാലം സിനിമയിൽ നിന്നും വിട്ടുനിന്നതോടെ നടി ശ്വേതാ മേനോനും ഇപ്പോൾ നേരിടുന്നതും ഇത്തരം ചോദ്യങ്ങളുടെ പെരുമഴയാണ്. ശ്വേത സിനിമ നിർത്തിയെന്ന് തന്നെ ഗോസിപ്പുകാർ അടിച്ചുവിട്ടു. എന്നാൽ, ഇത്തരം ആരോപണങ്ങളൊന്നും ശ്വേതയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടിലേറെയായി ശ്വേതാ മേനോൻ സിനിമയിൽ എത്തിയിട്ട്. അതുകൊണ്ട് ഇത്തരം ഗോസിപ്പുകളെ എങ്ങനെ നേരിടണമെന്നും ശ്വേതയ്ക്ക് അറിയാം.

സിനിമ ഉപേക്ഷിച്ചോ എന്ന് ചോദിക്കുന്നവരോട് ശ്വേതാ മേനോന് പറയാനുള്ളത് ഇല്ലെന്നാണ്.''ഞാൻ സിനിമ ഉപേക്ഷിച്ചിട്ടില്ല. സിനിമാലോകം എന്നെ ഉപേക്ഷിച്ചിട്ടുമില്ല. മനഃപൂർവ്വം സിനിമകൾ കുറച്ചു എന്നു മാത്രം. കുടുംബത്തെ കൂടുതൽ ശ്രദ്ധിക്കാനാണ് സിനിമ കുറച്ചതെന്നും സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ശ്വേതാ മേനോൻ പറഞ്ഞു. തന്റെ അച്ഛൻ നാരായണൻകുട്ടിക്ക് തീരെ സുഖമില്ല. അമ്മ ശാരദാമേനോനെ കൊണ്ടു മാത്രം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ കഴിയില്ല. അച്ഛനെ രണ്ടു ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകണം. കൃത്യസമയത്തു മരുന്നും ഭക്ഷണവും നൽകണം. ഒരു മകൾ എന്ന നിലയിൽ എന്റെ കടമകളാണ് ഇതൊക്കെ. അതുകൊണ്ടു തന്നെ വാരിവലിച്ച് സിനിമകൾ ചെയ്യേണ്ട എന്നാണ് തീരുമാനം.'- ശ്വേത പറയുന്നു.

ജീവിതത്തിലെ റോൾമോഡൽ അച്ഛനാണെന്നും ശ്വേത പറയുന്നു. ഇന്നു കാണുന്ന ശ്വേതാമേനോനെ ഇങ്ങനെയൊക്കെ ആക്കിയത് അച്ഛൻ മാത്രമാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകളായിരുന്നു താനെന്നും അതുകൊണ്ട് കടമകൾ മറക്കൻ സാധിക്കിലെന്നും ശ്വേത പറയുന്നു. ആ ഒറ്റമോൾ എന്ന കാരണത്താൽ അച്ഛൻ എന്നെ വഷളാക്കി വളർത്തിയിട്ടില്ലെന്നും ശ്വേത പറയുന്നു. എയർഫോഴ്‌സിൽ ജോലിയുണ്ടായിരുന്ന അച്ഛൻ എല്ലാ പട്ടാളച്ചിട്ടയോടും കൂടി തന്നെയാണ് എന്നെ വളർത്തിയത്.

ആൾക്കാരോടുള്ള പെരുമാറ്റം, സംസാരം, വസ്ത്രധാരണം അതൊക്കെ ഏത് രീതിയിൽ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് അച്ഛൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ തന്നിരുന്നു. പതിനഞ്ചുവയസ്സു മുതൽ അച്ഛൻ എനിക്കു നല്ല സുഹൃത്തായിരുന്നു. എന്തും ഏതും തുറന്നുപറയാവുന്ന സുഹൃത്ത്. അന്നു മുതൽ എല്ലാ കാര്യത്തിലും എനിക്ക് എന്റേതായ സ്വാതന്ത്ര്യം നൽകിയിരുന്നു. കുത്തിയിരുന്ന് പഠിക്കാൻ പറഞ്ഞ് ഒരിക്കലും പിറകിൽ നടന്ന് ശല്യം ചെയ്യാറില്ല- ശ്വേത അഭിമുഖത്തിൽ പറഞ്ഞു.

സിനിമാ രംഗത്ത് അഭിനയത്തിനും പിന്തുണയായുമായി അച്ഛനുണ്ടായിരുന്നുവെന്ന് ശ്വേത പറയുന്നു. കാമസൂത്രയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് ഏറെ വിമർശനം കേൾക്കേണ്ടി വന്നപ്പോഴും എല്ലാ പിൻതുണയുമായി അച്ഛൻ കൂടെ നിന്നു. അന്നു അച്ഛൻ പറഞ്ഞത് ഇങ്ങനെയാണ്.'ജോലി ചെയ്യുമ്പോൾ ആത്മവിശ്വാസത്തോടെ ആത്മാർത്ഥമായി ജോലി ചെയ്യുക. അവിടെ എന്താണോ വേണ്ടത് അത് നൽകുക. അവിടെ നമ്മൾ കഥാപാത്രം മാത്രമാകുക. തിരിച്ച് വീട്ടിലെത്തുമ്പോൾ കഥാപാത്രത്തെ ഉപേക്ഷിച്ച് ശ്വേതാമേനോനാകുക.'- ഇതായിരുന്നു അച്ഛൻ തനിക്കു നൽകിയ ഉപദേശമെന്നും ശ്വേത വ്യക്തമാക്കി.

ഭർത്താവിനെ കുറിച്ചും ശ്വേതയ്ക്ക് നല്ലകാര്യങ്ങളാണ് പറയാനുള്ളത്. എന്നാൽ, വഴക്കുമുണ്ടാക്കാത്ത ഉത്തമ ഭാര്യാഭർത്താക്കന്മാരല്ല തങ്ങളെന്നും അവർ പറയുന്നു. ചില സമയത്തെ ഞങ്ങളുടെ വഴക്കു കണ്ടാൽ എല്ലാവരും പേടിച്ചുപോകും. ഇപ്പോ അടിച്ചുപിരിഞ്ഞ് ഡൈവേഴ്‌സിനായി വക്കീലിനെ കാണാൻ പോകും എന്ന് തോന്നും. അത്രയ്ക്ക് മുട്ടൻ വഴക്കായിരിക്കും. അതും വളരെ നിസാരപ്രശ്‌നങ്ങളുടെ പേരിൽ. എന്നാൽ കുറച്ചുകഴിയുമ്പോൾ കണ്ടുനിന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഞങ്ങൾ അടയും ചക്കരയുമാകും. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം.- ശ്വേത പറയുന്നു.

മകൾ സബൈനയുടെ കുസൃതികൾ താൻ ഏറെ ആശ്വദിക്കാറുണ്ടെന്നും ശ്വേത പറയുന്നു. അവൾക്കു മൂന്നു വയസാകാൻ മൂന്നുമാസം കൂടിയേയുള്ളൂ. ഇപ്പോൾ തന്നെ കലപിലാ സംസാരം തുടങ്ങിയാൽ പിന്നെ നിർത്തില്ല. സംസാരത്തിൽപോലും എന്റെ അതേ ഗുണം.
അവൾ ശരിക്കും എനിക്കൊരു പാവക്കുട്ടിയാണ്. ചില സമയങ്ങളിൽ ഞാൻ അവളുമായി കളിച്ചിരിക്കുമ്പോൾ ഞാനവളെ കടിക്കും. അന്നേരം അവൾ പറയും ഈ അമ്മയെക്കൊണ്ട് വല്ല്യ ശല്യമാണെന്നൊക്കെ. പിന്നെ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ പങ്കാളിയായി കൂടെ കൂടും.
ഞാൻ അച്ഛനു മരുന്നുകൊടുക്കുകയാണെങ്കിൽ അവൾ വന്നിട്ട് പറയും ഞാൻ മുത്തച്ഛന് മരുന്നുകൊടുക്കാം എന്ന്. ഞാൻ തലേദിവസം എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അവൾ നോക്കിവച്ചിട്ടുണ്ടാകും-താരം പറയുന്നു.

സിനിമയിൽ നിന്നും താൽക്കാലിക അവധിയിലാണെങ്കിലും കുടുംബത്തെ ശരിക്കും ആസ്വദിക്കുകയാണ് ശ്വേത. തിരിച്ചുവരില്ലെന്ന് പറയുന്നവർക്ക് ഉചിതമായ മറുപടി നല്കി ശക്തമായ വേഷത്തിൽ സിനിമയിലേക്ക് എത്തുമെന്നും ശ്വേത പറയുന്നു.