പത്തനംതിട്ട: കോടികൾ ചെലവിട്ട് ശബരിമല സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടും കഴിഞ്ഞ മകരവിളക്ക് കാലത്ത് പമ്പാനദിയിൽ മലിനീകരണം ഏറിയതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. ശബരിമല തീർത്ഥാടന കാലത്ത് നദിയിൽ മലിനീകരണം വർധിക്കാനുള്ള കാരണം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അഭാവമാണെന്നായിരുന്നു അടുത്തകാലംവരെയുള്ള അധികൃതരുടെ വിശദീകരണം.

എന്നാൽ പദ്ധതി നടപ്പായിട്ടും മലിനീകരണം നിയന്ത്രിക്കാൻ കഴിയാതെ പോയതിന് കാരണം രൂപകൽപ്പനയിൽ വന്നപാളിച്ചയാണോ നിർമ്മാണത്തിലെ അപാകതയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പമ്പാനദിയിൽ കൊച്ചുപമ്പ, കക്കിയാർ, ത്രിവേണി, ആറാട്ടുകാടവ്, പമ്പാ ഡൗൺസ്ട്രീം, ഞുണങ്ങാർ ഡൗൺസ്ട്രീം എന്നിവിടങ്ങളിലാണ് തീർത്ഥാടന കാലത്ത് മലിനീകരണ നിയന്ത്രണബോർഡ് ജലപരിശോധന നടത്തുന്നത്. ഇതിൽ കക്കിയാറും ഞുണങ്ങാറും പമ്പാ നദിയിൽ എത്തിച്ചേരുന്ന പ്രധാന പോഷകനദികളാണ്. എല്ലാ ദിവസവും ജലപരിശോധന നടക്കുന്നുണ്ടെങ്കിലും മകരവിളക്കുകാലമായ ജനുവരി 14ന് നടത്തിയ പരിശോധനയിലാണ് ഇ-കോളി ബാക്ടീരിയയുടെ അളവ് സർവകാല റെക്കോഡ് മറികടന്നതായി കണ്ടെത്തിയത്. ഞുണങ്ങാറിൽ നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ അളവ് 5,50,000 ആയി ഉയർന്നതമായാണ് കണക്ക്. ഇതിൽ മനുഷ്യ വിസർജ്യം അടങ്ങിയ ഫീക്കൽ കോളിഫോമിന്റെ അളവ് 4,50,000 ആണെന്നുള്ളതാണ് ശ്രദ്ധേയം. അനുവദനീയമായ അളവ് നൂറുമില്ലി ലിറ്റർ വെള്ളത്തിൽ 500 മാത്രമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു.

പമ്പാനദിയുടെ മറ്റ് ഭാഗങ്ങളിലെ ടോട്ടൽ കോളിഫോം ബാക്ടീരിയയുടെഅളവ് ചുവടെ. മനുഷ്യ വിസർജ്യത്തിന്റെ അളവ് ബ്രായ്ക്കറ്റിൽ. കൊച്ചുപമ്പ-11,000 (8000), കക്കിയാർ-13,500 (9,000), ത്രിവേണി- 16,000 (12,500), ആറാട്ടുകടവ്-41,000 (35,000), പമ്പാ ഡൗൺസ്ട്രീം- 53,000 (42,000).

പമ്പയിൽ താവളമടിച്ചിട്ടുള്ള അയ്യപ്പഭക്തരുടെയും നീലിമല കയറുന്ന ഭക്തരുടെയും പ്രധാന കുടിവെള്ള സ്രോതസായ കൊച്ചുപമ്പയിലെ വാട്ടർ അഥോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷന് സമീപത്തു നിന്നും ശേഖരിച്ച വെള്ളത്തിൽ നൂറുമില്ലിലിറ്റർ ജലത്തിൽ മനുഷ്യ വിസർജ്യത്തിന്റെ അളവ് എണ്ണായിരമാണെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്.മാലിന്യത്തിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ വെള്ളത്തിലൂടെ മനുഷ്യ ശരീരത്തിലേക്ക് പ്രവഹിക്കാൻ ഇത് കാരണമാകും.  മലിനീകരണ നിയന്ത്രണബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് നൂറു മില്ലിലിറ്റർ ജലത്തിൽ ലയിച്ചിരിക്കേണ്ട അനുവദനീയമായ ബയോളജിക്കൽ ഓക്‌സിജന്റെ അളവ് 30 മില്ലിഗ്രാം മാത്രമാണ്. എന്നാൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്ന ജലത്തിൽ ഇതിന്റെ അളവ് 1245.9 ആയി ഉയർന്നതായി കണ്ടെത്തി. എന്നൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തിച്ചേരുന്ന മാലിന്യത്തിൽ ബയോളജിക്കൽ ഓക്‌സിജന്റെ അളവ് കേവലം 270.9 മില്ലിഗ്രാം മാത്രമാണെന്നുള്ളതാണ് വിചിത്രം. ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ശുദ്ധീകരണം കഴിയുമ്പോൾ എങ്ങനെ ബയോളജിക്കൽ ഓക്‌സിജന്റെ അളവ് അഞ്ചുമടങ്ങിൽ അധികമായി വർദ്ധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. ഉദ്ദേശം 22 കോടി മുതൽ മുടക്കി സന്നിധാനത്ത് നിർമ്മിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂർണമായും പരാജയപ്പെട്ടന്നുള്ളതിന് തെളിവാണിത്. തിരക്കിട്ട് നിർമ്മിച്ചു കൊണ്ടിരുന്ന  പ്ലാന്റ് കഴിഞ്ഞ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ചയ്ക്കകം നിർമ്മാണം പൂർത്തിയാകുമെന്നാണ് ഉദ്ഘാടന വേളയിൽ അധികൃതർ അറിയിച്ചത്. തീർത്ഥാടനം പാതി പിന്നിട്ടപ്പോഴാണ് യഥാർഥത്തിൽ പണി പൂർത്തിയായത്.

നിർമ്മാണത്തിലെ പിഴവാണ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പരാജയകാരണമെന്നാണ് വിലയിരുത്തൽ. മാസപൂജാ വേളയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വർധിച്ചുവരുന്ന മലിനീകരണം തടയാൻ സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.