കൗമാരപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും സ്‌കൂളിലെ നീന്തൽ പരിശീലനത്തിൽ ഒരുമിച്ച് പങ്കെടുക്കണമെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നീന്തുന്നതിനെതിരെ സ്വിറ്റ്‌സർലൻഡിലെ തുർക്കി വംശജരായ രണ്ടുപേർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. മതപരമായ സ്വാതന്ത്ര്യവും സ്‌കൂൾ കരിക്കുലവും കൂട്ടിക്കലർത്തരുതെന്നും കോടതി ഉത്തരവിട്ടു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നീന്തൽ പരിശീലിക്കുന്നത് കരിക്കുലത്തിന്റെ ഭാഗമാണെന്നും ഒരുമിച്ചുള്ള നീന്തൽ പരിശീലനം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാനസികമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും സ്വിറ്റ്‌സർലൻഡ് കോടതിയിൽ വാദിച്ചു. ഇതംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. തങ്ങളുടെ പെൺമക്കൾ ആൺകുട്ടികൾക്കൊപ്പം നീന്തൽ പരിശീലിക്കണമെന്ന സ്‌കൂളധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് രണ്ടുപേർ കോടതിയെ സമീപിച്ചത്.

പെൺകുട്ടികളെ നീന്തൽ പരിശീലനത്തിൽ വേർതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. വിദേശ വംശജരായ കുട്ടികളെ അകറ്റിനിർത്തുന്നതിനുസമാനമാകും അത്. സാമൂഹികമായ ഒത്തുചേരലിന് സ്‌കൂളുകളിൽനിന്നുള്ള മാനസിക വികാസം അടിയന്തിരമാണെന്നും കോടതി പറഞ്ഞു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പരിശീലിപ്പിക്കുമ്പോൾ, ചെയ്യാവുന്ന വേർതിരിവുകളും കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കുമാത്രമായി വസ്ത്രം മാറാനുള്ള മുറി, സ്വിംസ്യൂട്ടിന് പകരം ബുർക്കിനികൾ ധരിക്കാനുള്ള അനുമതി തുടങ്ങിയവയാകാം.

2010 മുതൽക്കുള്ള നിയമനടപടികളാണ് ഇതോടെ അവസാനിച്ചത്. പെൺകുട്ടികളെ നീന്തലിന് വിടാതിരുന്നതിന് രണ്ട് രക്ഷിതാക്കൾക്കെതിരെ പിഴ ചുമത്തിയതോടെയാണ് അവർ കോടതിയെ സമീപിച്ചത്. പിഴയീടാക്കിയത് മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് അവർ കോടതിയെ സമീപിക്കുകയായിരുന്നു. മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് അവർ വാദിച്ചത്. എന്നാൽ, സ്വിസ് പരമോന്നത കോടതി 2012-ൽ ഇത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്ന് വിധിച്ചു. ഇതിനെതിരെയാണ് രക്ഷിതാക്കൾ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.