തിരുവനന്തപുരം: കോൺഗ്രസിന് പുതിയദിശാ ബോധം നൽകുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പരിപാടികൾ ഊർജ്ജിതമാക്കുന്നതിനും വേണ്ടിയാണ് പാർട്ടി അധ്യക്ഷൻ എഐസിസി പ്ലീനറി സമ്മേളനം വിളിച്ചത്. അതിഗംഭീരമായി തന്നെ പരിപാടി സമാപിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാക്കൾക്ക് പാർട്ടിയുടെ മുൻനിരയിലേക്ക് എത്തണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. പ്രവർത്തകരും നേതാക്കളും തമ്മിലുള്ള വേർതിരിവ് അരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കമുള്ള പ്രമുഖർ എഐസിസി സമ്മേളനത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ സമ്മേളനത്തിന്റെ പേരു പറഞ്ഞ് ഡൽഹിയിൽ എത്തിയ മുൻ മന്ത്രി കൂടിയായ നേതാവ് പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിച്ചതും നീന്തൽകുളത്തിൽ വീണ് കൈയൊടിഞ്ഞതുമാണ് കോൺഗ്രസ് ഗ്രൂപ്പു കളിക്കിടെ ചർച്ചാ വിഷയമാകുന്നത്. പ്രമുഖനായ ഐ ഗ്രൂപ്പ് നേതാവ് എഐസിസി പ്രീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുറിയെടുത്ത താമസിച്ചത് ഇവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു.

സമ്മേളനത്തിന്റെ ആദ്യ ദിവസം സമ്മേളന വേദിയിലുണ്ടായിരുന്ന നേതാവ് രണ്ടാം ദിവസം സ്ഥലത്തെത്തിയില്ല. ഇതിന് കാരണം അന്വേഷിച്ചപ്പോഴാണ് ഇപ്പോൾ എംഎഎൽഎയായ നേതാവ് ഹോട്ടലിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ നീന്തൽകുളത്തിൽ വീണു കയ്യൊടിഞ്ഞു എന്ന് ബോധ്യമായത്. സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ നേതാവിന്റെ പക്ഷനക്ഷത്ര വാസം എതിർഗ്രൂപ്പുകാർ വിവാദമാക്കി. മറ്റ് നേതാക്കളിൽ പലരും കേരളാ ഹൗസിലും മറ്റുമായാണ് കഴിച്ചു കൂട്ടിയത്.

ഐ ഗ്രൂപ്പിലെ എംഎൽഎയായ നേതാവിന്റെ ആഡംബരവാസം എ ഗ്രൂപ്പുകാർ ചർച്ചയാക്കുന്നുണ്ട്. അതേസമയം മുറിവേറ്റ കൈയുമായി ഡൽഹിയിൽ നിന്നും കേരളത്തിലെത്തി അടങ്ങിയൊതുങ്ങി കഴിയുകയാണ് നേതാവിപ്പോൾ. പക്ഷനക്ഷത്രവാസം കോൺഗ്രസ് രാഷ്ട്രീയക്കാർക്ക് അനുവദിക്കാത്ത കാര്യം അല്ലാത്തതിനാൽ എന്തിനാണ് വിവാദം എന്നാണ് നേതാവിനോട് അടുപ്പമുള്ളവർ ചോദിക്കുന്നത്.

അതേസമയം എഐസിസി സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ശശി തരൂർ അടക്കമുള്ള നേതാക്കൾ ശ്രദ്ധാ കേന്ദ്രമായിരുന്നു. കേരളത്തിൽ നിന്നും വർക്കിങ് കമ്മിറ്റിയിലേക്ക് ആരെത്തും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. വർക്കിങ് കമ്മിറ്റിയിലേക്ക് ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നുണ്ട്. യുവാവെന്ന പരിഗണന നൽകി കെ സി വേണുഗോപാലിന് സ്ഥാനം നൽകിയാൽ അത് കോൺഗ്രസിലെ ഐ ഗ്രൂപ്പിൽ പുതിയ ധ്രുവീകരണത്തിനും ഇടയാക്കുമെന്നത് ഉറപ്പാണ്. അണികൾക്കൊപ്പം ഇറങ്ങി പ്രവർത്തിക്കുകയെന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന പതിവ് ഇനി ഉണ്ടാകില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധി സമ്മേളനത്തിൽ പറഞ്ഞത്.