- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയത്തിന്റെ പേരിൽ പിരിച്ചത് 140 കോടി; ഒരു പങ്ക് കോൺസുലേറ്റിലെ ചാരിറ്റി അക്കൗണ്ടിലൂടെ എത്തിച്ചു; ഖുറാൻ കടത്തും വിദേശ ഫണ്ട് എത്തിക്കാൻ; കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടിയത് 40 കോടി; പിന്നാലെ സംഘടനയുടെ സ്കൂളിന്റെ ഐടി കൺസൾട്ടൻസി അഞ്ചുകോടി രൂപയ്ക്ക് ബംഗളൂരുവിലെ സ്ഥാപനത്തിന് ലഭിച്ചത് ദുരൂഹം; കൂടുതൽ രാഷ്ട്രീയ ഉന്നതർ സ്വപ്ന കടത്തിൽ കുടുങ്ങുമോ? ബിനീഷിനും ജയരാജ പുത്രനും പിന്നാലെ മറ്റൊരു രാഷ്ട്രീയ ബന്ധു കൂടി വിവാദത്തിലേക്ക്; കേരള രാഷ്ട്രീയം ഇനിയും കലുഷിതമാകും
തിരുവനന്തപുരം: പ്രളയത്തിന്റെ പേരിൽ യു.എ.ഇയിൽ നിന്ന് 140 കോടി സമാഹരിച്ചെന്നും അത് മതഗ്രന്ഥങ്ങളുടെ മറവിൽ കേരളത്തിലെത്തിച്ചെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കണ്ടെത്തിയതായി റിപ്പോർട്ട്. ഇതേക്കുറിച്ച് ഇ.ഡിയും എൻ.ഐ.എയും വിശദമായ അന്വേഷണം നടത്തുകയാണ്. മതഗ്രന്ഥങ്ങളുടെ മറവിൽ വിദേശ കറൻസി കടത്തിയെന്ന ആരോപണം ഉയരുകയും മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ ഫണ്ട് തട്ടിപ്പ് പുതിയ തലത്തിലെത്തുകയാണ്.
2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് കോൺസുലേറ്റിന്റെ പേരിലായിരുന്നു പണപ്പിരിവ്. മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചപ്പോൾ 700 കോടിയുടെ സഹായ വാഗ്ദാനം ലഭിച്ചെങ്കിലും കേന്ദ്രസർക്കാർ തടഞ്ഞതിനാൽ സ്വീകരിക്കാനായില്ല. ഇതിനുപിന്നാലെയാണ് ധനസമാഹരണം നടന്നത്. തുക പ്രളയ പുനർനിർമ്മാണത്തിനെന്ന പേരിൽ സന്നദ്ധ സംഘടനകൾക്ക് കൈമാറിയെന്നാണ് പറയുന്നത്. യു.എ.ഇ സർക്കാരിന്റെ അനുമതി ഇല്ലാതെയായിരുന്നു ഇടപാടുകൾ.
ഇങ്ങനെ ഗൾഫിൽ നിന്ന് പിരിച്ചെടുത്ത തുകയുടെ ഒരു പങ്ക് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി (ജീവകാരുണ്യ) അക്കൗണ്ടിലൂടെ എത്തിച്ചു. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കുള്ള 20 കോടിയും ഇതിൽപ്പെടും. ശേഷിച്ച തുകയിൽ നല്ലൊരു പങ്ക് മതഗ്രന്ഥങ്ങളുടെ മറവിലും കടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എന്ന് കേരള കൗമുദിയാണ് റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ മതസംഘടനയ്ക്ക് ഇതിൽ 40 കോടി ലഭിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രി ജലീലുമായി അടുപ്പമുള്ള സംഘടനയാണിത്. വിദേശസഹായം സ്വീകരിക്കാനുള്ള അവരുടെ എഫ്.സി.ആർ.എ അക്കൗണ്ടു വഴിയും പണം എത്തിയതായി സൂചനയുണ്ട്. സംഘടനയുടെ സ്കൂളിന്റെ ഐ.ടി കൺസൾട്ടൻസി അഞ്ചുകോടി രൂപയ്ക്ക് ബംഗളൂരുവിലെ സ്ഥാപനത്തിന് ലഭിച്ചതായി ഇ.ഡി കണ്ടെത്തിയെന്നും വാർത്ത വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ ബന്ധുവിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ആരോപണം. കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കാൻ പോന്നത വിവാദമാണ്. ഇന്നലെ ഇക്കാര്യത്തിൽ ചില സൂചനകളുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനം നടത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും മന്ത്രി ഇപി ജയരാജന്റെ മകനും വിവാദത്തിൽ പെട്ടുകഴിഞ്ഞു. ഇതിൽ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യവും ചെയ്തു. ഇപിയുടെ മകനേയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെയാണ് അതിവ പ്രാധാന്യമുള്ള വാർത്ത കേരള കൗമുദി പുറത്തു വിടുന്നത്. ഇതിലെ ഐടി സ്ഥാപനത്തിലേക്ക് അന്വേഷണം നീളുമോ എന്നതാണ് ഏറെ പ്രാധാന്യം അർഹിക്കുന്നത്. ജലീലിന് ബന്ധമുള്ള മതസംഘടനയുടെ നിലപാടും അതിനിർണ്ണയാകമാകും.
കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് യു.എ.ഇയുടെ അനുമതിയില്ലാതെ പരിശോധിക്കാൻ കഴിയില്ലെന്ന പഴുതാണ് സ്വപ്നയും സംഘവും മുതലെടുത്തത്. ഈജിപ്തുകാരനും കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറുമായിരുന്ന ഖാലിദും സ്വപ്നയും ചേർന്നായിരുന്നു ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ലൈഫ് പദ്ധതിയുടെ ആദ്യഗഡുവായ 3.2കോടി അതേപടി കമ്മിഷനായി ഖാലിദിന് നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. രണ്ടാംഗഡുവിൽ നിന്ന് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം മാറ്റി.
കോൺസുലേറ്റിലെ സമാന്തര അക്കൗണ്ടും നിർണ്ണായകമാകും
ജീവകാരുണ്യത്തിന്റെ പേരിൽ യുഎഇ കോൺസുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും എത്തിച്ചത് 58 കോടിയോളം രൂപയെന്ന് അന്വേഷണ സംഘത്തിനു വിവരം കിട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഈ അക്കൗണ്ട് വഴിയാണ്. അതിൽ 14.5 കോടിയാണു വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണക്കമ്പനിക്കു കൈമാറിയത്. ഒറ്റ ബാങ്കിൽ യുഎഇ കോൺസുലേറ്റിന്റെ പേരിൽ 6 അക്കൗണ്ടുകളാണുള്ളത്. ഇതിൽ ഒരു അക്കൗണ്ടിലാണ് 58 കോടിയോളം രൂപ എത്തിയത്. ഇതിൽ 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ. ബാക്കി തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യൻ രൂപയാക്കി ചെലവഴിച്ചു. ചില സംഘടനകൾക്കു പണം നൽകി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം. പണം കിട്ടിയ ചില സംഘടനകൾ കേന്ദ്ര നിരീക്ഷണത്തിലാണ്.
കോൺസുലേറ്റിന്റെ പേരിലാകുമ്പോൾ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാൽ വിദേശസഹായ നിയന്ത്രണ നിയമം (എഫ്സിആർഎ) ബാധകമാകില്ല. ഇതു കണ്ടാണു കോൺസുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്. കോൺസുലേറ്റിൽ സ്വപ്നയ്ക്കു നിർണായക സ്വാധീനമുണ്ടായിരുന്ന സമയത്തായിരുന്നു ഇത്. അക്കൗണ്ട് തുടങ്ങാൻ വ്യാജരേഖകൾ ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നത്. കോൺസുലേറ്റിന്റെ പേരിലുള്ള വ്യാജസീലും രേഖകളും സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതിയും കോൺസുലേറ്റ് മുൻ പിആർഒയുമായ പി.എസ്. സരിതിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തിരുന്നു. ഇതുപോലെ മറ്റേതെങ്കിലും അക്കൗണ്ട് ഉണ്ടോയെന്നും എൻഐഎ പരിശോധിക്കുകയാണ്. കോൺസുലേറ്റ് അക്കൗണ്ട് വഴി സംഘടനകൾ നേരിട്ടു പണമിടപാടു നടത്താൻ പാടില്ല.
പ്രളയസഹായം തേടിയുള്ള സന്ദർശനം മറയാക്കി
കേരളത്തിലെ പ്രളയ ശേഷം 2018 ഒക്ടോബറിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു. അന്നു സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും യുഎഇയിൽ ഉണ്ടായിരുന്നു. കോൺസുലേറ്റിലെ സ്വാധീനം മറയാക്കി സ്വപ്ന വിവിധ രാജ്യാന്തര സംഘടനകളിൽ നിന്നു പ്രളയസഹായം തേടിയെന്നാണു സൂചന. ആ തുകയാണ് ഈ അക്കൗണ്ടിലൂടെ എത്തിയത്. 2018 ൽ തന്നെ 12 ലക്ഷം യുഎസ് ഡോളർ (8.80 കോടി രൂപ) ഈ അക്കൗണ്ടിലെത്തി. 2019 ൽ 26 ലക്ഷം ഡോളർ (19.20 കോടി രൂപ). ബാക്കി ഈ വർഷമാണ് എത്തിയത്.
സുരേന്ദ്രന്റെ ആരോപണവും ചർച്ചകളിൽ
മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ്മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഭരണത്തിന്റെ തണലിൽ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവെച്ച് അന്വേഷണം നേരിടാൻ പിണറായി തയ്യാറാവണമെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചത് ഇതിന് വേണ്ടിയാണ്. അതിന്റെ അന്വേഷണം എവിടെയുമെത്തിയില്ല. സി.സി.ടി.വി ദ്യശ്യങ്ങൾ വിട്ടുകൊടുക്കാതെ ദേശീയ ഏജൻസികൾക്ക് തടസം നിൽക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മക്കളെ ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താൻ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്.
ലൈഫ്മിഷനിലെ കമ്മീഷന്റെ തൊണ്ടിമുതൽ മാറ്റാനാണ് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കിൽ ക്വോറന്റയിൻ ലംഘിച്ച് എത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജയരാജന്റെ മകൻ ലൈഫ് പദ്ധതിയുടെ കമ്മീഷൻ തട്ടിയെന്ന ആരോപണം ഉയർന്നപ്പോൾ ഭാര്യ ക്വോറന്റയിൻ പാലിക്കാതെ ബാങ്കിലെത്തിയത് ദേശീയ ഏജൻസികളും കേരള പൊലീസും അന്വേഷിക്കണം. സ്വർണ്ണമാണോ പണമാണോ അതോ ഡോക്യുമെന്റ്സാണോ ഭാര്യ ലോക്കറിൽ നിന്നും മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം. സ്വപ്ന നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോൾ നഴ്സിന്റെ ഫോണിൽ ചില ഉന്നതരോട് കേസിനെ പറ്റി സംസാരിച്ചത് ഗൗരവതരമാണ്.
ഇടയ്ക്കിടക്ക് സ്വപ്നക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ എല്ലാവരുടേയും ഫോൺ പരിശോധിക്കണം. കെ.ടി ജലീൽ കുടുങ്ങുമ്പോൾ ചില മതസംഘടനകൾക്ക് ഹാലിളകുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മതസംഘടനകൾക്ക് വിദേശത്തു നിന്നും പണം എത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ