- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌നാ സുരേഷിന്റെ കള്ളക്കളികളിലെ സത്യം കണ്ടെത്താൻ യുഎഇ അന്വേഷണ സംഘവും തിരുവനന്തപുരത്ത് എത്തുന്നു; ഈ ആഴ്ചയിൽ കോൺസുലേറ്റിൽ പരിശോധനയ്ക്ക് സംഘമെത്തുമെന്ന് സൂചന; സ്വർണ്ണ കടത്തിലെ ലഹരിമാഫിയാ പങ്കു കണ്ടെത്താൻ ദേശീയ സുരക്ഷാ ഏജൻസി; സ്വപ്നയേയും സരിത്തിനേയും ചോദ്യം ചെയ്യാൻ യുഎഇ അന്വേഷകർക്ക് സാഹചര്യമൊരുക്കുമെന്നും സൂചന; സ്വർണ്ണ കടത്ത് കേസ് മൂന്നാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിലെ അന്വേഷണം ഇനി മൂന്നാം ഘട്ടത്തിലേക്ക്. ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി വിശദപരിശോധന നടത്തും. ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കാനുള്ള ആലോചന ഇപ്പോഴും സജീവമാണ്. കേസുമായി സഹകരിക്കമെന്ന് എൻഐഎയെ ശിവശങ്കർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ ആലോചന. യുഎഇയുടെ അന്വേഷണ സംഘം ഈ ആഴ്ച കോൺസുലേറ്റിൽ പരിശോധനയ്ക്കായി വരുന്നുണ്ട്. ഇതും സ്വർണ്ണ കടത്ത് കേസിൽ നിർണ്ണായകമാണ്. സ്വപ്‌നാ സുരേഷിനേയും സരിത്തിനേയും ചോദ്യം ചെയ്യാൻ ഇവരെ എൻഐഎ അനുവദിക്കും.
മൂന്നു ദിവസം കൊണ്ട് തലസ്ഥാനത്ത് എൻഐഎ സംഘം ചോദ്യം ചെയ്തത് അറുപതിലധികം പേരെയാണ്. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തി, നേരത്തേ സെക്രട്ടേറിയറ്റിലെ ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നു ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്തു നൽകും. ഇതിന് മുന്നോടിയായി ശിവശങ്കറിന്റെ അടക്കം മൊഴി ഇനിയും വിശദമായ വിലയിരുത്തലിന് വിധേയമാക്കും. യുഎഇ അന്വേഷണ സംഘത്തിനും വിവരങ്ങൾ കൈമാറും. റെഡ്ക്രസന്റ് ലൈഫ് മിഷൻ അഴിമതിയടക്കം ഈ ഘട്ടത്തിൽ പരിശോധനയ്ക്ക് വരും.
ഇതിനു മുന്നോടിയായാണു പരിശോധന നടത്തിയത്. പ്രതികളുടെ മൊഴിയിലെ ചില നിർണായക വിവരങ്ങൾ കൂട്ടിയിണക്കുന്നതിന് ആവശ്യമായ തെളിവുകൾക്കു വേണ്ടിയാണു ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. യുഎഇ കോൺസുലേറ്റിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരെയും എൻഐഎ സംഘം ചോദ്യം ചെയ്തു. സ്വപ്ന സുരേഷും പി.എസ്.സരിത്തും ഇവിടെ പ്രവർത്തിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ മനസ്സിലാക്കി. ഇരുവരും നീഗൂഡമായാണ് പ്രവർത്തിച്ചതെന്ന മൊഴി എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ട്. കോൺസുലേറ്റിലേക്കു വന്ന പ്രമുഖർ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവെന്നാണു സൂചന.
സ്വർണക്കടത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ച കെ.ടി.റമീസ് താമസിച്ച ഹോട്ടലുകളിൽ ആ സമയത്തു ജോലിക്കുണ്ടായിരുന്ന ജീവനക്കാരെയും മൊഴിയെടുക്കാനായി എൻഐഎ വിളിപ്പിച്ചിരുന്നു. ഹോട്ടലുകളിൽ നിന്ന് ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന്റെ േപര് ലഹരിമരുന്നു കേസിലും ഉയർന്നതോടെയാണ് അന്വേഷണം. വിരുന്നുകളിൽ റമീസിന് ഒപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്.
സ്വപ്നയുടെ സംഘവുമായി അടുപ്പമുണ്ടായിരുന്ന ചിലരെ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എൻഐഎ ഡിവൈഎസ്‌പി: സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയ എൻഐഎ സംഘം ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങൾ പ്രത്യേകം പരിശോധിച്ചു. എൻഐഎയുടെ ഐടി വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണു സൂചന. ഇതുവരെയുണ്ടായ നടപടികളുടെ റിപ്പോർട്ട് അന്വേഷണസംഘം ഡൽഹിയിൽ ഇഡി ആസ്ഥാനത്തു സമർപ്പിച്ചു. തുടർനീക്കങ്ങൾക്കു ഡൽഹിയിൽ നിന്നുള്ള അനുമതിക്കായി കാക്കുകയാണ് അന്വേഷണസംഘം.
ഇതിനിടെ, യുഎഇ കോൺസുലേറ്റിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ യുഎഇയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തും. കോൺസുലേറ്റിന്റെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ, നിയമനങ്ങൾ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.
മറുനാടന് മലയാളി ബ്യൂറോ