കൊച്ചി : സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പല പ്രവൃത്തികളും മൊഴികളും അന്വേഷണം വഴിതെറ്റിക്കാൻ ലക്ഷ്യമിട്ടുള്ളതാണോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. ചോദ്യത്തിനു നേരിട്ടു മറുപടി നൽകാതെ മറ്റു പലതും പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വിവിധ എജൻസികളുടെ ഒരേ ചോദ്യത്തിനു പലവിധമാണ് ഉത്തരം. സ്വർണക്കടത്തിനെപ്പറ്റി ചോദിക്കുമ്പോൾ മറ്റു പലതും പറയുന്നുവെന്നും മംഗളമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാരുൾപ്പെടെ രാഷ്ട്രീയക്കാർ, ബിസിനസുകാർ തുടങ്ങിയവരെപ്പറ്റി സ്വപ്ന പറയുന്നുണ്ട്. തെളിവു നൽകാത്തതിനാൽ പലതും വിശ്വസിക്കാൻ പ്രയാസമാണ്. അന്വേഷണം തങ്ങളിലൊതുങ്ങുന്നത് ഒഴിവാക്കി അന്വേഷകരെ വട്ടംചുറ്റിക്കാനുള്ള തന്ത്രമാണെന്നും സംശയമുണ്ട്. സ്വപ്ന തനിക്കു പരിചയമുള്ളവരുടെയെല്ലാം പേരു പറയുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ജയിലിൽനിന്ന് ഇറങ്ങാമെന്നാകും പ്രതീക്ഷ. ചോദ്യത്തിൽ നിന്നു മാറി സ്വപ്ന കാടുകയറിയാലും ഉത്തരംകിട്ടുന്നതുവരെ ചോദ്യം ആവർത്തിക്കുകയാണെന്നും അന്വേഷണ സംഘം പറയുന്നുവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

ഈ വാർത്ത ശരിയാണെങ്കിൽ സ്വപ്‌ന കൊടുത്ത മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഭരണ ഘടനാ പദവിയിലെ ഉന്നതൻ അടക്കമുള്ളവർക്കെതിരെ തെളിവു ശേഖരണത്തിനും കഴിഞ്ഞിട്ടില്ല. പ്രവാസി വ്യവസായി അടക്കമുള്ളവരുടെ പേര് സ്വപ്‌ന പറയുന്നത് രക്ഷപ്പെടാനാണോ എന്ന സംശയവും ഇഡി അടക്കമുള്ളവർക്കുണ്ട്. തന്നെ ഫോണിൽ ബന്ധപ്പെട്ടവരുടെ എല്ലാം പേര് സ്വപ്‌ന പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് അന്വേഷണം. സ്വപ്നയെ മാപ്പു സാക്ഷിയാക്കുന്നതിലും തീരുമാനം ഒന്നും ആയിട്ടില്ല. മൊഴി വിശ്വസിക്കാതെ മാപ്പു സാക്ഷിയാക്കില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ നിലപാട്.

കസ്റ്റംസ് കേസിൽ അപ്രതീക്ഷിതമായി 164-ാം വകുപ്പുപ്രകാരം മൊഴി നൽകിയതും അതിൽ പല ഉന്നതരുടെയും പേരുകൾ വെളിപ്പെടുത്തിയതും ജയിലിൽ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്ട്രേറ്റിനോടു നേരിട്ടു പറഞ്ഞതും പിന്നീടു ദക്ഷിണമേഖലാ ഡി.ഐ.ജിയോടു മാറ്റിപ്പറഞ്ഞതും സ്വപ്നയുടെ ശബ്ദരേഖ പുറത്തായതുമെല്ലാം ആസൂത്രിതമാണോ എന്നാണു പരിശോധിക്കുന്നത്. മൊഴികൾ കോടതി വിശ്വസിക്കാതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു.

ലോക്കറിൽ കണ്ടെത്തിയ പണം കമ്മീഷനാണെന്നു കസ്റ്റംസിനോടു പറഞ്ഞ സ്വപ്ന, അതു കൈക്കൂലിപ്പണമെന്നാണ് ഇ.ഡിയോടു പറഞ്ഞത്. കോടതിയിൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനാണ് ഇതെന്നാണു വിലയിരുത്തൽ. പ്രമുഖരുടെ പേരുപറയാൻ അന്വേഷണസംഘം നിർബന്ധിച്ചെന്നായിരുന്നു ഒരിക്കൽ പരാതി. പിന്നീടതു നിഷേധിച്ച് എം. ശിവശങ്കറിനു പങ്കുണ്ടെന്നു സമ്മതിച്ചു. അടിക്കടി അഭിഭാഷകനെ മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിക്കടി മൊഴി മാറ്റുന്നതിനാൽ സ്വപ്നയെ വിശ്വാസത്തിലെടുക്കാൻ കഴിയാതെയാണു വക്കാലത്ത് ഒഴിഞ്ഞതെന്ന് അഭിഭാഷകർ പറയുന്നു.

വിയ്യൂർ ജയിലിൽനിന്ന് അട്ടക്കുളങ്ങരയിൽ എത്തിയശേഷം കഴിഞ്ഞ 19-നു ജയിലിൽ തനിക്കു യാതൊരു ഭീഷണിയുമില്ലെന്നു ഡി.ഐ.ജിക്ക് എഴുതിനൽകിയിരുന്നു. എന്നാൽ, തനിക്കു തുടർച്ചയായി ഭീഷണിയുണ്ടെന്നാണ് 25-നു കോടതിയിൽ പറഞ്ഞത്. വിയ്യൂരിൽ സാധാരണ തടവുകാരിയായി പരിഗണിച്ചിരുന്നില്ലെന്നും മറ്റുള്ളവരോട് ഇടപെടാൻ അനുവദിക്കാതെ അകറ്റിനിർത്തിയതു മാനസിക സമ്മർദമുണ്ടാക്കിയെന്നും സ്വപ്ന രേഖാമൂലം പരാതിപ്പെട്ടിരുന്നു.