- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു പൊലീസുകാരികളുടെ സ്വപ്നയ്ക്കൊപ്പമുള്ള സെൽഫി വിവാദത്തിൽ; കള്ളക്കടത്തുകാരിക്കൊപ്പം ചിത്രമെടുത്ത പൊലീസുകാരികൾക്ക് തൃശൂർ കമ്മീഷണറുടെ ശാസന; വകുപ്പ് തല അന്വേഷണം നടത്തി സെൽഫിയിൽ നടപടി എടുക്കും; സ്വപ്നാ സുരേഷിന് ആരും വിളിക്കാൻ ഫോൺ നൽകിയിട്ടില്ലെന്ന് നേഴ്സുമാർ; വിളിച്ചത് വാട്സാപ്പോ ടെലഗ്രാമോ ഉപയോഗിച്ചെന്ന് സൂചന; മെഡിക്കൽ കോളിജിലെ വിവിഐപി സന്ദർശനവും പരിശോധനയിൽ; സ്വപ്നാ സുരേഷിന്റെ ആശുപത്രി വാസം സർവ്വത്ര ദുരൂഹതയിലേക്ക്
തൃശൂർ: പ്രതികൾക്കൊപ്പം നിന്ന് സെൽഫി എടുക്കരുതെന്ന് പൊലീസിന് പലവട്ടം മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം കൊടുത്തിട്ടുണ്ട്. പല സെൽഫികളും വിവാദവുമായി. എന്നാൽ അതിൽ നിന്നൊന്നും പാഠം പഠിക്കാതെ ഇതാ ഒരു പുതിയ സെൽഫി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂർ മെഡിക്കൽ കോളജിൽ വച്ച് പൊലീസിന്റെ സെൽഫി വിവാദമാകുകയാണ്. ആറ് വനിതാ പൊലീസുകാരാണ് സെൽഫിയെടുത്തത്. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകർത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥരുടെ താക്കീത്. വകുപ്പുതല അന്വേഷണം തുടരുന്നു.
വനിതാ പൊലീസുകാരെ സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചു വരുത്തി താക്കീത് ചെയ്തു. ഇതിൽ ഒരാളുടെ ഫോണിൽ നിന്നാണ് സെൽഫി എടുത്തത്. ഇത് വിവിധ പൊലീസ് ഗ്രൂപ്പിൽ എത്തിയതോടെയാണ് പുറംലോകത്ത് എത്തിയത്. ഇത്തരം സെൽഫികൾക്ക് പൊലീസിൽ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ വകുപ്പു തല അന്വേഷണം നടത്തി ഇവർക്കെതിരെ നടപടി എടുക്കുമെന്നാണ് സൂചന.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന ഫോൺ ചെയ്തില്ലെന്ന് നഴ്സുമാർ മൊഴി നൽകി. ഇന്റലിജൻസ് അന്വേഷണത്തിലും ഫോൺ വിളിച്ചതായി സൂചനയില്ല. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് ഇന്ന് ജയിൽവകുപ്പിന് കൈമാറും. ഇതു സംബന്ധിച്ച് പലവിധ സംശയങ്ങൾ സജീവമാണ്. വാട്സാപ്പിലൂടെ ശബ്ദ സന്ദേശമാണ് അയച്ചതെന്നും റിപ്പോർട്ടുണ്ട്. ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു.
ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാൽ, അവരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച സൂചന. ഇത് എൻ ഐ എ പരിശോധിക്കുന്നുണ്ട്. സ്വപ്ന മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം, സ്വപ്ന സെല്ലിനുള്ളിൽ ഫോൺ ചെയ്തെന്ന പേരിൽ അന്വേഷണം ആവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ.ആൻഡ്രൂസ് അറിയിച്ചു.
അതിനിടെ സ്വപ്ന സുരേഷ് ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. വാട്സാപ്പോ ടെലഗ്രാമോ ഉപയോഗിച്ചാകാം സ്വപ്നയുടെ ഫോൺ വിളിയെന്ന സംശയവും സജീവമാണ്. ഇതിനൊപ്പമാണ് വിവിഐപി സന്ദർശനവും പരിശോധിക്കുന്നത്.
ഏതൊക്കെ പ്രമുഖരാണ് ആശുപത്രി സന്ദർശിച്ചതെന്നാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. സ്വപ്നയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എന്തിനാണ് സന്ദർശനം നടത്തിയതെന്ന് എൻ.ഐ.എ. പരിശോധിക്കുന്നുണ്ട്. സ്വപ്ന സുരേഷിനെ പോലെയുള്ള പ്രതിയെ താമസിപ്പിക്കുമ്പോൾ പലരീതിയിൽ കേസിനെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും ആശുപത്രിയിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് സ്ഥലം എംഎൽഎ. കൂടിയായ താൻ ആശുപത്രിയിലെത്തിയതെന്നാണ് എൻ.ഐ.എക്ക് അനിൽ അക്കരെ നൽകിയ വിശദീകരണം.
സ്വപ്ന സുരേഷ് ആശുപത്രിയിലായിരുന്ന സമയത്ത് ആശുപത്രിയിൽ സന്ദർശനം നടത്തിയ മറ്റ് പ്രമുഖർ ആരൊക്കെയാണെന്നും എൻ.ഐ.എ. പരിശോധന നടത്തുകയാണ്. മന്ത്രി എസി മൊയ്ദീൻ ആശുപത്രിയിൽ എത്തിയിരുന്നതായി അനിൽ അക്കരെ ആരോപിച്ചിരുന്നു. നിലവിൽ സ്വപ്ന സുരേഷ് തൃശൂർ മെഡിക്കൽ കോളേജിൽ തന്നെയാണുള്ളത്. നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഫോൺ വിളിയിൽ നേഴ്സുമാരുടെ മൊഴി ഇങ്ങനെ
ജയിലിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്ന ചികിത്സയിൽ കഴിയവെ നേഴ്സുമാരുടെ ഫോണിൽ നിന്ന് ആരെയൊക്കെയോ വിളിച്ചെന്നായിരുന്നു ആക്ഷേപം. ഇതിനാണ് നേഴ്സുമാർ വിശദീകരണം നൽകുന്നത്. സ്വപ്ന സുരേഷിന് ഫോൺ കൈമാറിയിട്ടില്ലെന്നും സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിധ്യത്തിലാണെന്നും നേഴ്സുമാർ പറയുന്നു. ക്ലീനിങ് ജീവനക്കാർ പോലും അകത്ത് കയറിയിട്ടില്ല. അഞ്ച് പൊലീസുകാർ എപ്പോഴും കാവലുണ്ടായിരുന്നുവെന്നും പറയുന്നു. അനാവശ്യമായി നേഴ്സുമാരെ സംശയമുനയിൽ നിർത്തരുതെന്നാണ് അവരുടെ ആവശ്യം.
കഴിഞ്ഞ സെപ്റ്റംബർ 7 നായിരുന്നു നെഞ്ചു വേദനയെ തുടർന്ന് സ്വപ്നയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവർ ആശുപത്രിയിൽ ചെലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകൾ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം.
സ്വപ്നയുടെ വാർഡിനകത്ത് മൂന്ന് വനിതാ പൊലീസുകാരും പുറത്ത് മറ്റ് പൊലീസുകാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ. കൂടാതെ റൂമിന്റെ താക്കോലും പൂട്ടും പൊലീസുകാരുടെ കൈവശമായിരുന്നുവെന്നും നഴ്സുമാർ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് കിട്ടുമെന്ന് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ