മാനന്തവാടി: പൊലീസ് വിചാരിച്ചാൽ ആരേയും മാവോയിസ്റ്റാക്കാം. അതിന്റെ ഉത്തമോദാഹരണമാണ് ശ്യാം ബാലകൃഷ്ണൻ. പ്രകൃതിയെ സ്‌നേഹിച്ചത് മാത്രമാണ് ഈ വ്യക്തി ചെയ്ത തെറ്റ്. മാവോ വേട്ടയ്ക്ക് കോടികൾ ചെലവവിക്കുന്നു. അപ്പോൾ ആരെയെങ്കിലും അറസ്റ്റ് ചെയ്യണം. അതു തന്നെയാണ് ശ്യാം ബാലകൃഷ്ണനും വിനയായത്. മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്നു ഹൈക്കോടതിയുടെ നിരീക്ഷണം ശ്യാം ബാലകൃഷ്ണന്റെ വിജയമാണ്. മാവോയിസ്റ്റാണെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് കോറോം സ്വദേശിയും ജൈവ കർഷകനും സാഹിത്യകാരനുമായ ശ്യാം ബാലകൃഷ്ണൻ ഇന്ന് നിയമയുദ്ധത്തിലൂടെ പൊലീസിനെ തോൽപ്പിച്ച ആഹ്ലാദത്തിലാണ്.

മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കുള്ള തണ്ടർബോൾട്ട് സേന പീഡിപ്പിച്ചു എന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വയനാട് സ്വദേശിയും റിട്ടയേർഡ് ജഡ്ജി ബാലകൃഷ്ണൻ നായരുടെ മകനുമായ ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചത് അന്യായമായിട്ടാണെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഹൈക്കോടതി കോടതി കണ്ടെത്തി. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ലംഘിക്കുമ്പോൾ മാത്രമേ അത് നിയമവിരുദ്ധ പ്രവർത്തനമാകൂവെന്നാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് വ്യക്തമാക്കിയത്. 2014 മെയ് 20ന് വയനാട്ടിൽ വച്ച് തണ്ടർബോട്ട് ശ്യാം ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

മാവോവാദിയാണെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ ശ്യാമിനെ രക്ഷിക്കുകയായിരുന്നു എന്നാണ് തണ്ടർ ബോൾട്ട് അവകാശപ്പെട്ടത്. എന്നാൽ മാവോവാദിയാണെന്ന് ആരോപിച്ച് തന്നെ തടവിലാക്കുകയായിരുന്നു എന്നാണ് ശ്യാം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കോടതി അംഗീകരിച്ചു. ഇതോടെയാണ് തണ്ടർ ബോൾട്ടിന്റെ കളി പൊളിഞ്ഞത്. ബിരുദധാരിയായ ശ്യാം ബാലകൃഷ്ണൻ അഞ്ചു വർഷമായി പൊർളോെത്ത നാലേക്കർ ഭൂമിയിൽ ജൈവകൃഷി നടത്തുകയാണ്. പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ തോറോയുടെ രണ്ടു പുസ്തകങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ലേഖന സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ശ്യാം എൻഡോസൾഫാൻ വിരുദ്ധ സമരത്തിലും കുടംകുളം ആണവനിലയ വിരുദ്ധ സമരത്തിലും പങ്കെടുത്തിരുന്നു. കാടിനോടു ചേർന്ന് ഒറ്റപ്പെട്ട വീട്ടിൽ ഭാര്യ ഗീതപ്രിയയോടൊപ്പം താമസിക്കുന്ന ശ്യാമിനെ കാണാൻ നിരവധി സുഹൃത്തുക്കൾ എത്താറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റ് ബന്ധമില്ലെന്നു പ്രാഥമിക ചോദ്യംചെയ്യലിൽത്തന്നെ ബോധ്യപ്പെട്ടിട്ടും ദീർഘനേരം കസ്റ്റഡിയിൽ വച്ചതാണ് നിയമയുദ്ധത്തിനു പ്രേരിപ്പിച്ചത്. പൊലീസിന്റെ പീഡനത്തിന് ഇരകളാകുന്ന സാധാരണക്കാർക്കു വേണ്ടിയാണ് താൻ നിയമയുദ്ധം നടത്തിയതെന്ന് ശ്യാം ബാലകൃഷ്ണനും പ്രതികരിക്കുന്നു.

കഴിഞ്ഞ വർഷം മെയ്‌ 20നു വൈകിട്ട് 5.30നാണു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം ബാലകൃഷ്ണനെ വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ ജോസിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് കമാൻഡോ സംഘം പിടികൂടിയത്. ആദ്യം സ്‌റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. മൊബൈൽ ഫോൺ കൈക്കലാക്കി. പിന്നീട് പൊർളോത്തെ വീട്ടിലെത്തിച്ച് ലാപ്‌ടോപ്പും വീടും പരിശോധിക്കുകയും ചെയ്തിരുന്നു. രാത്രി 12 വരെയുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലും ഒന്നും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല.

പിറ്റേന്നു വീട്ടിലെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും മറ്റും ശ്യാമിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ബൈക്കും ലാപ്‌ടോപ്പും ഏറെ നാളുകൾക്കു ശേഷമാണ് തിരികെ നൽകിയത്. താൻ പീഡിപ്പിക്കപ്പെട്ടതിനേക്കാളുപരി സാധാരണക്കാരനെ പൊലീസ് ഇത്തരത്തിൽ പീഡിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിയമ നടപടിക്കൊരുങ്ങിയതെന്ന് ശ്യാം ബാലകൃഷ്ണൻ പറഞ്ഞു.