കണ്ണൂർ: ശ്യാമപ്രസാദിനെ കൊന്നു കളഞ്ഞതിന് പിന്നിൽ ആർഎസ്എസ് സിപിഎം സംഘർഷം മനസ്സിലാക്കി ലഹളയുണ്ടാക്കി മുതലെടുപ്പു നടത്താനുള്ള എസ്ഡിപിഐയുടെ ഗൂഡനീക്കം. ശ്യാമപ്രസാദിനെ കൊന്നതിന്റെ ഉത്തരവാദിത്തം സിപിഎമ്മിൽ കെട്ടിവെയ്ക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ആയിരുന്നു എസ്ഡിപിഐ ശ്രമിച്ചത്.

ആർഎസ്എസ് ബിജെപി സംഘർഷം ഉണ്ടാകുമ്പോൾ സിപിഎമ്മിലെ മുസ്ലിംകളെ തങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടു വരാൻ സാധിക്കുമെന്ന എസ്ഡിപിഐയുടെ കണക്കു കൂട്ടലാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎം ആർ.എസ്.എസ്. സംഘർഷമുണ്ടാക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ശ്യമാപ്രസാദിന്റെ മരണമെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. എസ്.ഡി.പി.ഐ. പ്രവർത്തകൻ അയൂബിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായാണു ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പൊലീസിനോടു സമ്മതിച്ചതായി സൂചന.

പ്രതികൾ പൊലീസിനു നൽകിയ മൊഴി അനുസരിച്ച് സിപിഎമ്മിൽ ചേരുകയും അവിടെ നിന്നും കൊലപാതകം നടത്താനും തീരുമാനിച്ചു. കൊലപാതകത്തിന് ശേഷം കേസുകൾ എല്ലാം അവസാനിക്കുമ്പോൾ എസ്ഡിപിഐയിലേക്ക് തിരിച്ചു വരാമെന്നും അതുവഴി സിപിഎമ്മിനെ പ്രതികൂട്ടിലാക്കാമെന്നുമായിരുന്നു ആദ്യ പദ്ധതി. കേസ് കഴിയുന്നതുവരെ സിപിഎമ്മിൽ തുടരാനും ആലോചിച്ചിരുന്നു.

ശ്യാമപ്രസാദിനെ കൊലപ്പെചടുത്തുന്നതിനായി നീർവേലിയിലെ എസ്.ഡി.പി.ഐ. ഓഫീസിനടുത്തു മൂന്നുദിവസം വാളുപയോഗിച്ച് പരിശീലനം നേടി. എന്നാൽ, സിപിഎമ്മിലേക്കു പോകാനുള്ള തന്ത്രങ്ങൾ പാളി.

കൊലയ്ക്ക് പിന്നിൽ കണ്ണൂരിലെ എസ്ഡിപിഐ നേതാക്കളുടെ കുടില ബുദ്ധി തന്നെയായിരുന്നു. കണ്ണവത്ത് ആർ.എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയാൽ തിരിച്ചടിക്കു സാധ്യത കൂടുതലാണെന്നും അങ്ങനെ മുസ്ലിംകളെ മുഴുവൻ എസ്.ഡി.പി.ഐയിൽ ചേർക്കാമെന്നും ഒരു നേതാവ് പറഞ്ഞു. കണ്ണവത്ത് ആർ.എസ്.എസുകാരെ പ്രതിക്കൂട്ടിലാക്കാൻ നിരവധി ശ്രമങ്ങൾ എസ്.ഡി.പി.ഐ. നടത്തി. എന്നാൽ കൊലയ്ക്ക് പിന്നാലെ പ്രതികളെ പിടികൂടിയ പൊലീസ് ഇവരുടെ നീക്കങ്ങൾക്ക് എല്ലാം തടയിടുകയായിരുന്നു.

കൊലപാതകത്തിനുശേഷം പ്രതിയായ ഷഹീമിന്റെ സഹോദരിയുടെ വീട്ടിലേക്കു രക്ഷപ്പെടുമ്പോഴാണു നാല് എസ്.ഡി.പി.ഐ. പ്രവർത്തകർ പൊലീസിന്റെ പിടിയിലായത്. ഇവർ മൈസുരുവിലേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഇതോടെയാണ് ഇവരുടെ നീക്കങ്ങൾ എല്ലാം പാളിയത്. ഒരുവേള പ്രതികളെ ഉടൻ പിടികൂടിയില്ലായിരുന്നെങ്കിൽ അത് വൻ സംഘർഷത്തിലേക്കും നീങ്ങുമായിരുന്നു.

എല്ലാ ഗൂഢാലോചനയ്ക്കും പിന്നിൽ കണ്ണൂരിലെ മുസ്ലിംകളെ എല്ലാം എസ്ഡിപിഐയിലേക്ക് എത്തിക്കുക എന്നതായിരുന്നു. ബിജെപി സിപിഎം സംഘർഷം ഉണ്ടാകാൻ ഇതിനായി ഇവർ പല ശ്രമങ്ങളും നടത്തുകയും ചെയ്തിരുന്നു.

ചുണ്ടയിൽ സിപിഎം. സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തകർത്തതു പൂവത്തിൻകീഴിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകനാണ്. പിന്നീട് കണ്ണവം ടൗണിലെ സിപിഎം. പതാക പലതവണ നശിപ്പിച്ചു. ആർ.എസ്.എസ്-സിപിഎം. സംഘർഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്.ഡി.പി.ഐയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

ഈ പദ്ധതികൾക്കുശേഷമാണു കണ്ണവത്തെ ഓട്ടോ ഡ്രൈവറെ മർദിക്കണമെന്നും അതിനായി കുറച്ചാളുകൾ വരണമെന്നും ശിവപുരം, കാക്കയങ്ങാട് ഭാഗത്തേക്കു ഫോൺ വന്നത്. കണ്ണവത്തെ മഖാം ഉറൂസിനു കാമ്പസ് ഫ്രണ്ട് കെട്ടിയ ഫ്ളക്സ് ഒരാൾ അഴിച്ചുവയ്ക്കുകയും പിന്നീട് ആ കാരണം പറഞ്ഞ് അവരെ മർദിക്കുകയും ചെയ്തു.

ആർ.എസ്.എസുകാർ പള്ളി പരിസരത്തു സംഘർഷമുണ്ടാക്കുമെന്നും ആ പേരിൽ എസ്.ഡി.പി.ഐയിൽ ആളെ കൂട്ടണമെന്നും കണ്ണവത്തെ ഒരു നേതാവ് പറഞ്ഞിരുന്നു. സർജിക്കൽ ബ്ലേഡ് കൊണ്ട് വെട്ടാൻ പഠിപ്പിച്ച ക്ലാസിൽ ഞങ്ങളും ഉണ്ടായിരുന്നു. കണ്ണൂരിലെ സിപിഎം. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരിൽ എസ്.ഡി.പി.ഐക്കാരെ ഇനി വെട്ടിയാൽ സിപിഎമ്മിലെ ഒരു സൈബർ പോരാളിയെ തിരിച്ചടിക്കാനും പദ്ധതിയുണ്ടായിരുന്നു'.

അറസ്റ്റിലായ പ്രതികളെ സ്ഥലത്തെത്തിച്ചു നടത്തിയ പരിശോധനയിൽ ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി. കൊലപാതകത്തിനായി വന്ന അതേ വാഹനത്തിൽ പ്രതികൾ നാടുവിടാൻ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരുന്നു. നാട്ടുകാർ വാഹന നമ്പർ തിരിച്ചറിഞ്ഞെന്നു സംഘം മനസിലാക്കിയിട്ടും രണ്ടുമണിക്കൂർ അതേ വാഹനത്തിൽ സഞ്ചരിച്ചതാണ് അന്വേഷിക്കുന്നത്. വാഹനത്തിന്റേതു വ്യാജ നമ്പറായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.