തിരുവനന്തപുരം: പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആൻഡമാൻ സ്വദേശിയായ ശ്യാമൾ മണ്ഡലിനെ കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കോടതി വന്നത് 17 വർഷങ്ങൾക്ക് ശേഷം. എഞ്ചിനീയറിങ് വിദ്യർത്ഥി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കോവളം പാറമടയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നു. കേസിൽ രണ്ടാം പ്രതി ആൻഡമാൻ സ്വദേശി മുഹമ്മദ് അലി കുറ്റക്കാരനെന്ന് തലസ്ഥാനത്തെ സിബിഐ കോടതി കണ്ടെത്തി. പ്രതിയുടെ ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.കേസിലെ ഒന്നാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.

പ്രതിക്കുള്ള ശിക്ഷ സിബിഐ ജഡ്ജി കെ. സനിൽകുമാർ 14 ന് (ബുധനാഴ്ച) പ്രഖ്യാപിക്കും. ധനികനായ പിതാവിന്റെ പണം മോഹിച്ച് നിരപരാധിയും കായികമായി പ്രതികരിക്കാൻ ശേഷിയുമില്ലാത്ത വിദ്യാർത്ഥിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി മരണത്തിലേക്ക് തള്ളിവിട്ട പ്രതി കുറ്റക്കാരനെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. 53 സാക്ഷി മൊഴികളുടെയും 78 കൊണ്ടി മുതലുകളുടെയും തെളിവു മൂല്യം വിലയിരുത്തിയാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

ഹോസ്റ്റൽ അധികൃതരുടെ സംരക്ഷണയിൽ കഴിഞ്ഞ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകൽ, കൊലപാതകം മൊബൈൽ ഫോൺ മോഷണം എന്നിവയുടെ ഗൂഢാലോചനക്കാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏത് കുറ്റം ചെയ്യാനാണോ ഗൂഢാലോചന നടത്തിയത് ആ കുറ്റത്തിനുള്ള അതേ ശിക്ഷയായതിനാൽ കൊലക്കയറോ ജീവ പര്യന്തം തടവോ പ്രതിക്ക് ശിക്ഷ ലഭിക്കാവുന്നതാണ്. തെളിവില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി റിമാൻഡ് ചെയ്തത്.

ക്രൂരപാതകത്തിന് പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ ചങ്ങലക്കണ്ണികൾ മിസ്സിങ് ലിങ്കുകൾ ഇല്ലാതെ തങ്ങൾ കോർത്തിണക്കിയതായും അന്വേഷണ ഏജൻസിയായ സിബിഐ അവകാശപ്പെട്ടു. വിചാരണ പൂർത്തിയായി പ്രതിയെ കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്തിമ വാദത്തിലാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ഈ വാദം ഉന്നയിച്ചത്.

സംഭവം ഇങ്ങനെ:

2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയായിരുന്ന ശ്യാമൾ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടുപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു.

ശ്യാമൾ മണ്ഡലിന്റെ ഫോൺ രേഖകളാണ് നിർണായകമായത്. ശ്യാമളിനെ അട്ടകുളങ്ങരയിൽനിന്നാണ് കാണാതായത്. സുഹൃത്ത് ദിഗംബറിനൊപ്പം അട്ടക്കുളങ്ങരയിലെ തിയറ്ററിനു മുന്നിൽ നിൽക്കുമ്പോൾ ശ്യാമളിനെ കാണണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ ആരോ വിളിച്ചു. ദിഗംബർ മാറിയാലേ താൻ വരൂ എന്ന് വിളിച്ചയാൾ അറിയിച്ചതോടെ ദിഗംബർ റോഡ് മറികടന്ന് അപ്പുറത്തേക്കു പോയി. പിന്നീട് ശ്യാമളിനെ കാണാതായെന്നാണ് ദിഗംബർ പൊലീസിനോട് പറഞ്ഞത്. ഉടനെ ശ്യാമളിനെ വിളിച്ചപ്പോൾ ഏതോ വാഹനത്തിൽ പോകുന്ന ശബ്ദമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ഫോൺ എടുത്തത്. ശ്യാമൾ മദ്യപിച്ചു മയങ്ങിക്കിടക്കുന്നു എന്നാണ് അയാൾ പറഞ്ഞത്. പിന്നീട് വിളിച്ചപ്പോഴൊന്നും മറുപടി ലഭിച്ചില്ല. തുടർന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകി.

കിഴക്കേക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദാലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശ്യാമളിന്റെ ഫോണിൽ നിന്നും അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവർ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡൽ ചെന്നൈയിൽ പല സ്ഥലങ്ങളിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്. ശ്യമളിന്റെ ഫോൺ ചെന്നെയിലെ ഒരു കടയിൽ വിറ്റ ശേഷം മുഹമ്മദാലി ആൻഡമാനിലേക്ക് കടന്നു. ഇവിടെ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

സംഭവദിവസം ശ്യാമളിന്റെ ഫോണിലേക്കു വന്ന കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ശ്യാമളിനെ കാണാതായ ദിവസം ഫോർട്ട് സ്റ്റേഷന്റെ പരിസരത്തുനിന്ന് ഏഴു പ്രാവശ്യം അയാളുടെ മൊബൈലിലേക്കു കോളെത്തിയതായി പൊലീസ് കണ്ടെത്തി. ചുറ്റുവട്ടത്തുള്ള പല ബൂത്തുകളിൽനിന്നായിരുന്നു വിളിച്ചത്. വിളിച്ചവർ ചെറുപ്പക്കാരായിരുന്നെന്നും ഹിന്ദി സംസാരിച്ചിരുന്നെന്നും ബൂത്തിലുണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകി. ചെന്നൈയിൽനിന്ന് ശ്യാമളിന്റെ അച്ഛനെ വിളിച്ച നമ്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ശ്യാമളിന്റെ അച്ഛനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതും ചിലർ ഉപയോഗിച്ച മൊബൈൽ ഫോണുമാണ് അന്വേഷണത്തിനു തുമ്പുണ്ടാക്കിയത്. അതേ ഫോണിൽനിന്ന് പ്രതികൾ അവരുടെ വീട്ടിലേക്കും വിളിച്ചിരുന്നു. ശ്യാമളിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ തട്ടിയെടുത്തു വിറ്റ മൊബൈൽ ഫോൺ ചെന്നൈയിൽ ബ്യൂട്ടീഷ്യനായ മാലയിൽനിന്ന് കണ്ടെടുത്തു.

മോചനദ്രവ്യം നിക്ഷേപിക്കാൻ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തി. ആൻഡമാൻ പൊലീസിന്റെ സഹായത്തോടെ ആൻഡമാൻ സ്വദേശി മുഹമ്മദ് അലിയെ (27) പൊലീസ് അറസ്റ്റു ചെയ്തു. നേപ്പാൾ സ്വദേശി ദുർഗം പ്രസാദ് ബഹാദൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ നേപ്പാളിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. മുൻ വൈരാഗ്യവും പണത്തോടുള്ള ആർത്തിയുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. മുഹമ്മദ് അലി ആൻഡമാനിൽ ഹോട്ടൽ നടത്തിയിരുന്നു. ദുർഗം പ്രസാദ് ബഹാദൂറും അവിടെ ജീവനക്കാരനായിരുന്നു. മുഹമ്മദ് അലി ഹോട്ടൽ നടത്തുമ്പോൾ ശ്യാമളിന്റെ അച്ഛൻ ബസുദേവ് മണ്ഡൽ അവിടെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. അധികാരം ഉപയോഗിച്ച് തന്നെ ബസുദേവ് ബുദ്ധിമുട്ടിച്ചിരുന്നതായി മുഹമ്മദ് അലി പൊലീസിനോട് പറഞ്ഞു. ഒടുവിൽ ബിസിനസ് പൊളിഞ്ഞ് ഹോട്ടൽ പൂട്ടി. സാമ്പത്തികമായി തകർന്ന മുഹമ്മദ് അലിക്ക് പണം ആവശ്യമുണ്ടായിരുന്നു. ബസുദേവിനോടുള്ള പകകൊണ്ടാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന്റെ ആസൂത്രണം മുഹമ്മദ് അലിയുടെ നേതൃത്വത്തിലായിരുന്നു. കുടുംബ സുഹൃത്തായതിനാൽ തന്നെ ഒരിക്കലും സംശയിക്കില്ലെന്ന ധൈര്യമാണ് കൊലപാതകത്തിന് മുഹമ്മദ് അലിയെ പ്രേരിപ്പിച്ചത്.

ബന്ധുദേവ് മണ്ഡൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2008ൽ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. ഒന്നാംപ്രതിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കണ്ടെത്താനായില്ല. 2020 ഫ്രബ്രുവരി മുതൽ തുടങ്ങിയ വിചാരണ കോവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസിൽ നിർണായകം. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമൾ മണ്ഡലിന്റെ മൊബൈലാണ് നിർണായക തെളിവ്.

കോടതിയിൽ നടന്നത്

ബംഗാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ചേത്രിയെന്ന ദീപക്, ആൻഡമാൻ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ശ്യാമലിനെ ഫോണിൽ ഈസ്റ്റ് ഫോർട്ട് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 10 ലക്ഷമാക്കി ഉറപ്പിച്ച ശേഷം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ശ്യാമലിന്റെ മൊബൈൽ മോഷ്ടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ. മുഹമ്മദ് അലി മാത്രമാണ് നിലവിൽ വിചാരണ നേരിടുന്നത്.

ശ്യാമളിന്റെ മൃതദേഹം കൃത്യ സ്ഥലത്ത് നിന്ന് പുറത്തെടുത്തപ്പോൾ കാണപ്പെട്ട നീല ജീൻസ് പാന്റ്‌സ്, പിങ്ക് കളർ ഷർട്ട് , ബെൽറ്റ് , ചെരുപ്പുകൾ എന്നിവ കോടതിയിൽ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെങ്കിലും രണ്ടു മേൽ പല്ലുകൾ അമാൽഗം വച്ച് അടച്ചിരുന്നതായും കാല് ഭാഗം അഴുകാത്തതിനാലും മകനാണെന്ന് ഉറപ്പിച്ചു. മോചനദ്രവ്യത്തിന് വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ ശിക്ഷിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും സാക്ഷിക്കൂട്ടിൽ നിന്ന് വികാരാധീനനായി തൊഴുകൈകളോടെ ജഡ്ജി സനിൽകുമാർ മുമ്പാകെ ബസുദേവ് മൊഴി നൽകി. തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിയായ തന്റെ മകൻ അധികം സംസാരിക്കാത്ത സൽസ്വഭാവിയായ കുട്ടിയായിരുന്നു.

താൻ പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ആൻഡമാനിലുള്ള തന്റെ സുഹൃത്ത് കുഞ്ഞുകണ്ണുവിന് താൻ പതിനായിരം രൂപ പലിശക്ക് കടം കൊടുത്തിരുന്നു. അയാളുടെ മകനാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെന്നും പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ചൂണ്ടിക്കാട്ടി പിതാവ് മൊഴി നൽകി. 2005 ഒക്ടോബർ 13 ന് മകനെ കാണാനില്ലെന്ന് ഹോസ്റ്റൽ റൂം മേറ്റ് തന്നെ ഫോണിൽ വിളിച്ച് അറിയിച്ചു. മകന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും ബംഗാൾ പൊലീസിനോടും പരാതിപ്പെട്ടിരിന്നു. 13 ന് എയർപോർട്ടിൽ നിൽക്കവേ ഡൽഹി ലാന്റ് ഫോണിൽ നിന്നും അജ്ഞാത ഫോൺ സന്ദേശമെത്തി. മകൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടു നൽകണമെങ്കിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും തുക നൽകാൻ തന്റെ കൈയിൽ ഇല്ലന്ന് പറഞ്ഞപ്പോൾ 10 ലക്ഷമാക്കി ഉറപ്പിച്ചു. പിന്നീട് വിളിക്കാമെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മകനെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഒളിവിൽ പോയി. 16ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.

ലോക്കൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷിക്കാത്തതിനാലാണ് താൻ ഹൈക്കോടതിയിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. ഹർജി അനുവദിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. 2010 ലാണ് സി ബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്