മലപ്പുറം: കാര്യമായി ഒന്നും ഇല്ലെന്നും കേസിൽ ജയിച്ചു വരുമെന്നും നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ്. ഷൈബിൻ അഷ്റഫിനെ മുക്കട്ടയിലെ വീട്ടിലെത്തിച്ചു അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി തിരിച്ചുകൊണ്ടുപോകുന്നതിനിടെ ജീപ്പിൽ കയറുന്നതിന് മുമ്പാണ് ഷൈബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അന്വേഷണ സംഘം മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ തെളിവെടുപ്പിന് വേണ്ടി കൊലപാതകം നടത്തിയ പ്രതിയുടെ വീട്ടിലെത്തിച്ചത്. നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി മുക്കട്ടയിൽ എത്തിച്ചത്. തുടർന്ന് പ്രതിയുമായി വീടും പരിസരപ്രദേശങ്ങളുമായി ഇരുപത് മിനിറ്റോളം തെളിവെടുപ്പ് നടത്തി.

അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂരിലെ ഒരു ബേക്കറിയിലും പൊലീസ് എത്തിയിരുന്നു. അതേസമയം പൊലീസ്, ഫയർഫോഴ്സ്, നാവിക സേന എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ എടവണ്ണയിൽ ചാലിയാറിൽ കൊല്ലപ്പെട്ട ഷാബ ഷരീഫിന്റെ മൃതദേഹാവശിഷ്ടത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ പലയിടങ്ങളിലായി പൊലീസിന്റെ നേതൃത്വത്തിൽ പ്രതികളുമായി തെളിവെടുപ്പും പുരോഗമിക്കുകയാണ്. ചാലിയാറിൽ തെളിവെടുപ്പിനിടയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എല്ലിൻ കഷണം കിട്ടിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസിൽ മറ്റു പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഷാബാ ഷെരീഫിനെ കൊന്ന് ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിലാക്കിയ ശേഷം രാത്രി എടവണ്ണ സാലിയാറിന് കുറുകെയുള്ള സീതി ഹാജി പാലത്തിൽ നിന്ന്ത യാഴേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതികളുടെ മൊഴി. 2019 ൽ ഷാബാ ഷെരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്നെങ്കിലും ഒന്നൊര വർഷത്തോളം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്തിന് ശേഷം 2020 ഒക്ടോബറിലായിരുന്നു കൊലചെയ്തത്. തുടർന്ന് ഒരു വർഷകാലം കഴിഞ്ഞെങ്കിലും മൃതദേഹത്തിന്റെ എന്തെങ്കിലും അവശിഷ്ടങ്ങൾ ലഭ്യമാകുമോ എന്നറിയാനാണ് തിരച്ചിൽ നടത്തിയത്.

എടവണ്ണ സീതി ഹാജി പാലത്തിന്റെ മൂന്നാമത് തൂണിന് സമീപമാണ് പുഴയിലേക്ക് അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞതെന്നാണ് മൊഴി. പാലത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും തൂണുകളുടെ സമീപം വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിലാണ് നാവിക സേനാംഗങ്ങൾ വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിൽ നടത്തിയത്. രാവിലെ പത്തരയോടെ തുടങ്ങിയ തിരച്ചിൽ വൈകുന്നേരം ആറ് വരെ തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മൈസൂർ സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകം സ്ഥിരീകരിക്കാവുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്, ഇയാളുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദ് എന്നിവരെ എടവണ്ണ പാലത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം തള്ളിയ ഭാഗം പ്രതികൾ പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നാവിക സേനയുടെ സഹായം തേടിയത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ അഭ്യർത്ഥന പ്രകാരം കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് ടീം മാർഷൽ ചീഫ് പ്രേമേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തിരച്ചിലിനെത്തിയത്. ചാന്ദ് കുമാർ, ദീപക്, ദേവേന്ദർ സിങ്, എൻസിക്കർ വാർ എന്നിവരാണ് മറ്റംഗങ്ങൾ. അത്യാധുനിക സൗകര്യങ്ങളുള്ള ജെമിനി ബോട്ട്(റബ്ബർ ഡിങ്കി), വെള്ളത്തിൽ മുങ്ങിത്തിരയാനുള്ള സ്‌കൂബ ഡൈവിങ് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. തിരച്ചിലിനിടെ പുഴക്കടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് ചാക്ക്, പ്ലാസ്റ്റിക് കവർ ഉൾപ്പെടുള്ളവ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും കേസിന് തെളിവാകാവുന്ന ഒന്നും കണ്ടെത്താനായില്ല.

നിലമ്പൂർ ഡി.വൈ.എസ്‌പി. സാജു കെ. അബ്രഹാം, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി. കെ.എം. ബിജു, നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും തിരുവാലി ഫയർ യൂണിറ്റും എടവണ്ണ എമർജൻസി റസ്‌ക്യു ഫോഴ്സും(ഇ.ആർ.എഫ്) തിരച്ചിലിൽ പങ്കാളികളായി. നാവിക സേനയുടെ പുഴയിൽ മുങ്ങി താഴ്ന്നുള്ള തിരച്ചിൽ കാണാൻ മഴക്കിടയിലും നിരവധി നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.