സിഡ്‌നി : ജോർജ്ജ് സ്ട്രീറ്റിൽ ലൈറ്റ് റയിൽ കൺസ്ട്രക്ഷനു വേണ്ടി അടയ്ക്കുന്നത് സിഡ്‌നിയിലെ യാത്രക്കാരെ വലയ്ക്കുമെന്ന്  റിപ്പോർട്ടുകൾ. പത്തു ദിവസത്തിനുള്ളിൽ ലൈറ്റ് റെയിലിന്റെ നിർമ്മാണം തുടങ്ങുന്നതോടെ ഇവിടെ കൂടുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. രാജ്യത്തെ ഗതാഗത സംവിധാനം സുഗമമാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ഗതാഗത മന്ത്രി ആഡ്ര്യൂ കോൺസ്റ്റൻസ് പറഞ്ഞു. സിഡ്‌നിയുടെ വളർച്ചയ്ക്കും വൻ മാറ്റങ്ങൾക്കു കാരണമാകുന്ന ലൈറ്റ് റെയിൽ പദ്ധതി വരുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെയാണ് മാറുക.  ക്രിസ്തുമസ് അടുത്തു വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ചില്ലറ കച്ചവടക്കാർക്ക് സഹായകരമാവുന്ന ചില പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.

9 മീറ്റർ നീളം വരുന്ന ക്രിസ്തുമസ് ട്രീ, വിവിധ ഫാഷൻസുമായി ബന്ധപ്പെട്ട പ്രദർശനം തുടങ്ങി നിരവധി പദ്ധതികളാണ് സിബിഡിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. ജോർജ്ജ്കിങ് മാർക്കറ്റ് സ്ട്രീറ്റ് വരെയുള്ള 12 കിലോമീറ്റർ പാത വിവിധ ഘട്ടങ്ങളായി നവീകരിക്കും. ഒക്ടോബർ 4ാം തീയ്യതി  ജോർജ്ജ് സ്ട്രീറ്റ് അടയ്ക്കുന്നതോടെ പുതിയ ബസ്സ് ടൈംടേബിളും നിലവിൽ വരും.  

ലൈറ്റ് റെയിൽ പദ്ധതി യാധാർത്ഥ്യമാവുന്നതോടെ സിബിഡി റോഡിൽ 220 ബസ്സുകളുടെ ആവശ്യകത ഇല്ലാതാവും.  അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിലൂടെ യാത്ര ചെയ്യുന്ന 150000 അധികം ജനങ്ങളെ ഉൾക്കൊള്ളുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാവാൻ രണ്ടര വർഷമെങ്കിലും വേണ്ടി വരം എന്നണ് പ്രതീക്ഷിക്കുന്നത്. 2018 ജൂണോടെ ഇത് പൂർത്തിയാവുമെന്നാണ് കരുതുന്നത്.

നിർമ്മാണ സമയത്ത് നഗരത്തിൽ ഗതാഗത പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ജോലി തുടങ്ങുന്ന സമയം പുനർ നിർണയിക്കാൻ തെഴിലാളികൾ മേധാവികളോട് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.  ജോർജ്ജ് സ്ട്രീറ്റ് അടയ്ക്കുന്നത് നഗരത്തിൽ 3 വർഷത്തേക്ക് ഗതാഗതക്കുരുക്കും കുഴപ്പങ്ങളും സൃശ്ടിക്കുമെന്ന് ലേബേഴ്‌സ് ട്രാൻസ്‌പോർട്ട് വക്താവ് റയാൻ പാർക്ക് പറഞ്ഞു.