സിഡ്‌നി: സിഡ്‌നിയിലെ ഡെന്റൽ ക്ലിനിക്കുകളിൽ ചികിത്സ തേടിയിട്ടുള്ളവർ എത്രയും പെട്ടെന്ന് എച്ച്‌ഐവി, ഹെപ്പെറ്റൈറ്റീസ് ടെസ്റ്റുകൾ നടത്തണമെന്ന് ഹെൽത്ത് വകുപ്പ് അധികൃതരുടെ നിർദ്ദേശം. സിഡ്‌നിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ വിട്ടുവീഴ്ച ചെയ്യുന്നത് രോഗികളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയെന്നാണ് ന്യൂ സൗത്ത് വേൽക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിട്ടുള്ളത്.

പ്രധാനമായും നാല് ഡെന്റൽ ക്ലിനിക്കുകളാണ് പതിനായിരക്കണക്കിന് ആൾക്കാർക്ക് എച്ച്‌ഐവി, ഹെപ്പെറ്റൈറ്റീസ് രോഗഭീഷണി ഉയർത്തിയിരിക്കുന്നത്. സറി ഹിൽസ്, ബോണ്ടി ജംഗ്ഷൻ, ക്യാമ്പ്‌സീ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന നാല് ഡെന്റൽ ക്ലിനിക്കുകളിൽ ചികിത്സ തേടിയിട്ടുള്ളവർ എത്രയും പെട്ടെന്ന് രക്ത പരിശോധന നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ക്യാമ്പ്‌സീയിലും സിഡ്‌നി സിബിഡിയിലുള്ള സസെക്‌സ് സ്ട്രീറ്റിലും ഡോ. സാംസൺ ചാൻ നടത്തുന്ന ജെന്റിൽ ഡെന്റിസ്റ്റ്, സറി ഹിൽസിലും ബോണ്ടി ജംഗ്ഷനിലും ഡോ. റോബർട്ട് സ്റ്റാർക്കൻബർഗ് നടത്തുന്ന രണ്ട് ക്ലിനിക്കുകളിലുമാണ് ശുചിത്വമില്ലായ്മ കണ്ടെത്തിയിട്ടുള്ളത്. ഈ രണ്ടു ഡോക്ടർമാരേയും പ്രാക്ടീസ് നടത്തുന്നതിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 40,000ത്തിലധികം രോഗികൾ ജെന്റിൽ ഡെന്റിസ്റ്റിൽ ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നും ഇതിൽ 11,000ത്തിലധികം പേർ വിവിധ സർജറികൾക്ക് ഇവിടെ വിധേയരായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എച്ച്‌ഐവി, ഹെപ്പറ്റൈറ്റീസ് എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയുണ്ടെന്ന് അധികൃതർ അറിയിച്ചതോടെ എങ്ങും ആശങ്ക പടർന്നിരിക്കുകയാണ്. ഡോ. സ്റ്റാർക്കെൻബർഗിന്റെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിവയിൽ എണ്ണൂറോളം പേർക്കാണ് രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ.

ഇവിടങ്ങളിൽ ചികിത്സ നടത്തിയിട്ടുള്ളവർ രക്തപരിശോധന നടത്തി ജിപിയെ സന്ദർശിച്ചിരിക്കണമെന്നാണ് കടുത്ത നിർദ്ദേശം. ഡോ. ചാനിനൊപ്പം തന്നെ പ്രാക്ടീസ് ചെയ്തിരുന്ന മറ്റു നാലുപേരെ കൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.