മെൽബൺ: സിഡ്‌നിയിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന വീടുവിലയ്ക്ക് പെട്ടെന്ന് ശമനം ഉണ്ടായതായി റിപ്പോർട്ട്. അതേസമയം സിഡ്‌നി റിയൽ എസ്‌റ്റേറ്റ് രംഗത്ത് ഇടിവു സംഭവിച്ചിട്ടില്ലെന്നും വിലയിലുള്ള മുന്നേറ്റത്തിന് നിലവിൽ ശമനം ഉണ്ടായിട്ടേ ഉള്ളുവെന്നുമാണ് ഈ രംഗത്തെ വിഗദ്ഗധർ ചൂണ്ടിക്കാട്ടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഹോം വാല്യൂ ഇൻഡക്‌സിൽ 7.6 ശതമാനം കുറവാണ് അനുഭവപ്പെടുന്നുവെന്നാണ് കോർലോജിക് ആർപി ഡേറ്റാ വെളിപ്പെടുത്തുന്നത്.

വീടു വിലയിൽ ശക്തമായ മുന്നേറ്റമുണ്ടായിരുന്ന സിഡ്‌നിയിൽ പത്തു ശതമാനം ഇടിവാണ് ഒരു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ മാത്രം 0.2 ശതമാനം ഇടിവ് വിലയിൽ രേഖപ്പെടുത്തി. സിഡ്‌നിയിലെ വീടുവില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായതാണ് ഇതിന് കാരണമായിരിക്കുന്നത്. ചില മേഖലകളിലെ വീടുവിലയോ വാടകയോ സാധാരണക്കാർക്ക് പ്രത്യേകിച്ച് സ്വദേശികൾക്ക് താങ്ങാവുന്നതിലും അപ്പുറത്തായിത്തീർന്നു. ഇത് വസ്തുക്കൾക്കുള്ള ഡിമാൻഡ് ഇടിയുന്നതിനും കാരണമായി.

ഡോളറിന്റെ വിലയിടിവും തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തിൽ നിൽക്കുന്നതുമെല്ലാം സിഡ്‌നി വീടുവിലയെ പിന്നാക്കം വലിക്കുന്ന ഘടകങ്ങളായി മാറി. അതേസമയം വീടുവിലയിൽ മുന്നേറ്റം പ്രകടമല്ലാതിരുന്ന ചില നഗരങ്ങൡ പ്രോപ്പർട്ടി വില വർധിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സിഡ്‌നിയേയും കടത്തിവെട്ടി മെൽബൺ മുന്നേറിക്കഴിഞ്ഞു. എന്നാൽ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത് ഹോബാർട്ടിലെ വിലയാണ്. വാർഷിക വളർച്ചയിൽ ഹോബാർട്ട് 5.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ മാത്രം 8.5 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്.