മെൽബൺ: സാമ്പത്തിക രംഗത്തെ മാന്ദ്യത്തിനും കുറഞ്ഞ പലിശനിരക്കിനുമൊന്നും സിഡ്‌നിയിലെ വീടുവിലയെ പിടിച്ചു നിർത്താനാവാത്ത വിധം മുന്നേറുകയാണെന്ന് റിപ്പോർട്ടുകൾ. ഇപ്പോഴത്തെ രീതിയിൽ സിഡ്‌നിയിൽ വീടുവില കുതിച്ച് ഉയരുകയാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ പ്രോപ്പർട്ടി മാർക്കറ്റിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് പുതിയ കണക്കുകൾ.

മെൽബൺ, അഡ്‌ലൈഡ്, ബ്രിസ്‌ബേൻ എന്നിവിടങ്ങളിലും വീടുവിലയിൽ മുന്നേറ്റം തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പെർത്തിൽ വീടു വിലയിൽ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിഡ്‌നിയിൽ വീടുവില മറ്റെല്ലാ സ്ഥലത്തേയും അപേക്ഷിച്ച് വർധിക്കുന്നതിന് ഏറെ കാരണങ്ങളാണ് നിരത്തുന്നത്. സിഡ്‌നിയിലും ക്യൂൻസ് ലാൻഡിലും പൊതുവേ ഹൗസിങ് ഷോർട്ടേജ് അനുഭവപ്പെടുന്നതാണ് വീടുവില കുതിക്കാൻ കാരണമായിരിക്കുന്നത്. ഹൗസിങ് കൺസ്ട്രക്ഷൻ പ്രവർത്തനങ്ങൾക്കും ചില നിരോധനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും വില വർധനയ്ക്കു കാരണമാകുന്നു. ഇവിടെ കൺസ്ട്രക്ഷൻ മേഖലയിൽ വളർച്ചയ്ക്ക് പരിമിതികൾ ഉണ്ടെന്നതിനാൽ വീടു വിലയിൽ അടുത്തകാലത്തെങ്ങും കുറവ് വരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ സിഡ്‌നിയിൽ വീടുവിലയിൽ 14 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഡേറ്റ വെളപ്പെടുത്തുന്നു. അതേസമയം 2014-15 സാമ്പത്തിക വർഷം രാജ്യമെമ്പാടും പ്രോപ്പർട്ടി മാർക്കറ്റിൽ രേഖപ്പെടുത്തിയത് 13 ശതമാനം വളർച്ചയാണെന്നാണ് ബിഐഎസ് ഷ്രാപ്‌നെൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വീടുവിപണിയിൽ ഈ സാമ്പത്തിക വർഷം മറ്റൊരു ഏഴു ശതമാനം കൂടി വളർച്ച പ്രതീക്ഷിക്കാമെന്നാണ് ഇവർ പ്രവചിക്കുന്നത്.

ബ്രിസ്‌ബേനിൽ തന്നെ ആറു ശതമാനം വളർച്ചയാണ് വീടു വിലയിൽ നടപ്പു സാമ്പത്തിക വർഷം ഉണ്ടായത്. അടുത്ത സാമ്പത്തിക വർഷം എട്ടു ശതമാനത്തിന്റെ വളർച്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. വീടു വില നിർണയിക്കുന്നതിൽ ഹൗസിങ് കൺസ്ട്രക്ഷൻ ആക്ടിവിറ്റി വലിയൊരു സ്വാധീനം ചെലുത്തുന്ന ഘടകമാണ്. പലിശ നിരക്ക് കുറയുന്നതിനെക്കാൾ ഇതാണ് വീടുവില നിർണയിക്കുന്ന ഘടകം. അടുത്ത രണ്ടു വർഷത്തേക്ക് ഇത്തരത്തിൽ വീടുവിലയിൽ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.