മെൽബൺ: രാജ്യത്ത് സാമ്പത്തിക ഭദ്രതയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് സിഡ്‌നിയും രണ്ടാം സ്ഥാനത്ത് മെൽബണും എത്തി. അടിസ്ഥാന സാമ്പത്തിക വളർച്ച, റീട്ടെയ്ൽ സ്‌പെൻഡിങ്, നിക്ഷേപം, തൊഴിലില്ലായ്മ, നിർമ്മാണ പുരോഗതി, ജനസംഖ്യാ വളർച്ച, ഹൗസിങ് ഫിനാൻസ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പഠനം തയാറാക്കിയത്.

ഇവയിലെല്ലാം തന്നെ ന്യൂസൗത്ത് വേൽസും വിക്ടോറിയയും മുമ്പന്തിയിൽ തന്നെയാണ് നിൽക്കുന്നതെന്ന് സർവേ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിൽ ജനസാന്ദ്രത കൂടുതലുള്ളതും ഇവയുടെ സാമ്പത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്നുണ്ട്. ഇവിടങ്ങൡ ജനസംഖ്യാ നിരക്ക് ശരാശരിക്കു മുകളിലായതിനാൽ കൂടുതൽ ആൾക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഭവനരംഗത്ത് വളർച്ചയുണ്ടാകാനും കാരണമാകുന്നു.

ഓരോ സ്‌റ്റേറ്റിന്റെയും പ്രവിശ്യയുടെയും പതിറ്റാണ്ടുകൾ നീണ്ടുനിന്ന സാമ്പത്തിക വളർച്ചയെക്കുറിച്ച് പഠനം നടത്തിയശേഷമാണ് ഇത് വ്യക്തമാക്കിയത്. നോർത്തേൺ ടെറിട്ടറിയാണ് ന്യൂ സൗത്ത് വെയിൽസിനും ,വിക്ടോറിയയ്ക്കും പിന്നാലെയുള്ളത്. ഇതിന് പുറമെ വെസ്‌റ്റേൺ ഓസ്‌ട്രേലിയയും പട്ടികയിൽ മൂന്നാമതാണ്. തൊട്ട് പിന്നാലെ എസിടിയും സൗത്ത് ഓസ്‌ട്രേലിയയും ഉണ്ട്. പട്ടികയിൽ ഏറ്റവും അവസാനമായി ഇടം നേടിയിരിക്കുന്നത് ടാസ്മാനിയയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ടാസ്മാനിയയെ പിറകോട്ട് വലിക്കുന്നത് നഗരത്തിൽ വളർന്നു വരുന്ന തൊഴിലിലായ്മയാണ്. വെസ്റ്റേൺ ഓസ്‌ട്രേലിയയിലും പിടിമുറുക്കിയിരിക്കുന്നതും ഇതേ പ്രതിഭാസമാണ്. എന്നാൽ എസിടിയിൽ വളർച്ച ഉണ്ടാകുന്നുണ്ടങ്കിൽ ഭവന പദ്ധതികളിൽ ഇനിയും നഗരം വളരാൻ ഏറെയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയരുത്തുന്നത്. കഴിഞ്ഞ 15 വർഷത്തെ അപേക്ഷിച്ച് തൊഴിലിലായ്മ ഈ നഗരങ്ങളിൽ വർധിച്ചു വരുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയേയും ബാധിക്കുമെന്ന നിലപാടിലാണ് സാമ്പത്തിക വിദഗ്ദ്ധർ എത്തിയിരിക്കുന്നത്.