പ്രണയം നടിച്ച് മുൻ സഹപ്രവർത്തക കൂടിയായ കാമുകിയെ ദുബായിൽനിന്ന് വിളിച്ചുവരുത്തി അഞ്ചുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ച സോഫ്റ്റ്‌വേർ എൻജിനിയറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസത്തിനുശേഷം എസ്.എം.എസിലുടെ സോഷ്യൽ മീഡിയയിൽ വിവരമറിയിച്ചാണ് യുവതി രക്ഷപ്പെടാൻ അവസരമൊരുക്കിയത്. ടോലിച്ചൗക്കി ഏരിയയിലെ ഫ്ളാറ്റിൽ പരിശോധന നടത്തിയ പൊലീസ്, മുറിവേറ്റ നിലയിൽ യുവതിയെ കണ്ടെത്തി.

സയ്യദ് എമാദ് ഹസൻ എന്നയാളാണ് 27-കാരിയായ യുവതിയെ ദുബായിൽിന്ന് വരുത്തി പീഡിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹാഭ്യർഥന നിരസിച്ചതിലെ വിരോധമാണ് ഹസൻ തീർത്തതെന്ന് പൊലീസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റായ യുവതിയും ഇയാളും കുറച്ചുനാൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെവച്ച് സുഹൃത്തുക്കളായി. യുവതയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും അന്യമതക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഇവർ പറഞ്ഞു.

യുവതി പിന്നീട് ദുബായിലേക്ക് പോയി. എന്നാൽ, അവരെ വെറുതെ വിടാൻ സയ്യദ് ഒരുക്കമായിരുന്നില്ല. ഹൈദരാബാദിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും സ്‌കൈപ്പിലൂടെ എന്നും രാത്രി സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. തന്റെ പ്രണയാഭ്യർഥന സ്വീകരിച്ചില്ലെങ്കിൽ, ഫോട്ടോകളും വീഡിയോകളും യുവതിയുടെ അച്ഛന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.

ഫോട്ടോകളും വീഡിയോകളും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സയ്യദ് അവരെ ഹൈദരാബാദിലേക്ക് വുരത്തിയത്. ഡിസംബർ 14-ന് ഹൈദരാബാദിലെത്തിയ യുവതിയെ വിമാനത്താവളത്തിൽനിന്ന് നേരെ ഫ്ളാറ്റിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ അവരെ പൂട്ടിയിട്ട സയ്യദ് അഞ്ചുദിവസം ക്രൂരമായ പീഡനത്തിന് ഇരയാക്കി. ഇസ്ലാം മതത്തിലേക്ക് മാറി തന്നെ വിവാഹം ചെയ്യുന്നതുവരെ ഇത് തുടരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഡിസംബർ 20-ന് സയ്യദിന്റെ ഫോൺ തട്ടിയെടുത്ത യുവതി തന്റെ സുഹൃത്തുക്കൾക്ക് സന്ദേശമയക്കുകയായിരുന്നു. ലാപ്‌ടോപ്പിൽനിന്ന് സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. സുഹൃത്തുക്കൾ ഇക്കാര്യം യുവതിയുടെ സഹോദരനെ അറിയിക്കുകയും അവർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസെത്തുമ്പോൾ, മുറിവേറ്റ നിലയിൽ ബാത്ത്‌റൂമിൽ കിടക്കുകയായിരുന്നു യുവതി. യുവതിയുടെ ഫോട്ടോകളും വീഡിയോകളും സയ്യദിന്റെ മൊബൈലിൽനിന്നും ലാപ്‌ടോപ്പിൽനിന്നും പിടിച്ചെടുത്തു.