- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവിന്റെ പോരാട്ടം പാഴായി; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തെ കീഴടക്കി ഗുജറാത്ത്; ജയം ഒമ്പത് വിക്കറ്റിന്; പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി
ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തെ ഒമ്പത് വിക്കറ്റിന് കീഴടക്കി ഗുജറാത്ത്. കേരളം ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ ഒരു വിക്കറ്റിന്റെ മാത്രം നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഓപ്പണർമാരായ പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിന് ജയമൊരുക്കിയത്.
ക്യാപ്റ്റൻ പ്രിയങ്ക് പാഞ്ചലിന്റെ (46 പന്തിൽ 66) ഇന്നിങ്സാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. പാഞ്ചലിനെ കെ എം ആസിഫ് പുറത്താക്കിയെങ്കിലും എസ് ഡി ചൗഹാൻ (പുറത്താവാതെ 50), ഉർവിൽ പട്ടേൽ (6) എന്നിവർ 15.3 ഓവറിൽ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.
ചൗഹാൻ 40 പന്തിൽ നിന്ന് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. ഉർവിൽ പട്ടേൽ ആറു റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തുകൾ നേരിട്ട് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 54 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറർ.
റോബിൻ ഉത്തപ്പ (9), മുഹമ്മദ് അസ്ഹറുദ്ദീൻ (13), സച്ചിൻ ബേബി (19), ഷറഫുദ്ദീൻ (3), വിഷ്ണു വിനോദ് (12) എന്നിവർക്കൊന്നും തന്നെ സ്കോർ ബോർഡിലേക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. ഗുജറാത്തിനായി റൂഷ് കലാരിയ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ കേരളം ബിഹാറിനെ നേരിടും. ആറാം തീയതി റെയിൽവേസിനെയും എട്ടാം തീയതി അസമിനെയും ഒമ്പതാം തീയതി നടക്കുന്ന മത്സരത്തിൽ മധ്യപ്രദേശിനെയും കേരളം നേരിടും.
എല്ലാ മത്സരങ്ങളും ഡൽഹിയിലാണ് നടക്കുക. സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പർ.
കഴിഞ്ഞ തവണയും സഞ്ജുവാണ് നയിച്ചിരുന്നത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന സീനിയർ താരം എസ് ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാണ് പരിശീലകൻ.