കണ്ണൂർ/തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി വഷളാകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു മുമ്പിൽ അഭ്യർത്ഥനയുമായി സംസ്ഥാന ഗവർണരും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവം. കണ്ണൂരിലെ കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നുവെന്നും അണികളെ സമാധാന പാതയിൽ എത്തിക്കാൻ നേതാക്കൾ തയ്യാറാവണമെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു. നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണ്ണർ. അടുത്തിടെ കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണ്ണറുടെ പ്രതികരണം.

ഇന്നലെ നടന്ന പോലുള്ള കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെ പ്രതിഛായ തകർക്കുന്നു. അണികളെ സമാധാന പാതയിൽ എത്തിക്കാൻ നേതാക്കൾ തയ്യാറാവണം. അക്രമ ബാധിത പ്രദേശങ്ങളിലും ഇത്തരം മേളകൾ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു. ആർ.എസ്.എസ്. പ്രവർത്തകൻ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം കണ്ണൂരിൽ കഴിഞ്ഞ ദിവസമാണ് വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു.

പേരാവൂർ ഐ.ടി.ഐ. വിദ്യാർത്ഥിയും കോളയാട് ആലപ്പറമ്പ് സ്വദേശിയുമായ ശ്യാമപ്രസാദാണ് വെട്ടേറ്റു മരിച്ചത്. എസ്ഡിപിഐ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനും പങ്കുണ്ടെന്ന സംശയതത്തിലാണ് ശ്യാമപ്രസാദിനെയും കൊലപ്പെടുത്തിയത്. സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ പുത്തൻ വീട്ടിൽ മുഹമ്മദ് (20),മിനിക്കോൽ വീട്ടിൽ സലീം (26), നീർവേലിയിലെ സമീറ മൻസിലിൽ സമീർ (25), കീഴലൂർ പാലയോട്ടെ തെക്കൈയിൽ ഹാഷിം (39 എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ പിടിയിലായത് പൊലീസിന്റെ ചടുല നീക്കത്തിൽ

കൃത്യം നടത്തിയ ശേഷം പേര്യ ചുരം വഴി വയനാടിലേക്ക് രക്ഷപ്പെടവെ ബോയ്സ് ടൗണിനു സമീപം തലപ്പുഴ സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് മണിക്കൂർ കൊണ്ട് കുറ്റവാളികളെ പിടികൂടാൻ സാധിച്ചത് പൊലീസിന്റെ നേട്ടമാണ് കണക്കാക്കുന്നുണ്ട്. വയനാട് പൊലീസ് പേര്യ, പാൽച്ചുരം എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തുകയും .പാൽച്ചുരത്തിനും ബോയ്‌സ് ടൗണിനും ഇടയിൽ വെച്ച് തലപ്പുഴ എസ്.ഐ. അനിലും സംഘവും സംശയാസ്പദമായ രീതിയിൽ കണ്ട കാർ കസ്റ്റഡിയിലെടുത്തതാണ് നിർണായകമായത്.

കൊലപാതകം നടന്നത് പകൽ ആയതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ദൃക്‌സാക്ഷികളായിരുന്നു. അതു കൊണ്ടു തന്നെ കൊലപാതകത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച കെ.എൽ 58 എം 4238 ചാര കളർ റിറ്റ് സ് കാർ വയനാട് ഭാഗത്തേക്ക് പോയതായി വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഏ.എസ്‌പി. ചൈത്ര തെരേസ വയനാട് ജില്ല പൊലീസ് മേധാവി അരുൾ ബി. കൃഷ്ണക്കും മാനന്തവാടി ഡി.വൈ.എസ്‌പി.കെ.എം.ദേവസ്യക്കും വിവരം കൈമാറി.

ഇതോടെ വയനാട് പൊലീസ് പേര്യ, പാൽച്ചുരം എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തുകയും .പാൽച്ചുരത്തിന്നും ബോയ്‌സ് ടൗണിനും ഇടയിൽ വെച്ച് തലപ്പുഴ എസ്.ഐ. അനിലും സംഘവും സംശയാസ്പദമായ രീതിയിൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് മാനന്തവാടി ഡി.വൈ.എസ്‌പി.കെ.എം. ദേവസ്യ സിഐപി.കെ.മണി, വടകര ക്രൈംബ്രാഞ്ച് സി.ഐ അബ്ദുൾ കരീം, പേരാവൂർ സിഐകുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.പ്രതികൾ കഴുകി ഉപയോഗിച്ച വസ്ത്രങ്ങളിലെയും ചെരുപ്പുകളിലെയും ചോരപ്പാടുകളും വാഹനത്തിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ ആയുധങ്ങളും പ്രതികൾ ഇവർ തന്നെയെന്ന് ഉറപ്പിക്കാൻ പൊലീസിന് സഹായമായി. അതേ സമയം കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ പ്രതികൾ ചുരത്തിൽ ഉപേക്ഷിച്ചിരുന്നു.ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊലപാതകത്തിന് ശേഷം പ്രതിയായ ഷഹീം മിന്റെ തരുവണയിലെ സഹോദരിയുടെ വീട്ടിലേക്ക രക്ഷപ്പെടുമ്പോഴാണ് പിടിയിലായത്.സിപിഎം.പ്രവർത്തകനായ കാക്കയങ്ങാട് ദിലീപൻ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. ഈ കേസ്സിൽ വിചാരണ പൂർത്തിയാക്കക്കാനിരിക്കെയാണ് പുതിയ സംഭവം. മീൻ കച്ചവടമാണ് മുഹമ്മദിന്റെ തൊഴിൽ. സലീം ലോഡിങ് തൊഴിലാളിയും , ഷഹീം കാറ്ററിങ് തൊഴിലാളിയുമാണ്.

കൊന്നത് എസ്ഡിപിഐ പ്രവർത്തകരായിട്ടും സിപിഎമ്മിനെ ബിജെപി ലക്ഷ്യമിടുന്നെന്ന് സിപിഎം

അതേസമയം കൊലആർഎസ്എസ് കണ്ണവം ശാഖാ മുഖ്യശിക്ഷകിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ കാരാൽ ആണെങ്കിലും സിപിഎമ്മാണ് പിന്നിലെന്ന് വരുത്താൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണം സിപിഎം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. സിപിഐഎമ്മും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവർത്തിക്കുന്നുവെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുൾ എല്ലാവർക്കുമറിയാംമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് കണ്ണൂരിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീൽകുമാർ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോൾ അത് സിപിഐ എമ്മിന്റെ ചുമലിൽ കെട്ടിവെക്കുകയാണ് ആർഎസ്എസ് ചെയ്തത്. സമാന ശ്രമങ്ങൾ ഈ സംഭവത്തിലും ഉണ്ടെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.

അതിതിനിടെ എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടത് സിപിഎം പിന്തുണയോടെയുള്ള ഐഎസ് തീവ്രവാദം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചത്. കേരളം ഐഎസ് ഭീകരപ്രവർത്തനത്തിന്റെ സിരാകേന്ദ്രമായി മാറിയിരിക്കുകയാണെന്നും തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണെന്നും കുമ്മനം ആരോപിച്ചു. എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

ഐഎസ് തീവ്രവാദം ഏറ്റവും ശക്തമായി നടക്കുന്ന ജില്ല കണ്ണൂരാണ്. അതിന്റെ പ്രതിഫലനമാണ് ഈ കൊലപാതകം. അവിടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനായില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂരിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിനുകാരണം സിപിഎമ്മും പൊലീസും സ്വീകരിക്കുന്ന മൃദുസമീപനമാണ് -കുമ്മനം പറഞ്ഞു.

സംഘർഷാവസ്ഥയില്ലാത്ത സ്ഥലത്ത് എബിവിപി പ്രവർത്തകൻ കൊല്ലപ്പെട്ടത് ഐഎസ് തീവ്രവാദത്തിന്റെ കരുനീക്കം മൂലമാണ്. സിപിഎം പാർട്ടി ഗ്രാമങ്ങളിലാണ് തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്. നേരത്തേ, പകൽ സിപിഎം കൊടിപിടിക്കുന്നവർ രാത്രിയിലായിരുന്നു എസ്ഡിപിഐ പ്രവർത്തനം നടത്തിയിരുന്നത്. ഇന്നവർ പകൽ എസ്ഡിപിഐ പ്രവർത്തനം നടത്തുകയും രാത്രിയിൽ സിപിഎം ഗ്രാമങ്ങളും പാർട്ടി കേന്ദ്രങ്ങളും അവർക്ക് അഭയമൊരുക്കുകയും ചെയ്യുന്നു.

അശ്വിനി കുമാർ, സച്ചിൻ ഗോപാൽ എന്നിവരുടെ കൊലപാതകം ജിഹാദി തീവ്രവാദം നടത്തിയിരുന്ന പ്രസ്ഥാനങ്ങളാണ് ചെയ്തത്. എന്നാൽ അതേക്കുറിച്ചൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. ഒരു കൊലപാതകം നടന്നാൽ കൃത്യത്തെ കുറിച്ച് മാത്രമല്ല, അതിന്റെ പിന്നാമ്പുറത്തെ കുറിച്ചും അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

അതേസമയം ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയും ഐഎസ് ബന്ധത്തിന്റെ പശ്ചാത്തലത്തിലും പോപ്പുലർ ഫ്രണ്ടിനെ ദേശീയ തലത്തിൽ നിരോധിക്കാനുള്ള സമ്മർദ്ദം ആർഎസ്എസ് ശക്തമാക്കും. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് എൻ.ഐ.എ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം നടക്കുന്നത്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്)മായും രാജ്യത്തിനകത്തെ നക്‌സൽ, മവോയിസ്റ്റ് സംഘങ്ങളുമായും ചേർന്ന് പി.എഫ്.ഐ പ്രവർത്തിക്കുന്നതായാണ് എൻ.ഐ.എ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്ക് ഏറെ ഭീഷണിയായ 'ജിഹാദി' ആശയങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണ് പോപ്പുലർഫ്രണ്ടിന്റേതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ കേന്ദ്രം ഊർജിതമാക്കിയത്.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ഐഎസ് തീവ്രവാദത്തിന്റെ മോഡലാണെന്ന് കേരളത്തിലെ ബിജെപി നേതാക്കൾ ആവർത്തിക്കുന്നതും ഈ സാഹചര്യത്തിലാണ്. അതേസമയം നിരോധനം മുന്നിൽകണ്ട് പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കവും പോപ്പുലർ ഫ്രണ്ട് നേതൃത്വം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന അഭിഭാഷകരെ ഇറക്കി സുപ്രീംകോടതിയിലും ട്രിബ്യൂണലിലും സമീപിക്കാനാണ് പി.എഫ്.ഐ നേതൃത്വത്തിന്റെ തീരുമാനം. നിരോധനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പോപ്പുലർഫ്രണ്ട് നേതാക്കളും വ്യക്തമാക്കിയിരുന്നു.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെല്ലാം പിൻതുടരുന്ന തീവ്ര സലഫി ധാരയാണ് പോപ്പുലർഫ്രണ്ടും പിൻതുടർന്ന് വരുന്നത്. ഇവരുടെ തർബിയത്ത് ക്ലാസുകളിലെല്ലാം സലഫി ധാരയെ മാത്രമാണ് പഠിപ്പിക്കുന്നത്. ഐ.എസ് അടക്കുമുള്ള തീവ്ര സംഘങ്ങൾക്ക് ആശയവും വളവും നൽകിയ സലഫി പണ്ഡിതന്മാരെ മാത്രമാണ് ഇവർ ക്ലാസുകളിൽ പരിചയപ്പെടുത്തുന്നത്. ആശയ തീവ്രതയും ഇതിന്മേലുള്ള സംഘടിതമായ നീക്കവും രാജ്യത്തിന് ഭീഷണിയാണെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളും നടത്തിയ ക്രൈമുകളും കേസുകളും എൻ.ഐ.എ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. 15അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനം. തീവ്രവാദ വേരുകളുടെ കോപ്പുകൂട്ടൽ ഇടം കേരളമാണെന്നും അതിന് വളക്കൂറുണ്ടാക്കുന്നത് പോപ്പുലർഫ്രണ്ട് വഴിയാണെന്നുമാണ് നിരീക്ഷണം.

മാറാട് കലാപത്തിൽ എൻ.ഡി.എഫ് പങ്ക് അന്നത്തെ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന അൽ ഉമ്മ എന്ന ഭീകര സംഘടനയുമായും എൻ.ഡി.എഫ് പ്രവർത്തകർക്ക് ബന്ധമുണ്ടായിരുന്നു. അൽ ഉമ്മയുടെ നേതൃത്വത്തിൽ നടത്തിയ കോയമ്പത്തൂർ സ്‌ഫോടന കേസിൽ കോഴിക്കോട് സ്വദേശിയും എൻ.ഡി.എഫ് പ്രവർത്തകനുമായ സുബൈർ അറസ്റ്റിലായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരിൽ കനകമലയിൽ നിന്ന് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.