മെൽബൺ: കുട്ടികളിൽ ശ്വാസതടസം പോലെയുള്ള അപകടം സൃഷ്ടിക്കുന്നതിനാൽ നിലവിൽ വില്പനയിലുള്ള മൂന്ന് മരുന്നുകൾ തിരിച്ചുവിളിക്കുന്നു. മൊത്ത മരുന്ന് കച്ചവടക്കാരായ സിംബയോൺ ആണ് ഫാർമസി ചോയിസ് ആൻഡ് കെംമാർട്ട് എന്ന ബ്രാൻഡ് നെയിമുകളിലുള്ള 'Ibuprofen Children's Suspension'മരുന്നുകൾ തിരിച്ചുവിളിക്കുന്നത്.

കുട്ടികളുടെ Nurofen എന്ന മരുന്നുമായി ഏറെ സാമ്യമുള്ള ഈ മരുന്നുകൾ 200 മില്ലി ലിറ്റർ പായ്ക്കറ്റുകളിലാണ് എത്തുന്നത്. ഫാർമസി ചോയ്‌സിന്റെ  IA45162, IA50044 and IA50026 എന്നീ ബാച്ച് നമ്പരുകളിലുള്ള മരുന്നുകളാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്. ഇവയ്ക്ക് 2017 മെയ്‌, ജൂൺ മാസങ്ങൾ വരെ എക്‌സ്പിയറി ഡേറ്റുമുണ്ട്. കെംമാർട്ട് മെഡിസിന്റെ  IA45163 and IA50030 എന്നീ ബാച്ചുകളിലുള്ള മരുന്നുകളാണ് തിരിച്ചുവിളിക്കുന്നത്. ഇവയ്ക്കും 2017 മെയ്‌, ജൂൺ വരെ കാലാവധിയുണ്ട്. 2016 ഒക്ടോബർ വരെ കാലാവധിയുള്ള കെംമാർട്ടിന്റെ ആറു വയസുമുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള പാരസെറ്റമോൾ തിരിച്ചുവിളിക്കാനും ആലോചിക്കുന്നുണ്ട്.

നിലവിൽ മരുന്നുകൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ഇവയുടെ അടപ്പുകൾ ആണ് ചെറിയ കുട്ടികളിൽ അപകടസാധ്യത സൃഷ്ടിക്കുന്നത്. തെറാപ്പോറ്റീക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷനുമായി ചർച്ച നടത്തിയ ശേഷമാണ് സിംബയോൺ ഇതുസംബന്ധിച്ച തീരുമാനമെടുക്കത്. കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ബാച്ചുകളിലുള്ള മരുന്നുകൾ മാത്രമേ പിൻവലിക്കുന്നുള്ളുവെന്നും ഇതേ പേരിലുള്ള മറ്റു മരുന്നുകൾ ഉപയോഗിക്കുന്നതിന് കുഴപ്പമൊന്നുമില്ലെന്നുമാണ് സിംബയോൺ വക്താവ് അറിയിക്കുന്നത്. മരുന്നിന്റെ നിലവാരത്തിൽ കുഴപ്പമൊന്നുമില്ലെങ്കിലും പായ്ക്കിംഗിലെ അപാകതയാണ് മരുന്നുകൾ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്.

നിലവിൽ ഈ ബാച്ചുകളിലുള്ള മരുന്നുകൾ കൈവശം ഉള്ളവർ തിരിച്ചു നൽകി റീഫണ്ട് വാങ്ങാമെന്നും കമ്പനി അറിയിക്കുന്നു.