- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്ഥാപകനും സിയാൽ ഡയറക്ടറുമായ സി.വി.ജേക്കബ് അന്തരിച്ചു; അന്ത്യം കേലഞ്ചേരിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്; സംസ്‌കാരം പിന്നീട്
കോലഞ്ചേരി: സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്ഥാപകനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഡയറക്ടറുമായ നെച്ചൂപ്പാടത്ത് സി.വി.ജേക്കബ് (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. 1972 ലാണ് കോലഞ്ചേരി കടയിരുപ്പ് ആസ്ഥാനമായി സിന്തൈറ്റ് കമ്പനി ആരംഭിച്ചത്. 20 തൊഴിലാളികളുമായാണ് തുടക്കം. ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ആയിരകണക്കിന് തൊഴിലാളികളും 1500 കോടി രൂപ വിറ്റുവരവുമുള്ള വലിയ പ്രസ്ഥാനമായി മാറി.സ്‌പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനായ ഇദ്ദേഹം രാഷ്ട്രപതിയുടെ ഉദ്യോഗ പത്ര അവാർഡിനർഹനായിട്ടുണ്ട്. ഓർത്തഡോക്‌സ് സഭാ മുൻ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു. സംസ്‌കാരം പിന്നീട്.
ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സർക്കാർ ബഹുമതി 1976-77 മുതൽ ഒട്ടേറെ വർഷം രാഷ്ട്രപതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സാമൂഹ്യ രംഗങ്ങളിലും അദ്ദേഹം ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂൾ, പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ്, കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയം ആദ്യമായി ഉയർന്നുവന്നപ്പോൾ ഇതിന്റെ മുൻനിരയിൽ അദ്ദഹമുണ്ടായിരുന്നു. പദ്ധതിയിലേക്ക് മൂലധനം എന്ന നിലയിൽ ആദ്യമായി 25 ലക്ഷം രൂപ നൽകിയത് സി.വി.ജേക്കബാണ്. വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതലയുള്ള ഡയറക്ടറായും പ്രവർത്തിച്ചിരുന്നു
പ്രമുഖ കോൺട്രാക്ടറായിരുന്ന കോലഞ്ചേരി നെച്ചുപ്പാടം സി.യു. വർക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബർ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കൾ: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എൽവി, സിൽവി, മിന്ന, മിന്നി.