മോസ്‌കോ: അമേരിക്കയ്ക്ക് ഒപ്പം ചേർന്ന് ബ്രിട്ടൻ സിറിയയിൽ വ്യോമാക്രമണം നടത്തിയതിനുള്ള പ്രതികാരമെന്നോണം റഷ്യ ബ്രിട്ടന് എതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് രംഗത്തിറങ്ങുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു.

തൽഫലമായി എൻഎച്ച്എസിന്റെ പ്രവർത്തനവും ജലവിതരണവും തടസപ്പെട്ടേക്കാമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ബ്രിട്ടീഷ് തെരുവുകളും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ റഷ്യയുടെ സൈബർ ആക്രമണം ബ്രിട്ടനിലെ നിർണായകമായ ട്രാൻസ്പോർട്ട് സംവിധാനങ്ങളെയും അട്ടിമറിച്ചേക്കാനുള്ള സാധ്യതയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിക്കുന്നുണ്ട്.

ജിസിഎച്ച്ക്യു, മിനിസ്ട്രി ഓഫ് ഡിഫെൻസ് എന്നിവയിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഇത്തരം മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾക്ക് റഷ്യ കോപ്പ് കൂട്ടുന്നുണ്ടെന്നും അതിനെതിരെ സാധ്യമായ എല്ലാ മുൻകരുതലുകളുമെടുക്കുന്നുണ്ടെന്നും ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും വ്യക്തമാക്കുന്നുണ്ട്. റഷ്യയുടെ സൈബർ ആക്രമണത്തെ തുടർന്ന് ബ്രിട്ടനിലെ ഗ്യാസ് നെറ്റ് വർക്കുകൾ, ബാങ്കുകൾ, ഹോസ്പിറ്റലുകൾ, എയർ ട്രാഫിക്ക് കൺട്രോൾ പോലും താറുമാറാകാൻ സാധ്യതയുള്ള കാര്യം ഇന്റലിജൻസ് ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

ബ്രിട്ടനിലെ എംപിമാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും മറ്റും ഓൺലൈനിലൂടെ പുറത്ത് വിടാനും റഷ്യ ഒരുങ്ങുന്നുവെന്ന് ഇന്റലിജൻസ് ഉറവിടങ്ങൾ മുന്നറിയിപ്പേകുന്നു.തന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന ബ്രിട്ടനടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണത്തിന് പുട്ടിന്റെ എല്ലാ വിധ അനുഗ്രഹാശിസുകളുമുണ്ടാകാൻ സാധ്യതയേറെയാണെന്നും പ്രവചനമുണ്ട്. ബ്രിട്ടനിലെ വീടുകൾ പോലും മുമ്പില്ലാത്ത വിധത്തിൽ റഷ്യൻ ഹാക്കർമാരുടെ ഭീഷണിക്ക് വിധേയമാകാൻ സാധ്യതയേറെയാണെന്നാണ് ഡെയിലി മെയിൽ എഴുതിയ ലേഖനത്തിൽ സൈബർ വിദഗ്ധനായ മാർക്ക് അൽമൊണ്ട് മുന്നറിയിപ്പേകുന്നത്.

മുമ്പില്ലാത്ത വിധത്തിൽ വീടുകൾ ഇന്റർനെറ്റിനെ ആശ്രയിക്കുന്നതാണ് ഇതിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുന്നത്.ഇതിന് പുറമെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾക്ക് നേരെയും റഷ്യൻ ഹാക്കർമാർ കടുത്ത ആക്രമണങ്ങൾ നടത്തി വിലപ്പെട്ട വിവരങ്ങൾ ചോർത്തി രാജ്യസുരക്ഷ തന്നെ അവതാള്ളത്തിലാക്കിയേക്കാമെന്ന ഉത്കണ്ഠയും വർധിച്ച് വരുന്നുണ്ട്.

അമേരിക്കയും ബ്രിട്ടനും ഫ്രാൻസുംചേർന്ന് സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ശനിയാഴ്ച റഷ്യ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പുറമേക്ക് ധൈര്യം നടിക്കുന്നുണ്ടെങ്കിലും റഷ്യയുടെ തിരിച്ചടി ഒളിവിലോ തെളിവിലോ എന്നറിയാതെ ബ്രിട്ടനും കൂട്ടരും ഭയക്കുന്നുണ്ടെന്ന് തന്നെയാണ് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്.