സിറിയൻ പ്രശ്നത്തിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂർധന്യത്തിലെത്തിയതോടെ മൂന്നാം ലോക മഹായുദ്ധം ഏത് സമയത്തും ആരംഭിക്കാമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റഷ്യ ആണവമിസൈലുകൾ പോളണ്ട് അതിർത്തിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ എല്ലാ ഉദ്യോഗസ്ഥരോടും അവരുടെ ബന്ധുക്കളുണ്ടെങ്കിൽ അവരോടും അവധി റദ്ദാക്കി വിദേശ രാജ്യങ്ങളിൽ നിന്നും റഷ്യയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. യുദ്ധം ഏത് സമയത്തും പൊട്ടിപ്പുറപ്പെടാമെന്നതിനാൽ അവർക്ക് ആപത്തുണ്ടാകാതിരിക്കാനാണീ മുന്നറിയിപ്പ്. ഇത്തരത്തിൽ അമേരിക്കയുമായി നേരിട്ട് മുട്ടാൻ ഉറച്ച് കളത്തിലിറങ്ങിയിരിക്കുകയാണ് റഷ്യ. സിറിയയുടെ പേരിൽ മൂന്നാം ലോക മഹായുദ്ധം അടുത്തെത്തിയെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് മുഴക്കുന്നുമുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവർ വിദേശ രാജ്യങ്ങളിലുണ്ടെങ്കിൽ അവരോട് മടങ്ങിയെത്താൻ നിർദേശിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തങ്ങൾക്ക് മുന്നറിയിപ്പേകിയതായി റഷ്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും ഉയർന്ന റാങ്കിലുള്ള ഓഫീസർമാരും വെളിപ്പെടുത്തിയിട്ടുണ്ട്.സിറിയൻ കലാപത്തിൽ റഷ്യയുടെ ഇടപെടലിനെ ചൊല്ലി യൂറോപ്പുമായി മോസ്‌കോയ്ക്കുള്ള തർക്കം വർധിച്ചതിനെ ഫ്രാൻസിലേക്ക് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനം പുട്ടിൻ റദ്ദാക്കിയിരിക്കുകയാണ്. റഷ്യയും യുഎസും തമ്മിലുള്ള തർക്കം വർധിച്ചതിനാൽ ലോകം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് മുൻ റഷ്യൻ നേതാവായ മിഖായേൽ ഗോർബച്ചേവ് മുന്നറിയിപ്പേകുന്നു.

റഷ്യയിലെ അഡ്‌മിനിസ്ട്രേഷൻ സ്റ്റാഫുകൾ, റീജിയണൽ അഡ്‌മിനിസ്ട്രേറ്റർമാർ, ലോ മെയ്‌ക്കർമാർ, പബ്ലിക്ക് കോർപറേഷനുകളിലെ ജോലിക്കാർ, തുടങ്ങിയവരോട് അവരുടെ മക്കൾ വിദേശത്ത് പഠിക്കുന്നുണ്ടെഹ്കിൽ എത്രയും പെട്ടെന്ന് മടങ്ങിയെത്താൻ നിർദേശിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ യഥാർത്ഥ കാരണം ഇനിയും സർക്കാർ വ്യക്തമാക്കുന്നില്ല. എന്നാൽ ഇതൊരു വലിയ യുദ്ധത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യുന്നതാണെന്നാമ് റഷ്യൻ പൊളിറ്റിക്കൽ അനലിസ്റ്റായ സ്റ്റയിൻസ്ലാവ് ബെൽകോവ്സ്‌കി അഭിപ്രായപ്പെടുന്നത്. ശീതയുദ്ധത്തിന് ശേഷം റഷ്യയും യുഎസും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സന്ദർഭമാണിത്. സിറിയയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് റഷ്യയുമായി നടത്തുന്ന ചർച്ചകളെല്ലാം യുഎസ് നിർത്തി വയ്ക്കുകയും ഇവിടുത്തെ ആക്രമണങ്ങളുടെ പേരിൽ റഷ്യയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

യുഎസുമായുള്ള സ്പർധ വർധിച്ച സാഹചര്യത്തിൽ റഷ്യ നിരവധി ആണവ കരാറുകൾ റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയുമായും പ്രമുഖ പാശ്ചാത്യ രാജ്യങ്ങളുമായുള്ള തർക്കം ശക്തമായതിനെ തുടർന്നാണ് റഷ്യ കഴിഞ്ഞ ദിവസം ആണവമിസൈലുകൾ പോളണ്ട് അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി റഷ്യ ഇസ്‌കാൻഡർ മിസൈലുകളാണ് കലിനിൻഗ്രാഡിലേക്ക് എത്തിച്ചിരിക്കുന്നത്. ബാൾട്ടിക് കടലിലെ റഷ്യൻ എൻക്ലേവാണിത്. നാറ്റോ അംഗരാജ്യങ്ങൾക്കും പോളണ്ടിനും ലിത്വാനിയക്കും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ബെർലിനടക്കമുള്ള നിരവധി പാശ്താത്യ രാജ്യങ്ങളിലേക്കെത്താൻ എളുപ്പമാണ്. റഷ്യയുടെ ഈ നീക്കം കടുത്ത ഉത്കണ്ഠയാണുയർത്തിയിരിക്കുന്നതെന്നാണ് പോളിഷ് ഒഫീഷ്യലുകൾ പറയുന്നത്. പോളണ്ടിന്റെ തലസ്ഥാനമായ വാർസായ്ക്കും ഇത് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിറിയയിൽ റഷ്യ നടത്തുന്ന വ്യോമാക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് വിമർശിച്ചതിനെ തുടർന്നാണ് പാരീസ് സന്ദർശനം പുട്ടിൻ റദ്ദാക്കിയിരിക്കുന്നത്.

റിയോ ഒളിമ്പിക്സിൽ റഷ്യൻ പാരാലിമ്പിക് ടീം പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തിയതിലും ക്രെംലിന് കടുത്ത അസംതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹില്ലാരി ക്ലിന്റന്റെ പേഴ്സണൽ ഇമെയിലുകൾ ഹാക്ക് ചെയ്തതിൽ റഷ്യയ്ക്കുള്ള പങ്ക് എഫ്ബിഐ അന്വേഷിക്കുമെന്നാണ് ഹില്ലാരിയുടെ മുതിർന്ന ഉപദേശകൻ പറയുന്നത്. എന്നാൽ റഷ്യൻ ഒഫീഷ്യലുകൾ ഹാക്കിങ് ആരോപണം ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. യുദ്ധ വിരുദ്ധരോട് ലണ്ടനിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ഈ ആഴ്ച ആദ്യം ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും വിവാദത്തിൽ ഭാഗഭാക്കായി റഷ്യയുടെ അസംതൃപ്തിക്ക് ഇരയായിട്ടുണ്ട്. ഇതിനിടെ ബുധനാഴ്ച റഷ്യൻ സൈന്യം ഇന്റർകോണ്ടിനന്റൽ മിസൈലുകൾ പരീക്ഷിച്ചിരുന്നു. പസിഫിക്ക് ഫ്ലീറ്റ് സബ്മറൈനുകളിൽനിന്നുമാണിത് പരീക്ഷിച്ചത്.