ലൈസിലെ ജംഗിൾ ക്യാമ്പിൽ നിന്നും പ്രത്യേക സ്‌കീം പ്രകാരം ഈ മാസം 17ന് ലണ്ടനിൽ എത്തിയ ആദ്യ അഭയാർത്ഥിക്കുട്ടികളുടെ സംഘത്തിൽപ്പെട്ട 14 പേരിലുള്ള ആളാണ് 16കാരനായ ഹാരിസ് സ്റ്റാനിക്സായ് എന്ന അഫ്ഗാൻക്കാരൻ. തനിക്ക് 16 വയസ് തികഞ്ഞില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടാണ് ഇയാൾ യുകെയിൽ എളുപ്പത്തിൽ അഭയം തേടിയിരിക്കുന്നത്. എന്നാൽ ഇവിടെയെത്തിയ പാടെ 22 വയസെന്ന് പറഞ്ഞ് ഡേറ്റിങ് സൈറ്റിലും ലിങ്ക്ഡ് ഇന്നിലും ഇയാൾ പരസ്യം നൽകിയെന്നും വെളിപ്പെട്ടിട്ടുണ്ട്. സിറിയയിൽ നിന്നുമെത്തുന്ന നിരവധി പേർ ഇത്തരത്തിൽ ബ്രിട്ടീഷ് ഔദാര്യത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ബ്രിട്ടനിൽ നേരത്തെ തന്നെ എത്തിപ്പെട്ട അഭയാർത്ഥികളുടെ മക്കൾക്ക് അവരുടെ ബന്ധുക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം കൂടിച്ചേരുന്നതിന് വേണ്ടിയിട്ടായിരുന്നു കലൈസിലെ ജംഗിൾ ക്യാമ്പിലുള്ള ഒറ്റപ്പെട്ട കുട്ടികൾക്ക് എളുപ്പത്തിൽ യുകെയിലെത്തുന്നതിനുള്ള പ്രത്യേക സ്‌കീം സർക്കാർ ആരംഭിച്ചിരുന്നത്. ഇതിന് കീഴിലാണ് ഹാരിസും യുകെയിലെത്തയിരിക്കുന്നത്. ഈ സ്‌കീമിനെ ചൂഷണം ചെയ്ത് ബ്രിട്ടനിൽ എളുപ്പത്തിൽ എത്തുന്നതിനായി പ്രായം കുറച്ച് പറഞ്ഞ് മുതിർന്നവരും ഇതിനെ ദുരുപയോഗിക്കുന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഇത്തരത്തിൽ എത്തുന്നവരെ വേണ്ടത്ര പരിശോധനകൾ ഇല്ലാതെയാണ് രാജ്യത്തേക്ക് കടത്തി വിടുന്നതെന്ന് ഇമിഗ്രേഷൻ അധികൃതർ തന്നെ സമ്മതിച്ച കാര്യവുമാണ്. എന്നാൽ തന്റെ മരുമകൻ പ്രായം തെളിയിക്കുന്നതിനായി ദന്തപരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നാണ് ഈ കുട്ടിയുടെ അമ്മാവൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഈ ഹാരിസിന്റെ ഫോട്ടോ ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഒരു ഡേറ്റിങ് വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഈ ആഴ്ച പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതിലെല്ലാം ഇയാളുടെ പ്രായം 22 വയസാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഹാരിസ് പ്രായം കുറച്ച് പറഞ്ഞിട്ടാണ് യുകെയിലെത്തിയതെന്ന ആരോപണം ഇയാളുടെ കുടുംബം ശക്തമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ഹാരിസിന് 16 വയസാണെന്ന് തെൽയിക്കാൻ ഏത് ടെസ്റ്റിനും തയ്യാറാണെന്നും അവർ പറയുന്നു. തന്റെ മരുമകന് 16 അല്ലെങ്കിൽ 17 വയസ് മാത്രമേയുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നുമാണ് അമ്മാവനായ ജാൻ ഗസ്സി സൗത്ത് ലണ്ടനിൽ വച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിലെ ജഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹാരിസ് അക്കൗണ്ടിംഗിലും ഫിനാൻസിലും എൻ റോൾ ചെയ്തിട്ടേയുള്ളുവെന്നും ഗസ്സി സാക്ഷ്യപ്പെടുത്തുന്നു.

യുകെയിലേക്ക് കൊണ്ടു വരുന്ന വേളയിൽ ഹോം ഓഫീസ് ഹാരിസിനെ പ്രായം തെളിയിക്കാനായി മൂന്ന് മണിക്കൂറോളം ഇന്റർവ്യൂവിന് വിധേയനാക്കിയിരുന്നുവെന്നും അതിലൂടെ കുട്ടിക്ക് 17 വയസാണെന്ന് അവർ സ്ഥിരീകരിച്ചിരുന്നുവെന്നും ഗസ്സി പറയുന്നു. എന്നാൽ ഹാരിസിന് 17ൽ കുറവാണെന്നാണ് തന്റെ അഭിപ്രായമെന്നും വ്യത്യാസം വന്നത് യുകെ കലണ്ടർ അഫ്ഗാൻ കലണ്ടറിലേക്ക് കൺവെർട്ട് ചെയ്യുമ്പോൾ വന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ അഫ്ഗാൻ അഭയാർത്ഥിക്ക് ജനനസർട്ടിഫിക്കറ്റ് പോലുമുണ്ടായിരുന്നില്ലെന്നും 1999 ജനുവരി ഒന്നിനാണ് ജനിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയെന്നുമാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ രക്ഷിതാക്കൾ നേരത്തെ യുകെയിലേക്കെത്തിയ നൂറ് കണക്കിന് അഭയാർത്ഥിക്കുട്ടികളെ യുകെയിലേക്ക് ഘട്ടം ഘട്ടമായി എത്തിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരുടെ പ്രായം സംബന്ധിച്ച വിവാദങ്ങൾ മുറുകുന്നത്.