സിഡ്‌നി:  കൂടുതൽ അഭയാർത്ഥികളെ ഏറ്റെടുക്കാൻ ഓസ്‌ട്രേലിയയ്ക്കുമേൽ സമ്മർദ്ദം ശക്തമായി. ഏറ്റെടുക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചർച്ചയുണ്ടാകുന്നതിനോടൊപ്പം തന്നെ ഏതുതരത്തിൽ പെട്ടവരെ ഏറ്റെടുക്കണമെന്നുള്ള ചർച്ചകളും ചൂടു പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ.  സിറിയയിൽ നിന്നുള്ളവരിൽ നിന്നു തന്നെ  ക്രിസ്ത്യാനികളെയാണോ യസീദികളേയാണോ സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ ഭരണക്ഷി നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൽ ഉണ്ട്.  

ടേൺബുള്ളിനെ പോലുള്ള ഭരണക്ഷി നേതാക്കൾ  സിറിയൻ ക്രിസ്ത്യാനികൾക്കു വേണ്ടി വാദിച്ചപ്പോൾ  വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പിനെപ്പോലുള്ളവർ ന്യൂനപക്ഷങ്ങളായ യസീദികൾക്കു വേണ്ടിയാണ് വാദിക്കുന്നത്. സിറിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥയിൽ തനിക്ക് ഉത്കണ്ഠയുണ്ടെന്ന്  ടേൺബുൾ ഇന്നലെ വ്യക്തമാക്കി.  ക്രിസ്തുവിന്റെ കാലം തൊട്ട് സിറിയയിൽ ജീവിക്കുന്ന ന്യൂനപക്ഷ ജനവിഭാഗമാണ് ക്രിസ്ത്യാനികൾ.  ഇത്രയും നാൾ അവർ ജീവിച്ച ചുറ്റുപാടുകളിൽ ഇനിയും അവർക്ക് അതിജീവിക്കാൻ സാധിക്കില്ലെന്നും ക്രിസ്ത്യൻ അഭയാർത്ഥികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സെനറ്റ് ലീഡർ എറിക്ക് എബെട്‌സും സിറിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥയെ അപലപിച്ചു.  അഭയാർത്ഥി പ്രശ്‌നത്തിൽ താൽകാലികമായും ശാശ്വതമായുമുള്ള പരിഹാരം ഉടൻ കണ്ടെത്തുമെന്ന് ഫോറിൻ മിനിസ്റ്റർ ജൂലി ബിഷപ്പ് പറഞ്ഞു. ക്രസ്ത്യൻ മൈനോറിറ്റികളാണ്   സിറിയൻ വിഷയത്തിൽ ഏറെ ക്രൂശിക്കപ്പെടുന്നതെന്നും ആ രാജ്യത്തെ പ്രശ്‌നങ്ങൾ അവസാനിച്ചാലും ഇവരുടെ പ്രശ്‌നങ്ങൾ തുടരുമെന്നും അവർ പറഞ്ഞു.  ഹിംസിക്കപ്പെടുന്ന ഇത്തരം ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ ആണ് സ്വീകരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.   

അഭയം തേടിയെത്തുന്നവരുടെ കാര്യത്തിൽ ഗവൺമെന്റ് ഉടൻ നടപടി കൈക്കൊള്ളണമെന്ന് കോയ്‌ലേഷൻ എംപിമാർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.  വർഗ്ഗീയമായ കാഴ്ചപ്പാടുകൽ മാറ്റി വച്ച് പ്രവർത്തിക്കാനും എംപിമാർ ആവശ്യപ്പെട്ടു.  അതേസമയം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാവണം ഓസ്‌ട്രേലിയയുടെ പുനരധിവാസ ശ്രമങ്ങൽ എന്ന് ലിബറൽ ബാക്ക് ബെഞ്ചർ കോറി ബെർൺഡി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും  പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമാണ് മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികൾ. അവർക്കാണ  നമ്മൾ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

50000 ആശ്രിതരെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയയ്ക്ക് സാധിക്കുമെന്ന് ഗവൺമെന്റ് ബാക്ക് ബെഞ്ചറായ ഇവെൻ ജോൺസ് അഭിപ്രായപ്പെട്ടു.  യുദ്ധത്തിന് ഇരയാവുന്ന ഒരു മനുഷ്യന്റെ മതം ചികയുന്നതിൽ കാര്യമില്ലെന്നും അടിച്ചമർത്തപ്പെതും ന്യൂനപക്ഷങ്ങളുമായ ജനവിഭാഗങ്ങളുടെ സുരക്ഷിതത്വമാണ് ആലോചിക്കേണ്ടതെന്ന പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൺ അഭിപ്രായപ്പെട്ടു.