ഡമാസ്‌കസ്: ചവേറാക്രമണത്തിനു പോകുന്ന ഏഴും ഒമ്പതും വയസു പ്രായമുള്ള മക്കളെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് യാത്രയാക്കുന്ന സിറിയൻ മാതാവിന്റെയും മക്കൾക്കു ധൈര്യം നല്കുന്ന പിതാവിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തായി. 16ന് ഡമാസ്‌കസിലെ പൊലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയ ഏഴുവയസുകാരിയുടെ മാതാപിതാക്കളുടെ രണ്ടു വീഡിയോകളാണ് മാദ്ധ്യമങ്ങൾക്കു ലഭിച്ചിരിക്കുന്നത്.

പർദ ധരിച്ചിരിക്കുന്ന രണ്ടു പെൺകുഞ്ഞുങ്ങളെയും മാതാവ് ആവർത്തിച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് യാത്രയാക്കുന്നത് ദൃശ്യത്തിൽ കാണാം. തുടർന്ന് പിതാവ് മക്കൾക്ക് ധൈര്യം കൊടുക്കാനായി സംസാരിക്കുകയും ചെയ്യുന്നു. അള്ളാഹു അക്‌ബർ എന്നുരുവിട്ടുകൊണ്ടാണ് കുഞ്ഞുങ്ങൾ ചാവേറാക്രമണത്തിനു പുറപ്പെടുന്നത്.

അൽപ്പസമയത്തിനുശേഷമാണ് ഏഴു വയസുകാരി ശരീരത്തിലൊളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി ഡമാസ്‌കസിലെ പൊലീസ് സ്‌റ്റേഷനിലേക്കു നടന്നു കയറിയത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു നടത്തിയ സ്‌ഫോടനത്തിൽ ഈ കുഞ്ഞ് കൊല്ലപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന മൂന്നു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

കുഞ്ഞുങ്ങളുടെ യഥാർത്ഥ മാതാവും പിതാവും തന്നെയാണിതെന്ന് സിറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ പേര് ഇസ്ലാം എന്നും മൂത്ത കുഞ്ഞിന്റെ പേര് ഫാത്തിമ എന്നും ആണെന്നും കണ്ടെത്തി.

ഇത്രയും ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ എന്തിനാണ് ചാവേർ സ്‌ഫോടനത്തിന് അയക്കുന്നതെന്ന് സംഭവം ചിത്രീകരിക്കുന്ന കാമറാമാൻ ചോദിക്കുന്നുണ്ട്. ജിഹാദിന്റെ കാര്യം വരുമ്പോൾ ആരും ചെറുപ്പമല്ലെന്നും എല്ലാ വിശ്വാസികളും ജിഹാദ് നടത്തണമെന്നും മാതാവ് ഉത്തരം പറയുന്നു.

എന്താണ് ഇന്ന് ചെയ്യാൻ പോകുന്നതെന്ന് ഒരു കുഞ്ഞിനോട് പിതാവ് ചോദിക്കുന്നു. ഡമാസ്‌കസിൽ ചാവേർ സ്‌ഫോടനം നടത്താൻ പോകുകയാണെന്ന് മകൾ ഉത്തരം പറയുന്നു. സ്വർഗത്തിലേക്കാണു പോകുന്നതെന്നും ഒട്ടും ഭയപ്പെടേണ്ടെന്നും പറഞ്ഞാണ് പിതാവ് മകളെ യാത്രയാക്കുന്നത്.

ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സിറിയയിൽ ചാവേറാക്രമണങ്ങൾ പതിവാണ്. 2011 ൽ അഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ മൂന്നു ലക്ഷത്തിലധികം പേർ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.