കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലംവിൽപ്പന പഠിക്കാനും ഉചിത പരിഹാരം കണ്ടെത്താനും നിയോഗിച്ച മെത്രാന്മാരുടെ അന്വേഷണ സംഘം ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. രാവിലെ കൂരിയ അംഗങ്ങളെ കാണും. പത്തു മണിക്ക് ആദ്യം അന്വേഷിച്ച ആറംഗ അന്വേഷണ സമിതിയംഗങ്ങളെ കാണും. ഉച്ചയ്ക്ക് മൂന്നു മണിക്ക് വൈദിക സമിതി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. അതിരൂപതാ ആസ്ഥാനത്താണ് കൂടിക്കാഴ്ച. എത്രയും വേഗം പ്രശ്നം തീർക്കണമെന്ന ഉദ്ദേശ്യത്തിലാണ് കൂടിക്കാഴ്ചകൾ വേഗത്തിലാക്കിയത്.

അതിനിടെ മെത്രാന്മാരുടെ അന്വേഷണ കമ്മിഷനെ വച്ചതിനെ സ്വാഗതം ചെയ്യുമ്പോഴും തിരക്കിട്ട നീക്കങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്ന് എറണാകുളത്തെ വിമത വൈദികർ പറയുന്നു. വത്തിക്കാനിലേക്ക് പരാതി അയപ്പിക്കാതിരിക്കാനുള്ള തിരക്കിട്ട നീക്കമായി ഇതിനെ കാണുന്നവരുണ്ട്. അതിനാൽ കമ്മീഷനോട് കരുതലോടെ മാത്രമേ ഇവർ കാണൂ. സിനഡിൽ ആലഞ്ചേരിക്ക് ലഭിച്ച പിന്തുണ ഇക്കൂട്ടരെ ഞെട്ടിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പരമാധികാരിയായി ആലഞ്ചേരിയെ അംഗീകരിക്കുന്ന തരത്തിലാണ് സിനഡ് പുരോഗമിക്കുന്നത്.

''കർദിനാളിനെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഈ സംഘത്തിനു കഴിയില്ല. ഒത്തുതീർപ്പുണ്ടാക്കാനുള്ള നീക്കമാണോ എന്ന് സംശയമുണ്ട്. പണം തിരിച്ചുകിട്ടിയാൽ തീരുന്ന പ്രശ്നമല്ല. പറ്റിപ്പോയ പിഴവല്ല ഇത്. ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നാണ് ഇവരുടെ നിലപാട്. അതായത് മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി സ്ഥാനം ഒഴിയുന്നത് വരെ പോരാട്ടം തുടരുമെന്നാണ് അവരുടെ പക്ഷം. വിമതരുടെ പ്രതിഷേധത്തെ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബിഷപ്പുമാരുടെ അഞ്ചംഗ സമിതിയെ സിനഡ് നിയമിച്ചത്. സിനഡിൽ ഗൗരവമായ ചർച്ച നടന്നതിനെത്തുടർന്നാണ് തീരുമാനം.

കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് കൺവീനറാകും. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, മുൻ എറണാകുളം സഹായ മെത്രാൻ മാർ തോമസ് ചക്യത്ത്, കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാണ്ഡ്യ ബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാർ ആന്റണി കരിയിൽ എന്നിവരാണ് അംഗങ്ങൾ. ബന്ധപ്പെട്ടവരുമായി വിഷയം സംസാരിച്ച് എത്രയും പെട്ടെന്ന് ഉചിതമായ പരിഹാരം കണ്ടെത്താനാണ് നിർദ്ദേശം.

ഇടപാട് അന്വേഷിച്ച ആറംഗ കമ്മിഷന്റെ കണ്ടെത്തലുകളും സമിതി പരിശോധിക്കും. ഒരു അതിരൂപതയിൽ ഉണ്ടായ പ്രശ്നം പരിഹരിക്കാൻ സഭയുടെ സിനഡ് സമിതിയെ നിയോഗിക്കുന്നത് അപൂർവമാണ്. എന്നാൽ എറണാകുളത്തെ വൈദികർ മാത്രം ഇത് അംഗീകരിക്കുന്നില്ല. അവർ പ്രതിഷേധം തുടരും. കമ്മീഷന്റെ കണ്ടെത്തലുകൾ ആലഞ്ചേരിക്ക് അനുകൂലമാകുമെന്ന് അവർ പറയുന്നു. ഇതോടെ സീറോ മലബാർ സഭയിലെ പ്രശ്‌നം ഉടനൊന്നും തീരില്ലെന്ന് ഉറപ്പായി.

ഒരു അതിരൂപതയിലുണ്ടായ പ്രശ്നം സഭയുടെ മൊത്തം പ്രതിച്ഛായയെ ബാധിച്ചിരുന്നു. ഇത്ര ഗൗരവമായ പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നായിരുന്നു പൊതുവായ വികാരം. എല്ലാത്തിലും രഹസ്യ സ്വഭാവം സൂക്ഷിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് സിനഡിൽ വിമർശനമുണ്ടായി. ബിഷപ്പുമാരുടെ കമ്മിഷനെ നിയമിച്ചത് ഈ സാഹചര്യത്തിലാണ്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സിനഡിനാകും സമർപ്പിക്കുക. സ്ഥിരം സിനഡിനോ വിപുലമായ സിനഡിനോ തീരുമാനമെടുക്കാം.