ഷിക്കാഗോ: സീറോ മലബാർ സഭയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്.എം.സി.സി) സംയുക്ത വാർഷിക പൊതുയോഗം  ഡിസംബർ 6-ന് ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

എസ്.എം.സി.സിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് മെമ്പർമാരും, ഓരോ ഇടവകകളിലേയും, ചാപ്റ്റർ പ്രതിനിധികളും പങ്കെടുക്കുന്ന സംയുക്ത വാർഷിക പൊതുയോഗത്തിൽ എസ്.എം.സി.സി പ്രവർത്തനങ്ങളുടെ അവലോകനവും, അടുത്ത വർഷത്തിലേക്കായി തയാറാക്കിയിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുമുള്ള ചർച്ചയും അവതരണവുമുണ്ടായിരിക്കും. എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്റേയും, സെക്രട്ടറി അരുൺ ദാസിന്റേയും നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ സീറോ മലബാർ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും, വികാരി ജനറാളും, എസ്.എം.സി.സി സ്പിരിച്വൽ ഡയറക്ടറുമായ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എസ്.എം.സി.സിയുടെ പതിനഞ്ചാം വർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനവും തദവസരത്തിൽ നടത്തപ്പെടുന്നതാണ്. സുപ്രധാനമായ ഈ വാർഷിക പൊതുയോഗത്തിലേക്ക് എസ്.എം.സി.സിയുടെ എല്ലാ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സും ചാപ്റ്റർ പ്രതിനിധികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സിറിയക് കുര്യൻ അഭ്യർത്ഥിച്ചു. എസ്.എം.സി.സി പി.ആർ.ഒ ജയിംസ് കുരീക്കാട്ടിൽ അറിയിച്ചതാണിത്.