ഹ്യൂസ്റ്റൻ: സീറൊ മലബാർ കാത്തലിക് കോൺഗ്രസ് (എസ്.എം.സി.സി.) ടെക്‌സാസ് റീജിയണൽ കോൺഫറൻസിന്റെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ കോൺഫറൻസ് കോ-ഓർഡിനേറ്റർ ആന്റണി ചെറു അറിയിക്കുന്നു. എസ്.എം.സി.സി. ആനുവൽ ജനറൽ കൗൺസിൽ മീറ്റിംഗിനോട് അനുബന്ധിച്ച് തന്നെയായിരിക്കും ഇപ്രാവശ്യത്തെ ടെക്‌സാസ് റീജിയണൽ കോൺഫറൻസും. എസ്.എം.സി.സി.യുടെ കേന്ദ്രകമ്മറ്റി നേതൃത്വവും മറ്റു വിവിധ റീജിയനുകളിലുള്ള ഡെലിഗേറ്റുകളും ജനറൽ കൗൺസിൽ മീറ്റിംഗിലും റീജീയണൽ കോൺഫറൻസിലും പങ്കെടുക്കും.

ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറൊ മലബാർ കത്തോലിക്കാ ഫൊറാന ദേവാലയ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും ജനറൽ കൗൺസിൽ മീറ്റിംഗും, റീജിയണൽ കോൺഫറൻസും. ഒക്‌ടോബർ 31ന് ശനിയാഴ്ച വൈകീട്ട് 5:30ന് ആരംഭിക്കുന്ന റീജിയണൽ കോൺഫറൻസിന്റെ വിജയത്തിനായി എസ്.എം.സി.സി. ഹ്യൂസ്റ്റൻ ചാപ്റ്റർ പ്രസിഡന്റ് സജി സൈമൻ, നാഷണൽ വൈസ് പ്രസിഡന്റ് ബോസ് കുര്യൻ നാഷണൽ കമ്മറ്റി അംഗം ബാബു ചാക്കൊ എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തുണ്ട്. സെന്റ് ജോസഫ് ദേവാലയ വികാരി ഫാദർ കുര്യൻ നെടുവേലി ചാലിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. വിൽസൺ ആന്റണി എന്നിവരും കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കോൺഫറൻസിനോട് അനുബന്ധിച്ച് പെയർലാൻഡ്, ഡാലസ്, ഹ്യൂസ്റ്റൻ എന്നീ എസ്.എം.സി.സി. ചാപ്റ്ററുകളുടെ വിവിധ കലാപരിപാടികളും തുടർന്ന് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്നറിയിച്ചു. കോൺഫറൻസിലേക്കും പരിപാടികളിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.