കൊച്ചി; സീറോ മലബാർ സഭ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് പുതിയ സമിതിയെ നിയമിച്ചുള്ള സിനിഡ് തീരുമാനം എറണാകുളം രൂപതയിലെ വൈദികരുടെ ക്ഷോഭം ശമിപ്പിക്കാൻ. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടാണ് സമിതി കൺവീനർ. സിനഡിലെ ചർച്ചയെ തുടർന്നാണ് പുതിയ സമിതിയെ നിശ്ചയിച്ചത്. എന്നാൽ ഈ സമിതി ഭൂമി ഇടപാട് അന്വേഷിക്കില്ല. വൈദികരുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ ആലഞ്ചേരിയെ കുറ്റവിമുക്തരാക്കി. മറ്റൊരു സ്വതന്ത്ര അന്വേഷണവും നടന്നു. ഇതിലും ആലഞ്ചേരി കുറ്റക്കാരനല്ല. ഈ സാഹചര്യത്തില്ഡ ഇനിയൊരു അന്വേഷണം ഉണ്ടാകില്ല.

ഇന്നലെ നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളിൽ ഉണ്ടായ സാങ്കേതികമായ വീഴ്ചകൾ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് സിനഡ് അംഗീകരിച്ചു. സീറോ മലബാർ സഭ എറണാകുളം- അങ്കമാലി രൂപതയിൽ മാത്രം നടന്ന ഭൂമി ഇടപാടാണ് ഇത്. അതിനാൽ ഇക്കാര്യത്തിൽ അമിത പ്രാധാന്യം നൽകേണ്ടതില്ല എന്ന നിലപാടാണ് സിനഡ് ആദ്യം കൈക്കൊണ്ടത്. എന്നാൽ രൂപതയിലെ വൈദികരെ തണുപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നു. ഇതേ തുടർന്നാണ് പുതിയ കമ്മറ്റിയെ നിയമിച്ച് ഉത്തരവായിരിക്കുന്നത്. എത്രയും പെട്ടന്ന് പടനം നടത്തി വിഷയത്തിൽ പരിഹാര നടപടികൾ നിർദ്ദേശിക്കാനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.

എറണാകുളം രൂപതയിലെ വൈദികർക്ക് കൂടി തൃപ്തിയാകുന്ന ഫോർമുലയ്ക്കാകും ശ്രമിക്കുക. ഇതിനായി മധ്യസ്ഥനേയും നിയോഗിച്ചിട്ടുണ്ട്. സഭയ്ക്ക് പേരുദോഷമുണ്ടാകാത്ത തരത്തിൽ എല്ലാം പരിഹരിക്കും. ആർച്ച് ബിഷപ്പ് സ്ഥാനം ഒരിക്കലും ആലഞ്ചേരി രാജിവയ്ക്കുകയുമില്ല. ഇത്തരത്തിലൊരു ഫോർമലുയോട് സിനഡിനും താൽപ്പര്യമില്ല. ഭൂമി ഇടപാടിൽ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് അഴിമതിയല്ല. ഈ സാഹചര്യത്തിൽ ബാക്കിയുള്ള പണം നേടിയെടുക്കും. ഇടനിലക്കാരുമായി ഇതിനുള്ള ചർച്ചയും നടത്തും. ഇതിനൊപ്പം ആലഞ്ചേരിക്കെതിരെ മാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയവർക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകില്ല. ഈ ഫോർമുലയാണ് മെത്രാൻ സമിതി തയ്യാറാക്കിയിരിക്കുന്നത്.

ആലഞ്ചേരി അഴിമതി കാട്ടിയെന്നത് സത്യമല്ല. ഇത് വൈദികർ ഉൾക്കൊള്ളണം. ഇല്ലാത്ത പക്ഷം ഗൂഡ ലക്ഷ്യങ്ങളോടെ എറണാകുളം രൂപതിയിലെ വൈദികർ നീങ്ങുന്നുവെന്ന് വിലയിരുത്തേണ്ടിവരും. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. പൗരോഹിത്വത്തിൽ നിന്ന് ഒഴിവാക്കി സഭയിൽ നിന്ന് പുറത്താക്കും. അച്ചടക്കമാണ് സഭയ്ക്ക് ഏറ്റവും അനിവാര്യം. കർദിനാൽ പദവിയിലുള്ള മേജർ ആർച്ച് ബിഷപ്പിനെതിരെ അടിസ്ഥാന രഹിതമായി പറയുന്നവരെ അംഗീകരിക്കാൻ സഭയ്ക്കാകില്ല. കർശന നിലപാടിലേക്കാണ് സഭ നീങ്ങുന്നത്. ഇക്കാര്യങ്ങളാകും മധ്യസ്ഥനും സിനഡ് നിയോഗിച്ച സമിതിയും ചർച്ചകളിൽ മുന്നോട്ട് വയ്ക്കുക. ഈ സിനഡിനിടെ തന്നെ ഈ പ്രശ്‌നം പൂർണ്ണമായും പരിഹരിക്കാനാണ് നീക്കം. തീരുമാനം നീട്ടിക്കൊണ്ട് പോകില്ല.

എറണാകുളം അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ടിട്ടുള്ള ഭൂമി വിൽപന വിവാദം സിറോ മലബാർ സഭയ്ക്കകത്ത് പുകഞ്ഞുകത്തുകയാണെന്നാണ് പുറത്തുള്ള ചർച്ചകൾ. എന്നാൽ സിനഡ് പോലും ഇത് വേണ്ടത്ര ഗൗരവത്തിൽ എടുത്തിട്ടില്ല. ഇതോടെ സഭയിലെ വൈദികർക്ക് പണി കിട്ടുമോ എന്ന ആശങ്കയും സജീവമാണ്. സിനഡ് സമിതിയുമായി സഹകരിച്ച് പ്രശ്‌ന പരിഹാരത്തിന് ബഹുഭൂരിഭാഗവും തയ്യാറാണ്. എന്നാൽ ഒന്നു രണ്ടു പേർ ഇപ്പോഴും എതിർശബ്ദം ഉയർത്തുന്നുണ്ട്. ഇവർ അനുരജ്ഞനത്തിന് തയ്യാറായില്ലെങ്കിൽ ഇവരെ സഭയിൽ നിന്ന് പുറത്താക്കും. ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കാൻ ഇവർ കരുക്കൾ നീക്കിയെന്ന് ഏവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ചെറിയ വിഷയത്തെ ആളിക്കത്തിച്ച് സഭയ്ക്ക് നാണക്കേടുണ്ടാക്കി. ഇത്തരക്കാർ സഭയ്ക്ക് വേണ്ടെന്നാണ് ബിഷപ്പുമാരുടെ പൊതു നിലപാട്.

സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലംവിൽപ്പന പഠിക്കാനും ഉചിത പരിഹാരം കണ്ടെത്താനും നിയോഗിച്ച മെത്രാന്മാരുടെ അന്വേഷണ സംഘം ബുധനാഴ്ച പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാവിലെ കൂരിയ അംഗങ്ങളെ കാണ്ടു. പത്തു മണിക്ക് ആദ്യം അന്വേഷിച്ച ആറംഗ അന്വേഷണ സമിതിയംഗങ്ങളുമായും ചർച്ച നടത്തി. വൈദിക സമിതി ഭാരവാഹികളുമായി ആശയ വിനിമയം നടത്തും. ഇവിടെയെല്ലാം പ്രശ്‌ന പരിഹാരത്തിന് സഹായം ചെയ്യണമെന്ന ആവശ്യമാകും ഉയർത്തുക. അല്ലാതെ ആലഞ്ചേരിയെ കുറ്റക്കാരനായി കാണുന്നുവെന്ന പരാതി കേൾക്കാൻ മുതിരില്ല.