മെൽബൺ:  ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭയുടെ ആദ്യത്തെ ദേവാലയം ഉയരുന്നു. മെൽബൺ രൂപതയുടെ സൗത്ത് ഈസ്റ്റിൽ വിശ്വാസികളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ആദ്യത്തെ സീറോ മലബാർ പള്ളിയെന്ന സ്വപ്‌നത്തെ സാക്ഷാത്ക്കരിക്കുന്നത്. 60 ലക്ഷം ഡോളർ വിലയുള്ള പ്രോപ്പർട്ടി സ്വന്തമാക്കിയാണ് രാജ്യത്തെ ആദ്യ സീറോ മലബാർ ദേവാലയമെന്ന സ്വപ്‌നം സഫലമാകുന്നത്.

മലയാളികൾ ഏറ്റവും കൂടുതൽ മെൽബണിലുള്ള സൗത്ത് ഈസ്റ്റിൽ 600 കുടുംബങ്ങളാണ് സീറോ മലബാർ സഭയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡാൻഡിനോംഗ് ഫ്രാങ്ക്സ്റ്റൺ റോഡിലെ 7 ഏക്കർ വരുന്ന വില്ലാ ആൻഡ്രിയാ ഫംഗ്ഷൻ സെന്ററാണ് സഭാ വിശ്വാസികൾ സ്വന്തമാക്കിയത്. രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഫംഗ്ഷൻ സെന്ററിൽ 250 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളും ഏകദേശം 2000 പേർക്ക് ഒന്നിച്ചിരുന്ന് ആരാധന നടത്താവുന്ന വലിയ ഓഡിറ്റോറിയവും ഇതിൽ ഉൾപ്പെടുന്നു.

1.3 മില്യൺ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതിയും കൂട്ടി 6 മില്യൺ േഡാളറാണ് മൊത്തത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. 120 ഓളം പാർക്കിങ് സൗകര്യം ഇപ്പോൾത്തന്നെ ഇതിൽ ഉണ്ട്. സൗത്ത് ഈസ്റ്റിലെ മുഴുവൻ ആളുകൾക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യം ഉണ്ടെന്നതും ഈ പ്രോപ്പർട്ടിയുടെ ്രപത്യേകതയാണ്. ഗ്ലാഡ് കോക്‌സ് റോഡിന്റെ സൈഡിലായും ഡിംങ്കഌ ബൈപ്പാസിന്റെ അടുത്തുമായി സ്ഥിതി ചെയ്യുന്ന ഈ മനോഹരപ്രദേശം സൗത്ത് ഈസ്റ്റ് വിശ്വാസികളുടെ കരുത്തിന്റെ ശബ്ദമാണെന്ന് സീറോ മലബാർ മെൽബൺ രൂപതാ ബിഷപ്പ് ഡോസ്‌കോ പുത്തൂർ അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹത്തിലെ മലയാളി കൂട്ടായ്മയുടെയും സീറോ മലബാർ സഭയുടെയും ഓസ്‌ട്രേലിയായിലെ ആദ്യത്തെ പള്ളിയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ യത്‌നിച്ച മുഴുവൻ വിശ്വാസികളെയും സീറോ മലബാർ സഭ വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി അഭിനന്ദിച്ചു.