അറ്റ്‌ലാന്റ: ഷിക്കാഗോ സീറോമലബാർ രൂപത കുടുംബവർഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്‌ലാന്റയിൽ  നടന്ന  കുടുബ സമ്മേളനം വൻ വിജയമായി. 
 
അറ്റ്‌ലാന്റ സെന്റ്. അൽഫോൻസാ സീറോ മലബാർ  ഫൊറോന  ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 നു  ലോറൻസ് വിൽ മൗണ്ടൻ വ്യൂ ഹൈസ്‌കൂളിൽ നടന്ന സമ്മേളനത്തിൽ ഫൊറോനയിലെ  അഞ്ചു  ഇടവകളിൽ  നിന്നായി  250 ൽ പരം വിശ്വാസികൾ   പങ്കെടുത്തു.
 
ഷിക്കാഗോ സീറോമലബാർ രൂപതാ അധ്യക്ഷൻ മാർ .ജേക്കബ് അങ്ങാടിയത്തിന്റെ  മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട  വിശുദ്ധ ബലി അർപ്പണത്തോടെ  കുടുംബസമ്മേളനം ആരംഭിച്ചു. തെറ്റായ പ്രബോധനങ്ങളും വിപരീത വിശ്വാസ സാഹചര്യങ്ങളും പ്രബലമായ ഈ കാലഘട്ടത്തിൽ വിവാഹജീവിതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുവാനും ദൈവം ദാനമായി തന്ന മക്കളെ വിശ്വാസ ജീവിതത്തിൽ വളർത്തുവാനും പിതാവ് വിശ്വാസികളെ ഓർമിപ്പിച്ചു.  തുടർന്ന് നടന്ന സമ്മേളനത്തിൽ 25ഉം , 50ഉം വിവാഹ വാർഷികം ആഘോഷിച്ച അൻപതിൽപരം ദമ്പതികളെയും , നാലോ അതിൽ അധികമോ മക്കളുള്ള  പതിനേഴു ദമ്പതികളെയും സർട്ടിഫിക്കറ്റുകൾ നൽകി വേദിയിൽ പ്രത്യേകം  ആദരിക്കുകയുണ്ടായി.
 
കുടുംബം,വിശ്വാസ ജീവിതം എന്നിവയെ ആധാരമാക്കി രൂപതയുടെ ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടറും പ്രൊകുറേറ്ററുമായ ഫാ. പോൾ ചാലിശ്ശേരി ,  വാഗ്മിയും ജീസസ് യൂത്തിലൂടെ പ്രശസ്തനുമായ ഡോ.എബ്രഹാം മാത്യു (മനോജ്)  എന്നിവർ  നടത്തിയ പ്രഭാഷണങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു.   ക്രിസ്തീയ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ വിവിധ സ്‌കിറ്റുകളും നൃത്ത ഗാനരൂപങ്ങളും സമ്മേളനത്തിൽ  അരങ്ങേറി.  നോർത്ത് കരോലിന, ലൂർദ് മാതാ ദേവാലയത്തിലെ വനിതകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ചെണ്ടമേളം ഏവരുടെയും  മനം കവർന്നു. കുട്ടികൾക്കായി പ്രത്യക വിനോദ പരിപാടികളും നടന്നു.  സ്‌നേഹവിരുന്നിനു  ശേഷമാണ്  സമ്മേളനം സമാപിച്ചത്.        
 
അറ്റ്‌ലാന്റ ഫൊറോന വികാരി ഫാ .മാത്യു ഇളയടത്തുമഠം,  മറ്റിടവകളിലെ വികാരിമാരായ ഫാ. ജോബി ചേലക്കുന്നേൽ, ഫാ. ടോമി ജോസഫ് ,ഫാ. ജോൺ പോഴത്തുപറമ്പിൽ എന്നിവരും സംഗമത്തിന് മേൽനോട്ടം വഹിച്ചു.
 
സമ്മേളനത്തിന്റെ കോർഡിനേറ്റർമാരായി പ്രവർത്തിച്ച  ഫാ. മാത്യു ഇളയടത്തുമഠം,   അജിത് ജോസ്, ഗ്രിഗറി ജോബ്, ജെറിഷ് അഗസ്റ്റിൻ (അറ്റ്‌ലാന്റ) , ബിജു പാറയിൽ,സാന്റ്റി മാത്യു , ജോർജ് ജോസഫ്  (നോർത്ത് കരോലിന),   സനൽ ജോർജ്  (ടെന്നസ്സി),  സെബാസ്റ്റ്യൻ ജോസ് (ഷാർലറ്റ്) എന്നീ  ഇടവക പ്രതിനിധികളെയും   മാർ. ജേക്കബ് അങ്ങാടിയത്ത്   പ്രത്യകം പ്രശംസിച്ചു. 
 
അറ്റ്‌ലാന്റ സെന്റ്. അൽഫോൻസാ ഫൊറോന  ചർച്ച്,  നോർത്ത്  കരോലിന  ലൂർദ് മാതാ ചർച്ച്, നാഷ് വിൽ, ടെന്നസ്സി  ബ്‌ളെസ്ഡ് മദർ തെരേസാ  മിഷൻ , ലൂയിസ് വിൽ, കെന്റ്റക്കി ഡിവൈൻ മേഴ്‌സി മിഷൻ, ഷാർലറ്റ്, നോർത്ത് കരോലിനാ  സെന്റ്. മേരീസ് മിഷൻ  എന്നീ പാരീഷുകളാണ്  2015 ഫാമിലി ഫെസ്റ്റിൽ പങ്കെടുത്തത് .