വെള്ളക്കാരുടെ വിശ്വാസം ഇല്ലാതാകുന്നിടത്തു മലയാളികൾ കടന്നുകയറുന്ന കാഴ്ചയാണ് ഇപ്പോൾ ഇംഗ്ലണ്ടിൽ കാണുന്നത്. ഒന്നര പതിറ്റാണ്ടിനിടയിൽ കുടിയേറിയ ആയിരക്കണക്കിനു മലയാളി നഴ്‌സുമാരുടെ കുടുംബങ്ങളുടെ ശ്രമഫലമായി ബ്രിട്ടനിലെ പ്രസ്റ്റണിൽ സ്വന്തം പള്ളി സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.

അനേകായിരം സീറോ മലബാർ സഭാ വിശ്വാസികൾ ഉണ്ടെന്നതിനാൽ സ്വന്തമായി ഇംഗ്ലണ്ടിന് ഒരു രൂപതയും ലഭിക്കുമെന്ന സൂചനയാണു പള്ളി വെഞ്ചരിക്കാൻ എത്തിയ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരി നൽകുന്നത്. അതേസമയം ഇന്ത്യക്കു പുറത്ത് എവിടെ രൂപത ആരംഭിച്ചാലും സംഭവിക്കാറുള്ള ക്‌നാനായക്കാരുടെ അതൃപ്തി ഇവിടെയും വ്യക്തമായിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്പിലും ധാരാളമുള്ള ക്‌നാനായക്കാർക്കു സ്വന്തമായി ഒരു രൂപത അനുവദിക്കാൻ മടിക്കുന്നതാണ് ഇവരുടെ മുറുമുറുപ്പിനു കാരണം. യുകെയിലെ സഭയെ സംബന്ധിച്ചിടത്തോളം അതി നിർണായകമായ ഈ ചടങ്ങിൽ ക്‌നാനായ സമുദായംഗങ്ങളായ രണ്ടു വൈദികരും വിട്ടുനിന്നിരുന്നു.

യുകെയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മലയാളികൾക്കായി സീറോ മലബാർ സഭയ്ക്ക് സ്വന്തമായി ഒരു രൂപത ഉണ്ടാവും എന്ന വ്യക്തമായ സൂചനയോടെയാണ് വെഞ്ചരിക്കൽ ചടങ്ങിനെത്തിയ മാർ ആലഞ്ചേരി പ്രസംഗിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ നാം ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ പിന്നോട്ട് പോകും. സീറോ മലബാർ സഭയുടെ സിനഡും പരിശുദ്ധ സിംഹാസനവും സഭയുടെ ഘടനാപരമായ സംവിധാനങ്ങൾ നടപ്പിലാക്കാൻ പരിശ്രമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെ സഭയ്ക്കുള്ളിലുള്ള ഭിന്നതകളെ കുറിച്ചും മാർ ആലഞ്ചേരി സൂചിപ്പിച്ചു. ഇംഗ്ലണ്ടിലെ സീറോമലബാർ സഭാ വിശ്വാസികൾ തർക്കങ്ങൾ പരിഹരിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേർന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് മേജർ ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു.

സീറോ മലബാർ സഭയുടെ യുകെ രൂപതാ രൂപീകരണത്തിനു തടസ്സമായി നിൽക്കുന്ന ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള തർക്കത്തെക്കുറിച്ചാണു പ്രസംഗത്തിൽ മാർ ആലഞ്ചേരി സൂചന നൽകിയത്. യൂറോപിലും അമേരിക്കയിലും ആസ്‌ട്രേലിയിലും ഒക്കെ അനേകായിരം ക്‌നാനായക്കാർ പ്രവാസികളായുണ്ട്. അതുകൊണ്ട് തന്നെ ക്‌നാനായക്കാരുടെ രൂപതായവണം വിദേശങ്ങളിൽ അനുവദിക്കേണ്ടത് എന്ന വാദം അവർ ഉയർത്തുന്നുണ്ട്. അമേരിക്കയിലും ആസ്‌ട്രേലിയയിലും പുതിയ രൂപതകൾ അനുവദിച്ചപ്പോൾ അങ്ങനെ അല്ലാതായത് അവരെ ആശങ്കപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച തർക്കങ്ങൾക്കൊടുവിൽ അവിടങ്ങളിലെ മലയാളികൾ ആ രൂപതയ്ക്ക് കീഴിൽ അല്ലെന്നും കോട്ടയം രൂപതയ്ക്ക് കീഴിൽ ആണെന്നും സഭയ്ക്ക് തിരുത്തേണ്ടി വന്നു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മാർ ആലഞ്ചേരിയുടെ സംഭാഷണം. ഈ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു യുകെയിലുള്ള രണ്ട് ക്‌നാനായ വൈദികരുടെ വിട്ടുനിൽപ്. മുൻ ഷൂസ്ബറി രൂപത ചാപ്ലിയനും ഇപ്പോഴത്തെ ക്‌നാനായ ചാപ്ലിയനുമായ ഫാ. സജി മലയിൽ പുത്തൻപുരയിൽ, ന്യുകാസിലുള്ള ഫാ. സജി തോട്ടത്തിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തില്ല. ഇക്കാര്യവും വിശ്വാസികൾക്കിടയിൽ വ്യാപക ചർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്.