കൊച്ചി: വിവാദ സ്ഥലമിടപാടിൽ വൈദിക സമിതിയുടെ തീരുമാനം അറിയിക്കാൻ എറണാകുളം - അങ്കമാലി അതിരൂപത സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തി. കർദിനാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു എടയന്ത്രത്ത് എത്തിയത്. എന്നാൽ ഈ ആവശ്യം മാർ ആലഞ്ചേരി നിഷേധിച്ചു. താൻ രാജിവച്ചൊഴിയുന്ന പ്രശ്‌നമില്ലെന്നാണ് കർദിനാളിന്റെ പക്ഷം. ഇതോടെ സീറോ മലബാർ സഭയിലെ പ്രശ്‌നം കൂടുതൽ സങ്കീർണ്ണതയിലേക്ക് കടക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ എറണാകുളം ബസ്ലിക്കയിൽ വൈദികർ യോഗം ചേരുമ്പോൾ സഹായ മെത്രാന്മാർ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ കർദിനാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. വൈദികരുമായി 11.30-ന് കൂടിക്കാഴ്ച നടത്താമെന്ന് മാർ എടയന്ത്രത്ത് അറിയിച്ചിരുന്നെങ്കിലും അവരുടെ നിവേദനം ഏറ്റുവാങ്ങാൻ ആ സമയത്ത് എത്തിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സഹായ മെത്രാന്മാർക്കുള്ള നിവേദനം പുതിയ പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനാണ് വൈദികർ കൈമാറിയത്. ഈ യോഗ സമയത്ത് എടയന്ത്രത്ത് സ്വന്തം നിലയിൽ കർദിനാളിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ ഭൂമി ഇടപാടിൽ വിശ്വാസികളെ വഞ്ചിച്ചത് താനല്ലെന്ന നിലപാടിലാണ് കർദിനാൾ. സത്യം എന്നായാലും പുറത്തുവരും. അതിനായി താൻ കാത്തിരിക്കുകയാണ്. രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്നും കർദിനാൾ അറിയിച്ചു. ഈ സന്ദേശം പുറത്തായതോടെയാണ് വൈദികർ അതിശക്തമായ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ വിഷയം തെരുവിലെത്തുകയാണ്.

സിറോമലബാർ സഭയിലെ ഭൂമിയിടപാടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവയ്ക്കണമെന്നാണ് വൈദികരുടെ ആവശ്യം. മാർ ആലഞ്ചേരിയെ എതിർക്കുന്ന വൈദികസമിതി രാവിലെ ബിഷപ് ഹൗസിൽ യോഗം ചേർന്നശേഷം അദ്ദേഹത്തിനെതിരേ പ്രമേയം പാസാക്കി. ഭൂമിയിടപാടു മൂലം സഭയ്ക്ക് 86 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നു അവർ പറഞ്ഞു. കടം തീർക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് തന്നെ ബാധ്യതയായി. കാനോനിക നിയമങ്ങളുടെ ലംഘനമാണു മാർ ആലഞ്ചേരിയിൽനിന്ന് ഉണ്ടായതെന്നും അവർ പറഞ്ഞു. മലയാറ്റൂരിൽ വൈദികൻ കുത്തേറ്റു മരിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിയെ പിടിക്കാൻ തുടക്കത്തിൽ കഴിയാതിരുന്നത് വീഴ്ചയാണെന്നും വൈദികർ ആരോപിച്ചു. ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അവർ പറഞ്ഞു. അങ്ങനെ വിവാദങ്ങൾ പുതിയ തലത്തിലെത്തി.

എന്നാൽ വിശ്വാസികളുടെ പിന്തുണ ആലഞ്ചേരിക്കുണ്ട്. വൈദികർ ഒന്നടങ്കം തെരുവിലെത്തിയിട്ടും വിശ്വാസികൾ ആരും കർദിനാളിനെ തള്ളി പറയുന്നില്ല. ഇതും വിഷയം തെരുവിലെത്തിയാൽ അത് സംഘർഷത്തിന് ഇടനൽകുമെന്ന സൂചനയാണ് പങ്കുവയ്ക്കുന്നത്. കർദിനാളിനെതിരെ നിലകൊള്ളുന്ന വൈദികർക്കെതിരെ അതിശക്തമായ വികാരം വിശ്വാസികളിൽ ഉയരുന്നുണ്ട്. കർദിനാളിനെതിരേ കേസെടുക്കാൻ നിർദ്ദേശിച്ചുള്ള കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമാണ് അങ്കമാലി- എറണാകുളം അതിരൂപതയിലെ വൈദികർ അടിയന്തരമായി അനൗപചാരിക യോഗം ചേരാൻ തീരുമാനിച്ചത്. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർദിനാൾ തൽക്കാലത്തേക്കെങ്കിലും ചുമതലകളിൽനിന്ന് മാറിനിൽക്കണമെന്നാണു വൈദികരുടെ ആവശ്യം.

കേസെടുക്കാൻ നിയമപോദേശം തേടി സർക്കാർ

വിവാദ സ്ഥലവിൽപ്പനയിൽ എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയിൽ പൊലീസ് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടി. ഇത് നടപടി നീട്ടാനുള്ള തന്ത്രമാണെന്ന അഭിപ്രായവും സജീവമാണ്. വിശ്വാസികളുടെ പിന്തുണ കർദിനാളിനാണെന്ന് മനസ്സിലാക്കിയാണ് സർക്കാർ കേസെടുക്കൽ നീട്ടുന്നത്.

വിവാദവിഷയമായതിനാൽ പൊലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്. ആദ്യത്തെ പരാതിയുടെ അടിസ്ഥാനത്തിലാണോ അതോ പരാതിക്കാരന്റെ മൊഴിയെടുത്തിട്ടാണോ കേസ് എടുക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് കരുതുന്നു. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ തിങ്കളാഴ്ച വരെ കാര്യങ്ങൾ നീണ്ടേക്കാം. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എജിയുടെ നിയമോപദേശം എതിരായാലും കേസെടുക്കാതിരിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തള്ളിക്കളയലാകും ഇത്. ഹൈക്കോടതി ഉത്തരവിനെതിരെ സഭയ്ക്ക് അപ്പീൽ പോകാനുള്ള സൗകര്യം ഒരുക്കലായും ഇതിനെ വ്യാഖാനിക്കുന്നവരുണ്ട്.

അതിനിടെ മാർ ജോർജ് ആലഞ്ചേരിക്കതിരെ വി എസ് അച്യുതാനന്ദൻ രംഗത്തു വന്നു. ഭൂമി ഇടപാട് വിഷയം ഗൗരവമുള്ളതാണെന്ന് വി എസ് പറഞ്ഞു. പൊതുസ്വത്തുക്കൾ സ്വകാര്യ മുതൽ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. കർദിനാളിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. കർദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. എന്നാൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഎസിന്റെ ഇടപെടൽ.

വൈദികരുടെ ആദ്യ പ്രതിഷേധം ആസ്ഥാനം കൊച്ചിയിൽ ഉറപ്പിക്കാൻ

എറണാകുളം-അങ്കമാലി അതിരൂപതയിൽ സഭാ വിഷയവുമായി ബന്ധപ്പെട്ട് വൈദികർ ഇതിനു മുമ്പ് പരസ്യമായി രംഗത്തിറങ്ങിയത് 1992-ൽ. അന്ന് ആരാധനക്രമവുമായി(ലിറ്റർജി)യുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ഇതിന് കാരണം. സിറോ മലബാർ റീത്ത് അന്ന് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ കീഴിലായിരുന്നു. സഭയ്ക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി നൽകണമെന്നും അതിന്റെ ആസ്ഥാനം എറണാകുളമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ പരസ്യപ്രകടനം. ആസ്ഥാനം ചങ്ങനാശ്ശേരിയാക്കാൻ ശക്തമായ സമ്മർദമുണ്ടായിരുന്നു. അതായിരുന്നുപ്രതിഷേധത്തിന് കാരണം. കർദിനാളുള്ള സ്ഥലം, വലിയ നഗരം തുടങ്ങിയ കാര്യങ്ങളാണ് എറണാകുളത്തിന് അനുകൂലമായി ഉന്നയിക്കപ്പെട്ടത്.

മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി ലഭിക്കുന്നതോടെ കൂടുതൽ സ്വയംഭരണം കൈവരുമെന്നതാണ് ആവശ്യത്തിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ കൊച്ചി ആസ്ഥാനമായെങ്കിലും തലവനായി ചങ്ങനാശ്ശേരിക്കാർ എത്തി. ഇതാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. കൊച്ചിയിൽ കൊച്ചിക്കാർ മതിയെന്നതാണ് ഏറണാകുളം അതിരൂപതയുടെ പ്രശ്‌നം. ഇത് കർദിനാൾ ആലഞ്ചേരിക്കെതിരെ എറണാകുളം അതിരൂപതയിലെ വൈദികർ തിരിയാൻ കാരണം. 1989 മുതൽ തുടരുന്ന ആരാധനക്രമത്തിൽ മാറ്റം വേണമെന്നും എറണാകുളത്തെ വൈദികർ 1992ൽ ആവശ്യപ്പെട്ടിരുന്നു. ആരാധനാ രീതിയിൽ എറണാകുളം - ചങ്ങനാശ്ശേരി വിഭാഗങ്ങൾ തമ്മിൽ ഏതാനും വ്യത്യാസങ്ങളുണ്ട്.

കുർബാന സമയത്ത് വൈദികർ വിശ്വാസികൾക്ക് അഭിമുഖമായി നിൽക്കുന്നതാണ് എറണാകുളം മുതൽ വടക്കോട്ടുള്ള ഏതാനും രൂപതകളുടെ രീതി. ചങ്ങനാശ്ശേരി മേഖലയിൽ വൈദികർ അൾത്താരയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. വേറെയും വ്യത്യാസങ്ങളുണ്ട്. പരസ്യപ്രതിഷേധം നടന്ന അതേവർഷം സഭയ്ക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി ലഭിച്ചു. ആസ്ഥാനം എറണാകുളമാകുകയും ചെയ്തു. എന്നാൽ ആരാധനാരീതികൾ ഏകീകരിക്കപ്പെട്ടിട്ടില്ല. മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിക്കും മുകളിലുള്ള പാത്രിയാർക്ക പദവി സഭയ്ക്ക് ലഭിക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. കുറച്ചുകൂടി സ്വയംഭരണാധികാരം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.