കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ തളയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. സിറോ മലബാർ സഭയുടെ സിനഡ് ഒത്തുതീർപ്പുണ്ടാക്കിയിതയാണ് ഇതിന് കാരണം. അപ്പോൾ ചിലർക്ക് ഉറക്കമില്ല. എങ്ങനേയും ആലഞ്ചേരിയെ മോശക്കാരനാക്കാനാണ് നീക്കം. ഇതിനായി വീണ്ടും ചർച്ചകളും ചരടുവലികളും തുടങ്ങി. ഒരു മാസത്തോളമായി ശമിച്ചിരുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥലമിടപാട് വിവാദത്തിന് വീണ്ടും ആളിക്കത്തിക്കാനാണ് നീക്കം.

ആലഞ്ചേരിയുടെ പരിപാടികൾ ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം വൈദികരും വിശ്വാസികളും തീരുമാനിച്ചു. സ്ഥലമിടപാട് പ്രശ്‌നങ്ങൾ മെത്രാന്മാരുമായി ചർച്ച നടത്താൻ ഫെറോന വികാരിമാരെ യോഗം ചുമതലപ്പെടുത്തി. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ ഫെറോന പ്രതിനിധികളായ അമ്പതോളം വൈദികരും സ്ഥലമിടപാടിനെതിരെ രംഗത്തുള്ള അതിരൂപത സുതാര്യതാ സമിതി ഭാരവാഹികളും പങ്കെടുത്തു.

നോയമ്പുകാലത്ത് ആരംഭിച്ച നിശബ്ദത അവസാനിപ്പിച്ചാണ് വൈദികർ വീണ്ടും രംഗത്തുവരുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന കർദ്ദിനാളിന്റെ പ്രസ്താവന ഒത്തുതീർപ്പ് ശ്രമങ്ങൾ തകർത്തതായി വിലയിരുത്തിയാണ് പടപ്പുറപ്പാട്. അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇടവകകളിലെയും സ്ഥാപനങ്ങളിലെയും പരിപാടികളിൽ പങ്കെടുക്കരുത്. പങ്കെടുത്താൽ വൈദികർ സഹകരിക്കില്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

അതിരൂപതാഭരണം കാര്യക്ഷമമായി നിർവഹിക്കാൻ സ്വതന്ത്ര ചുമതലയോടെ അഡ്‌മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു. അതായത് അതിരൂപതാ ഭരണം കർദിനാൾ ഒഴിയണമെന്നാണ് ഇവർ പരസ്യ നിലപാട് എടുക്കുന്നത്. അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടിൽ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കണം എന്നാണ് ആവശ്യം.

സ്ഥലമിടപാടിലെ ഇടനിലക്കാരൻ സാജു കോതമംഗലം കോട്ടപ്പടിയിൽ സഭയ്ക്ക് നൽകിയ ഭൂമി വളഞ്ഞവഴിയിലൂടെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന റിയൽ എസ്റ്റേറ്റ് ലോബിക്കെതിരെ ജാഗ്രത വേണം. പ്രശ്‌നങ്ങൾ അവസാനിക്കുന്നതു വരെ ഭൂമി അന്യാധീനപ്പെടുത്തരുത്. അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും ആലഞ്ചേരി വിരുദ്ധർ പറയുന്നു.