കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ സ്ഥലമിടപാടിനെത്തുടർന്നുള്ള സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലാതെ തുടരുന്നു. അതിനിടെ വിമത വൈദികരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ആർച്ച് ഡയോസിസൻ മൂവ്മെന്റ് ഫോർ ട്രാൻസ്പേരൻസിയുടെ യോഗങ്ങൾ പൊലീസിന് തലവേദനയാവുകയാണ്. വിമത വൈദികരുടെ നേതൃത്വത്തിൽ ഇടവകകളിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാപക പ്രചരണം സജീവമാണ്. ഇതിന്റെ ഭാഗമായാണ് ആർച്ച് ഡയോസിസൻ മൂവ്മെന്റ് ഫോർ ട്രാൻസ്പേരൻസി യോഗങ്ങൾ വിളിക്കുന്നത്. ഇത്തരം യോഗങ്ങൾക്ക് ഇനി പൊലീസ് അനുമതി നൽകാനിടയില്ല.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് വൈക്കം വെൽഫെയർ സെന്ററിലാണ് യോഗം നിശ്ചയിച്ചിരുന്നത്. വൈക്കം, പള്ളിപ്പുറം, ചേർത്തല ഫൊറോനകളിലെ പള്ളികളിൽനിന്നുള്ള വൈദികരെയും സംഘടനാ പ്രതിനിധികളെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരേ ഗൂഢാലോചന നടത്തുവാനാണ് യോഗംചേരുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് യോഗത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തി. ഇതിനിടയിൽ വെൽഫെയർ സെന്ററിന്റെ മുന്നിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് ഇടപ്പെട്ട് ഇരുകൂട്ടരെയും പിരിച്ചുവിട്ടു.

സമാനമനസ്‌കരെ കണ്ടെത്തി ഓരോ ഇടവകയിലും യോഗം വിളിച്ചുചേർക്കുമെന്നും ഒരുലക്ഷംപേരുടെ ഒപ്പ് ശേഖരിക്കുമെന്നും ആർച്ച് ഡയോസിസൻ മൂവ്മെന്റ് ഫോർ ട്രാൻസ്പേരൻസിയുടെ ഭാരവാഹികളായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചിട്ടുണ്ട്. കർദിനാളുമായി ഒത്തുപോകില്ലെന്നാണ് ഇവരുടെ പക്ഷം. സീറോ മലബാർ സഭയിലെ ഭൂമി തട്ടിപ്പ് വിവാദത്തിന്റെ പേരിൽ മെത്രാന്മാർ തമ്മിൽ കാര്യമായ ഭിന്നതയുണ്ടെന്ന വസ്തുത സഭാ നേതൃത്വം മറച്ചു വെക്കുമ്പോഴും സംഭവം അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം ഇന്നലെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതോടെ വിമതർ ക്യാമ്പ് നിരാശയിലുമാണ്. ഇതിനൊപ്പമാണ് യോഗങ്ങൾ അനുവദിക്കില്ലെന്ന പൊലീസ് നിലപാട്. സഭാ വിഷയം തെരുവിൽ സംഘട്ടനമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരിയെ എങ്ങനെയും പുകച്ചു പുറത്തു ചാടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്ന ഒരു കൂട്ടം വൈദികർക്ക് ഉറച്ച പിന്തുണയുമായി ചില മെത്രാന്മാരും അണിയറ നീക്കം നടത്തുന്നുണ്ട് എന്ന ആരോപണം ശരിവെച്ചു കൊണ്ട് എറണാകുളം അങ്കമാലി രൂപയുടെ സഹായ മെത്രാൻ മാർ ഇടയന്ത്രത്ത് നടത്തുന്ന പ്രസംഗമാണ് മറുനാടൻ പുറത്തുവിട്ടത്്. മാർ ആലഞ്ചേരിയുടെ അഭാവത്തിൽ എറണാകുളത്തെ വൈദികർ യോഗം ചേർന്നപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്ന വിധം വൈദികരെ ചൂടുകയറ്റി വിടാനായാണ് മാർ ഇടയന്ത്രത്ത് ശ്രമിച്ചതെന്നാണ് ഈ പ്രസംഗം തെളിയിക്കുന്നത്. ഇത്തരം ഇടപെടലുകളാണ് വിമത വൈദികർ മിക്ക ഇടവകകളിലും നടത്തുന്നത്.

വൈദിക സമിതിയിൽ പങ്കെടുത്ത ഒരു വൈദികൻ തന്നെയാണ് ഈ പ്രസംഗം റെക്കോർഡ് ചെയ്ത് മറുനാടന് നൽകിയത്. ഏതാനം ദിവസം മുമ്പ് ലഭിച്ചെങ്കിലും ഇതിന്റെ സ്ഥിരീകരണത്തിനായി ഞങ്ങൾ കാത്തിരിക്കയായിരുന്നു. ഭൂമി ഇടപാടിൽ ഒപ്പു വെച്ചത് താൻ തന്നെയാണെന്ന് സമ്മതിക്കുന്ന മാർ ഇടയന്ത്രത്ത് എന്നാൽ കുറ്റമെല്ലാം മാർ ആലഞ്ചേരിയുടെ പുറത്തു കെട്ടിവെക്കുന്നതിനാണ് പ്രസംഗത്തിലൂടനീളം ശ്രമിക്കുന്നത്. തനിക്ക് 60 വയസായെന്നും ഇനി ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞു കൊണ്ട് സഭാതലവനെതിരെ മാർ ഇടയന്ത്രത്ത് ആഞ്ഞടിക്കുകയാണ്. സഭയുടെ ഭൂമി ഇടപാടിൽ അടിമുടി ദുരൂഹതയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. 100 കോടിയുടെ ഭൂമി മേടിക്കാൻ മാർ ആലഞ്ചേരി തീരുമാനിച്ചതിന് എതിരെയും മാർ ഇടയന്ത്രത്ത് കടുത്ത ഭാഷയിൽ വിമർശനം ഉയർത്തുന്നുണ്ട്.

സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി എറണാകുളം -അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വിൽപ്പന നടത്തുകയും എന്നാൽ മുഴുവൻ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റർ, ഫിനാൻസ് ഓഫീസർ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വിൽപ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്മാർ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികർക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേർന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാർ സഭാതലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്.

രണ്ട് സഹായമെത്രാന്മാർ ഉണ്ടെങ്കിലും സീറോ മലബാർ സഭയുടെ മാതൃരൂപത എന്ന നിലയിൽ സഭാധ്യക്ഷൻ കൂടിയായ മാർ ജോർജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. അതുകൊണ്ട് തന്നെ സഹായമെത്രാന്മാർക്ക് രൂപതയുടെ ഭരണത്തിൽ കാര്യമായ പങ്കില്ലെന്നാണ് മാർ ഇടയന്ത്രത്ത് അടക്കമുള്ളവർ വാദിച്ചു പോകുന്നത്. ഇവരാണ് ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതും. സീറോ മലബാർ സഭാ ഭരണസംവിധാനമനുസരിച്ച് സഭയുടെ അധ്യക്ഷനാകുന്നയാളാകും എറണാകുളം -അങ്കമാലി അതിരൂപതയുടെയും അധ്യക്ഷൻ. ഈ സാഹചര്യത്തിൽ എറണാകുളം രൂപതയ്ക്ക് പുറത്തുനിന്നുള്ളവരാണ് രൂപതയുടെ അധ്യക്ഷന്മാരാകുന്നത്. സീറോ മലബാർ സഭാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗിൽ എറണാകുളം, തൃശൂർ അതിരൂപതകളുടെ നേതൃത്വത്തിലുള്ള വിഭാഗത്തേക്കാൾ മെത്രാന്മാരുടെ പിന്തുണ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തുള്ള വിഭാഗത്തിനുണ്ട്.

ഈ സാഹചര്യമാണ് ഇവർക്ക് താൽപര്യമുള്ള ബിഷപ്പ് സഭാധ്യക്ഷനായി വരാൻ കാരണം. ഇങ്ങനെ എറണാകുളം അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ബിഷപ്പ് സീറോ മലബാർ സഭാധ്യക്ഷനെന്ന നിലയിൽ രൂപതാധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതാണ് പ്രശ്‌നങ്ങൾക്കുള്ള മൂലകാരണം.