കൊച്ചി: സീറോ മലബാർ സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കുകയും കോടികളുടെ ബാധ്യത വരുത്തിവെക്കുകയും ചെയ്ത സംഭവത്തിലെ യഥാർത്ഥ വില്ലൻ കുമിളി ആനക്കര സ്വദേശി വസ്തുബ്രോക്കറെന്ന് സൂചന. ഇദ്ദേഹത്തെ കണ്ണടച്ചു കർദിനാൾ വിശ്വസിച്ചതാണ് സഭയെ കടക്കെണിയിലാക്കിയതെന്നുമാണ് വിലയിരുത്തൽ. ഇയാളെ അതിരൂപതാ നേതൃത്വത്തിനു പരിചയപ്പെടുത്തിയത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണെന്നാണ് ആരോപണം. എസ്എൻഡിപിയുടെ മാതൃകയിൽ കത്തോലിക്കാ കോൺഗ്രസ് പദ്ധതിയിട്ട മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് വിവാദ ബ്രോക്കർ കളം പിടിച്ചത്.

ഈ സംവിധാനം ജനോപകാരപ്രദമാകുമെന്ന് വിശ്വസിപ്പിച്ച ഇദ്ദേഹം കർദിനാളുമായി അടുത്തു. ഇതോടെ വസ്തു ബ്രോക്കറെ കണ്ണടച്ച് വിശ്വസിച്ചതാണ് കർദിനാളിനെ കുരുക്കിലാക്കിയത്. അദ്ദേഹം നടത്തിയ ഇടപാടിലാണ് അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയത്. അതിരൂപതയുടെ കടംതീർക്കാൻ ഭൂമി വിറ്റപ്പോൾ കടം മൂന്നിരട്ടിയായി. അഞ്ചിടത്താണ് സ്ഥലം വിറ്റത്. തൃക്കാക്കര ഭാരതമാതാ കോളജിനു മുന്നിലുള്ള സ്ഥലം, കരുണാലയം, കുസുമഗിരി, െനെപുണ്യ തുടങ്ങിയ സ്ഥലങ്ങൾ മുറിച്ചുവിറ്റത് 36 ആധാരങ്ങളായാണ്.

കരുണാലയത്തിൽ 14 പ്ലോട്ടുകളും കുസുമഗിരിയിൽ രണ്ടു പ്ലോട്ടുകളും െനെപുണ്യയിൽ ഒമ്പതു പ്ലോട്ടുകളുമായാണു തിരിച്ചത്. ബാങ്ക് കാര്യങ്ങളിൽ ഒപ്പിടാനുള്ള അവകാശം കർദിനാളിനും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്കുമാണ്. എന്നാൽ, ഭൂമി സംബന്ധിച്ചു പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെപ്പറ്റി ഇവർക്കു മറുപടിയില്ല. ഫിനാൻസ് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല.

2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതൽ കർദിനാളിനു മുന്നറിയിപ്പു നൽകിയതാണെന്നു െവെദികർ പറയുന്നു. സഭാനേതൃത്വത്തിനെതിരേ കോടതിയിൽ പരാതി നൽകാൻ െവെദികർക്കാവില്ല. അതിനാൽ സഭാതലവനായ മാർപ്പാപ്പയ്ക്കു കാനോനികമായി പരാതി നൽകാനാണു നീക്കം. കഴിഞ്ഞ 21 നു ചേർന്ന െവെദികസമിതി യോഗത്തിൽ അതിരൂപതയിലെ 480 െവെദികരിൽ 350 പേർ സംബന്ധിച്ചു. ഏകകണ്ഠമായ തീരുമാനം മാർപാപ്പയെ അറിയിക്കും. ഇപ്പോഴത്തെ മാർപ്പാപ്പയിൽ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന്‌ െവെദികർ പറയുന്നു. സഭയുടെ എറണാകുളത്തെ 3.07 ഏക്കർ സ്ഥലം 28 കോടി രൂപയ്ക്കു വിൽപന നടത്താനാണു ബ്രോക്കറായ പാലാ സ്വദേശിയെ ഏൽപ്പിച്ചത്. എന്നാൽ ഒമ്പതുകോടി മാത്രമാണു നൽകിയത്. ആധാരവിലയായ 11 കോടിരൂപ പോലും കൊടുത്തില്ല. അവിടെയും രണ്ടുകോടി തട്ടി.

ഇടപാടുകാരനുമായുള്ള കരാർ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചുനൽകാൻ പാടില്ല. എന്നാൽ, ഈ നിബന്ധന ലംഘിച്ചാണു 36 പേർക്കു സ്ഥലങ്ങൾ വിറ്റത്. 36 ആധാരങ്ങളിലായി സ്ഥലങ്ങൾ വിറ്റതു കാനോനിക സമിതികൾ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളിൽ ആലോചനയ്ക്കു വരുംമുമ്പു തന്നെ വിൽക്കാനുള്ള ചില സ്ഥലങ്ങൾക്കു അഡ്വാൻസും വാങ്ങിയെന്നാണ് എറണാകുളം-അങ്കമാലി മേജർ അതിരൂപതാ വികാരി ജനറാളും സീനിയർ സഹായമെത്രാനുമായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ വെളിപ്പെടുത്തൽ. തുടർന്നു സ്ഥലം ബ്രോക്കർ പറഞ്ഞുറപ്പിച്ചവർക്കു കർദിനാൾ 36 ആധാരങ്ങൾ എഴുതിക്കൊടുത്തു.

ബാക്കി 18.7 കോടി രൂപയ്ക്കു പകരം കോട്ടപ്പടിയിൽ ബ്രോക്കർ വാങ്ങാനുദ്ദേശിച്ച 92 ഏക്കർ ഭൂമിയിൽ 25 ഏക്കർ സഭയുടെ പേരിൽ ഈടായി എഴുതിനൽകി. പണം നൽകുമ്പോൾ ഭൂമി തിരികെ നൽകണമെന്ന വ്യവസ്ഥയിൽ. സെന്റിന് 30,000 രൂപയ്ക്കു വാങ്ങിയ ഭൂമി ആഴ്ചകൾക്കുശേഷം 96,000 രൂപയ്ക്കാണ് ഇടപാടുകാരൻ അതിരൂപതയ്ക്കു വിറ്റത്. 24 കോടി രൂപ ലാഭം. എന്നിട്ടും 18.7 കോടി രൂപയിൽ ഒരു രൂപപോലും അരമനയ്ക്കു മടക്കിക്കിട്ടിയില്ല. പകരം ആറുകോടി രൂപ വായ്പയെടുത്തു ബ്രോക്കർക്കു നൽകുകയായിരുന്നു അതിരൂപതാ നേതൃത്വം. അവശേഷിച്ച 67 ഏക്കർ സ്ഥലം വാങ്ങാൻ അതിരൂപത ഒമ്പതുകോടി രൂപ കൂടി ബാങ്ക് വായ്പയെടുത്ത് ഇടപാടുകാരനു നൽകി.

കോതമംഗലം എം.എൽ.സിയായിരുന്ന എലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മന്റെ മകന്റെ പേരിലുള്ളതാണു സ്ഥലം. സ്ഥലം വാങ്ങാൻ പറഞ്ഞുറപ്പിച്ചിരിക്കേ ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങാനായി മറ്റൊരു ഇടപാടുകാരൻ എത്തിയെങ്കിലും ക്വാറിക്കുവേണ്ടിയെന്ന പ്രചരണത്തെത്തുടർന്ന് നാട്ടുകാർ ഇളകി. അതോടെ വിൽപനയും മുടങ്ങി. ബ്രോക്കർക്ക് വന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വം ഇതോടെ അതിരൂപതയുടെ തലയിലുമായി. ഇതോടെ പിന്നിൽ കളിച്ചവരുടെ ദിവാസ്വപ്നവും പൊലിഞ്ഞു.

അതിരൂപതയുടെ സ്ഥലത്തിന് മാർക്കറ്റ് വില 80 കോടിയോളം വരുമ്പോഴാണ് നിസാര വിലയ്ക്കു വിറ്റത്. ഭൂമി വിൽക്കാൻ അതിരൂപത ആദ്യം സമീപിച്ചത് ഭാരതമാതാ കോളജിനടുത്തുള്ള അന്യമതസ്ഥനായ ബ്രോക്കറെ ആയിരുന്നു. അയാളുടെ മകനും പാലാക്കാരൻ ബ്രോക്കറും അടുപ്പക്കാരാണ്. തുടർന്നാണു ബ്രോക്കർ രംഗത്തെത്തുന്നത്. അതിരൂപതാ സഹായ മെത്രാന്മാരുടെ അറിവോ സമ്മതമോ കൂടാതെയാണു കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകൾ നടത്തിയതെന്നു സഹായമെത്രാൻ വ്യക്തമാക്കിയതോടെയാണു കർദിനാൾ മാർ ജോർജ് ആലഞ്ചേരി വെട്ടിലായത്.

അതിനിടെ ഭൂമി വിവാദം കത്തിനിൽക്കെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തി. ഇടപാടിൽ സഭയ്ക്ക് വലിയ പിഴവ് പറ്റിയെന്നും 34 കോടിരൂപയുടെ നഷ്ടമുണ്ടെന്നും അതിരൂപതാ വക്താവ് തന്നെ പറഞ്ഞു. സഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപ്പാപ്പക്ക് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ റോമിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും എറണാകുളം -അങ്കമാലി അതിരൂപത വക്താവ്, ഫാദർ പോൾ കരേടൻ പറഞ്ഞു.

കടം തീർക്കാൻ ഭൂമി വിൽക്കാമെന്നുള്ളത് പൊതു തീരുമാനമാണ്. മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേർക്ക് മുറിച്ച് വിറ്റത് സഭയുടെ തീരുമാനമല്ല. സഭാ സമിതികൾ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അബദ്ധംപറ്റിയെന്നാണ് ഭൂമി വിൽപ്പനയെക്കുറിച്ച് സിറോമലബാർ സഭാ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട്.

കാനോനിക നിയമങ്ങൾ തെറ്റിച്ചു എന്നത് ശരിയാണ്. ഉത്തരവാദികളായവർക്കെതിരെ സഭാ നിയമങ്ങൾ അനുസരിച്ചുള്ള അന്വേഷണവും നടപടിയും ഉണ്ടാകും. ആറംഗം അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മാർപ്പാപ്പക്ക് നൽകും. മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള ആരോപണവിധേയരോട് അന്വേഷണ കമ്മീഷൻ വിശദീകരണം തേടും. ചതിച്ചത് ഇടനിലക്കാരനായ സാജുവാണ്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും അദ്ദേഹം വ്യക്തമാക്കി. സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാറ്റിനേയും അതിജീവിക്കുമെന്നും ഫാദർ പോൾ കരേടൻ കൂട്ടിച്ചേർത്തു.