കൊച്ചി: എറണാകുളം-അങ്കമാലി മേജർ അതിരൂപതയിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. 60 വർഷങ്ങളായി നിലനിൽക്കുന്ന ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി വൈദികരും വിശ്വാസിസമൂഹവും പങ്കെടുത്ത വിശ്വാസി മഹാസംഗമം കലൂർ സ്റ്റേഡിയത്തിൽ നടന്നു. പതിനായിരങ്ങൾ പങ്കെടുത്ത സംഗമം സീറോ മലബാർ സഭയിലെ ഔദ്യോഗിക വിഭാഗത്തെ വെല്ലു വിളിച്ചു കൊണ്ടായിരുന്നു.

അതിരൂപതയിൽ ജനാഭിമുഖ കുർബാന നിലനിർത്തുക, ഭൂമിയിടപാടു പ്രശ്‌നങ്ങളിൽ അതിരൂപതയ്ക്കു നഷ്ടപ്പെട്ട തുക റെസ്റ്റിറ്റിയൂഷൻ പ്രക്രിയയുടെ ഭാഗമായി തിരിച്ചുനൽകുക, മാർ ആന്റണി കരിയിലിനോട് സിനഡ് നീതിപുലർത്തുക, സിനഡ് പിതാക്കന്മാർ, വിശ്വാസികളെയും വൈദികരെയും കേൾക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിശ്വാസികളും സന്ന്യസ്തരും ഒത്തുചേർന്നത്.

അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികനായ ഫാ. േജാർജ് വിതയത്തിൽ ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. ജനാഭിമുഖ കുർബാന ഒരുവിഭാഗം വൈദികരുടെയോ അൽമായരുടെയോമാത്രം ആവശ്യമല്ലെന്നും അതിരൂപതയയിലെ 99 ശതമാനവും വൈദികരും അൽമായരും ജനാഭിമുഖ കുർബാനയിൽ ഉറച്ച നിലപാടുള്ളവരാണെന്നുമുള്ള പ്രതിജ്ഞ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് ചൊല്ലിക്കൊടുത്തു. .

റാലി ഫാ. ജോസ് ഇടശ്ശേരി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരൂപതയിലെ ഇടവകകൾ റാലിയിൽ അണിചേർന്നു. ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപുരക്കൽ, ഡോ. കൊച്ചുറാണി, ജനറൽ കൺവീനർ ഷിജോ കരുമത്തി, ഫാ. കുരിയാക്കോസ് മുണ്ടാടാൻ, ആഗസ്റ്റിൻ കണിയാമാറ്റം, ജെമി ആഗസ്റ്റിൻ, മാത്യു കരോണ്ടുകടവൻ, ടിജോ പാടായിട്ടിൽ, അനിൽ പാലത്തിങ്കൾ ബെന്റലി താടിക്കാരൻ എന്നിവർ സംസാരിച്ചു. ബിനു ജോൺ പ്രമേയം അവതരിപ്പിച്ചു. മോൺ. വർഗീസ് ഞാളിയത് അധ്യക്ഷനായിരുന്നു. അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസി.വൈ.എം. സി.എൽ.സി., സി.എം.എൽ., വിൻസെന്റ് ഡി പോൾ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് സംഗമം നടത്തിയത്.

അതേസമയം എറണാകുളം അതിരൂപത വിശ്വാസ സംഗമത്തെ തുടർന്ന് വിവാദ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി സിറോ മലബാർ സഭ രംഗത്തുവന്നു. ഫ്രാൻസിസ് മാർപാപ്പയും തിരുസംഘവും സ്വീകരിച്ച നടപടിയെ ചോദ്യംചെയ്തും സഭാ സിനഡിന്റെ അധികാരത്തെ നിരാകരിച്ചും വിശ്വാസ സംഗമമെന്ന പേരിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്നതായി സിറോ മലബാർ സഭ. സഭയുടെ കെട്ടുറപ്പും അച്ചടക്കവും തകർക്കുന്നതിന് പ്രവർത്തിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസി സംഗമത്തിന്റെ പശ്ചാത്തലത്തിൽ സഭ പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

കത്തിലെ പ്രസക്ത ഭാഗങ്ങൾ: അതിരൂപതയിലെ സ്ഥലവിൽപ്പന കാനോനിക സമിതികളുടെ അംഗീകാരത്തോടെ സുതാര്യമായും നിയമാനുസൃതമായുമാണ് നടന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകുകയും ചെയ്തിട്ടുണ്ട്.

സ്ഥലവിൽപ്പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കുമെന്ന് കരുതിയ തുക കിട്ടിയില്ല എന്നത് വസ്തുതയാണ്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങൾ അതിരൂപതയുടെ പേരിൽ ഈടായി കർദിനാൾ എഴുതിവാങ്ങി. സ്ഥലവിൽപ്പനയിലൂടെ ലഭിച്ച തുക മുഴുവൻ അതിരൂപതയുടെ അക്കൗണ്ടിലൂടെ മാത്രമാണ് സ്വീകരിച്ചത്.

സ്ഥലവിൽപ്പനയുടെ എല്ലാ പോരായ്മകളും കർദിനാളിൽ മാത്രം ആരോപിക്കുന്നവർ അന്നത്തെ അതിരൂപതാ കാര്യാലയത്തിലുണ്ടായിരുന്നവരെ സംരക്ഷിക്കുകയായിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറയുന്നുണ്ട്. സ്ഥലമിടപാടിൽ കർദിനാളിനെതിരേ സാമ്പത്തിക കുറ്റമാരോപിച്ചവർ അതിനെ സാധൂകരിക്കാൻ വ്യാജ രേഖകൾ ചമച്ചു. ഈ വിഷയത്തിൽ അതിരൂപതയിലെ മൂന്നു വൈദികർ പ്രതികളാണ്.

സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച എല്ലാ കമ്മിഷനുകളും ഈ ഇടപാടുകളിലൂടെ കർദിനാൾ വ്യക്തിപരമായി ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്.

സ്ഥലം വിൽപ്പനയുടെ മുഴുവൻ ഉത്തരവാദിത്വവും മേജർ ആർച്ച് ബിഷപ്പിൽ നിക്ഷിപ്തമാക്കിയതിനാൽ അതിരൂപതയ്ക്ക് നഷ്ടം വരാതിരിക്കാൻ പിതാവിന്റെ പ്രത്യേക ശ്രദ്ധയിൽ ഈടായി വാങ്ങിയ രണ്ടു സ്ഥലങ്ങൾ വിറ്റുകൊണ്ട് അതിരൂപതയ്ക്ക് വന്ന നഷ്ടം നികത്താൻ പെർമനന്റ് സിനഡ് നിർദേശിക്കുകയുണ്ടായി. എന്നാൽ, കർദിനാൾ അതിരൂപതയ്ക്ക് നഷ്ടം വരുത്തി എന്നു പറയുന്നവർ പിതാവ് ഈടായി വാങ്ങിയ രണ്ടുസ്ഥലങ്ങളുടെമേൽ പിതാവിന് അധികാരമൊന്നുമില്ലെന്നും അത് അതിരൂപതയുടെ സ്വത്താണെന്നും പറയുകയാണ് ചെയ്തത്.

കുർബാനയുടെ അർപ്പണരീതിയിലുള്ള ഏകീകരണ തീരുമാനവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാദം സഭയിലെ മഹാഭൂരിപക്ഷം വരുന്ന വൈദികരും സമർപ്പിതരും വിശ്വാസികളും തള്ളിക്കളഞ്ഞതാണ്.

ഏകീകൃത കുർബാന സംബന്ധിച്ച് മേലധികാരികളുടെ നിർദ്ദേശം അവഗണിച്ച്, മേജർ ആർച്ച് ബിഷപ്പിനോട് ആലോചിക്കാതെ, അതിരൂപതയ്ക്ക് മുഴുവനായി ഡിസംബർ 25-വരെ ഒഴിവുനൽകി മാർ കരിയിൽ നൽകിയ സർക്കുലർ സഭാസംവിധാനത്തോടും സഭാനിയമങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നു. ഒടുവിൽ അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കാൻ സന്തോഷപൂർവം തയാറാകുകയും കർദിനാളുമൊത്ത് മാർ കരിയിൽ സർക്കുലറിൽ ഒപ്പുവെയ്ക്കുകയും ചെയ്തു. ഓൺലൈൻ സിനഡിൽ പിതാക്കന്മാർ തന്നെ സമ്മർദത്തിലാഴ്‌ത്തിയാണ് സർക്കുലറിനുള്ള സമ്മതം വാങ്ങിയതെന്നു കരിയിലിനെ ഉദ്ധരിച്ച് പ്രസ്താവനകൾ തൊട്ടുപിറ്റേന്ന് വരികയുണ്ടായി. സിനഡിനെ ചോദ്യംചെയ്ത നടപടിയായിരുന്നു അത്.

എറണാകുളം അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരിസ്ഥാനത്തുനിന്നു മാർ കരിയിൽ നൽകിയ രാജി വത്തിക്കാൻ സ്വീകരിച്ചു. ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചത് കോൺഗ്രിഗേഷന്റെ കല്പനയാണെന്ന് കുറിപ്പ് പറയുന്നു.