കൊച്ചി: സിറോ മലബാർ സഭ തർക്കത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം. ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്ന് വിമതർ ഭീഷണിപ്പെടുത്തി. ബിഷപ്പ് കരിയലിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണ് വിമതർ ബിഷപ്പിനെ തടഞ്ഞുവെച്ചത്.

ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാൻ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയും.

അടിച്ചേൽപ്പിച്ചാലും ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും നടപ്പാക്കില്ലെന്ന് കാണാനെത്തിയവർ നിലപാടെടുത്തു. ഇതിനിടെ മുൻ ബിഷപ്പ് ആന്റണി കരിയിൽ പുറത്തുവിട്ട കത്ത് പിൻവലിക്കാൻ ബിഷപ്പ് താഴത്ത് സമ്മർദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികൾ ആരോപിച്ചു. ഇതോടെ കാണാനെത്തിയവരിൽ ഒരു വിഭാഗം താഴത്തിനെതിരെ തിരിയുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആൻഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗത്തിന്റെ ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതർ അധിക്ഷേപിച്ചു.

പതിനായിരങ്ങളെ അണിനിരത്തി വിശ്വാസ സംരക്ഷണ മഹാറാലി സംഘടിപ്പിച്ചതിന് പിന്നാലെ ജനാഭിമുഖ കുർബാന തുടരണമെന്ന പ്രമേയം എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വിശ്വാസികളുടെ സംഘടന കൈമാറിയിരുന്നു. ഞായറാഴ്ച നടന്ന വിശ്വാസ മഹാസംഗമത്തിൽ പാസാക്കിയ പ്രമേയം കൈമാറാനാണു സംഘടനാ പ്രതിനിധികൾ വ്യാഴാഴ്ച മാർ താഴത്തിനെ കാണാനെത്തിയത്.

അടിച്ചേൽപ്പിച്ചാലും ജനാഭിമുഖ കുർബാനയല്ലാതെ ഒന്നും നടപ്പാക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ ബിഷപ്പിനോടു വ്യക്തമാക്കി. മുൻ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ പുറത്തുവിട്ട കത്തു പിൻവലിക്കാൻ മാർ താഴത്ത് ഭീഷണിപ്പെടുത്തുന്നെന്ന് സംഘടനാപ്രതിനിധികൾ ആരോപിച്ചതോടെയാണു തർക്കം മുറുകിയത്.

ഭീഷണിപ്പെടുത്താൻ താങ്കൾ ആരാണെന്ന് ഇവർ ചോദിച്ചു. മാർപ്പാപ്പയുടെ കല്പനപ്രകാരമാണ് താൻ എത്തിയതെന്നും അതു നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മാർ താഴത്ത് അഭ്യർത്ഥിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടർന്ന് വന്ന കുർബാന പരിഷ്‌കരണം, തർക്കങ്ങൾ എന്നിവയ്‌ക്കൊക്കെ തുടർച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാൻ നേരിട്ട് ഇടപെട്ടായിരുന്നു നടപടി.

അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററായി തൃശ്ശൂർ ആർച്ച് ബിഷപ് ആയിരുന്ന മാർ ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു.

അതിലെ അംഗങ്ങൾ വിമതവൈദികർക്കൊപ്പം നിൽക്കുന്നു എന്ന ആക്ഷേപം ഉയർത്തിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും ഇത്തരത്തിൽ അധിക്ഷേപിച്ചതും.

അധിക്ഷേപങ്ങളെല്ലാം നേരിടുമ്പോഴും അക്ഷോഭ്യനായാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചത്. ഇതെല്ലാം തന്നെ ചുമതലയിൽ നിയോഗിച്ചവരെ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങി പോകുകയായിരുന്നു.

ഇതിന് പിന്നാലെ കർദ്ദിനാൾ അനുകൂലികൾ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയപ്പോൾ കൂരിയയുടെ ചുമതല വഹിക്കുന്ന വൈദികർ പൊലീസിനെ വിളിക്കാതിരുന്നത് വിമതരെ സഹായിക്കാനാണെന്ന് ആരോപിച്ച് ഇവരും പ്രതിഷേധിച്ചു.

വത്തിക്കാന്റെ തീരുമാനത്തെ ലംഘിക്കാൻ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയ കാഴ്‌ച്ചയാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ ദിവസം കണ്ടത്. തെരുവിലേക്ക് നീണ്ട ഈ പ്രതിഷേധം സഭയിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസി സമൂഹം ഉറ്റുനോക്കുന്നത്.

പതിനായിരങ്ങളെ അണിനിരത്തി വിശ്വാസ സംരക്ഷണ മഹാറാലി നടത്താൻ കഴിഞ്ഞതോടെ അതിരൂപതയിലെ വൈദികർ വർധിച്ച ആത്മവിശ്വാസത്തിലാണ്. അറുപതിനായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമാണെന്ന പ്രചാരണത്തിനു മറുപടി നൽകാൻ വിശ്വാസികളുടെ കൂറ്റൻ പങ്കാളിത്തത്തിലൂടെ കഴിഞ്ഞെന്നാണ് വൈദികരുടെ അവകാശവാദം.

ഇനി 17-നു തുടങ്ങുന്ന സിനഡിലാണ് എല്ലാ കണ്ണുകളും. മാർ കരിയിലിന്റെ രാജി, അദ്ദേഹം പുറത്തുവിട്ട കത്ത്, എറണാകുളത്തു നടന്ന മഹാസംഗമം എന്നിവയാണ് കഴിഞ്ഞ സിനഡിനുശേഷം നടന്ന പ്രധാന സംഭവങ്ങൾ. അതുകൊണ്ടുതന്നെ ഈവിഷയം വീണ്ടും ചർച്ചയാകുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. എന്നാൽ, പ്രശ്നപരിഹാരത്തിന് അപ്പൊസ്‌തൊലിക് അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചിരിക്കെ, ഇനി എറണാകുളം വിഷയം ചർച്ച ചെയ്യില്ലെന്നും വാദമുണ്ട്.

ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വത്തിക്കാൻ നേരിട്ടുള്ള ഇടപെടൽ തുടങ്ങിയതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപയിൽ പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമാകുന്നത് സിനഡിന് തലവേദനയാവുകയാണ്.