ആലപ്പുഴ: പതിനായിരങ്ങളെ അണിനിരത്തി വിശ്വാസ സംരക്ഷണ മഹാറാലി സംഘടിപ്പിച്ചതിന് പിന്നാലെ ജനാഭിമുഖ കുർബാന തുടരണമെന്ന പ്രമേയം എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൈമാറി വിശ്വാസി സമൂഹം. അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനോട് രൂക്ഷമായ ഭാഷയിലാണ് വിശ്വാസികളുടെ സംഘടനാ പ്രതിനിധികൾ പ്രതിഷേധമറിയിച്ചത്. ഞായറാഴ്ച നടന്ന വിശ്വാസ മഹാസംഗമത്തിൽ പാസാക്കിയ പ്രമേയം കൈമാറാനാണു സംഘടനാ പ്രതിനിധികൾ വ്യാഴാഴ്ച മാർ താഴത്തിനെ കാണാനെത്തിയത്.

അടിച്ചേൽപ്പിച്ചാലും ജനാഭിമുഖ കുർബാനയല്ലാതെ ഒന്നും നടപ്പാക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ ബിഷപ്പിനോടു വ്യക്തമാക്കി. മുൻ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ പുറത്തുവിട്ട കത്തു പിൻവലിക്കാൻ മാർ താഴത്ത് ഭീഷണിപ്പെടുത്തുന്നെന്ന് സംഘടനാപ്രതിനിധികൾ ആരോപിച്ചതോടെയാണു തർക്കം മുറുകിയത്.

ഭീഷണിപ്പെടുത്താൻ താങ്കൾ ആരാണെന്ന് ഇവർ ചോദിച്ചു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. മാർപ്പാപ്പയുടെ കല്പനപ്രകാരമാണ് താൻ എത്തിയതെന്നും അതു നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മാർ താഴത്ത് അഭ്യർത്ഥിച്ചു.

വത്തിക്കാന്റെ തീരുമാനത്തെ ലംഘിക്കാൻ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയ കാഴ്‌ച്ചയാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ ദിവസം കണ്ടത്. തെരുവിലേക്ക് നീണ്ട ഈ പ്രതിഷേധം സഭയിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസി സമൂഹം ഉറ്റുനോക്കുന്നത്.

പതിനായിരങ്ങളെ അണിനിരത്തി വിശ്വാസ സംരക്ഷണ മഹാറാലി നടത്താൻ കഴിഞ്ഞതോടെ അതിരൂപതയിലെ വൈദികർ വർധിച്ച ആത്മവിശ്വാസത്തിലാണ്. അറുപതിനായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമാണെന്ന പ്രചാരണത്തിനു മറുപടി നൽകാൻ വിശ്വാസികളുടെ കൂറ്റൻ പങ്കാളിത്തത്തിലൂടെ കഴിഞ്ഞെന്നാണ് വൈദികരുടെ അവകാശവാദം.

ഇനി 17-നു തുടങ്ങുന്ന സിനഡിലാണ് എല്ലാ കണ്ണുകളും. മാർ കരിയിലിന്റെ രാജി, അദ്ദേഹം പുറത്തുവിട്ട കത്ത്, എറണാകുളത്തു നടന്ന മഹാസംഗമം എന്നിവയാണ് കഴിഞ്ഞ സിനഡിനുശേഷം നടന്ന പ്രധാന സംഭവങ്ങൾ. അതുകൊണ്ടുതന്നെ ഈവിഷയം വീണ്ടും ചർച്ചയാകുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. എന്നാൽ, പ്രശ്‌നപരിഹാരത്തിന് അപ്പൊസ്തൊലിക് അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കെ, ഇനി എറണാകുളം വിഷയം ചർച്ച ചെയ്യില്ലെന്നും വാദമുണ്ട്.

സിനഡ് കുർബാന നിർബന്ധമാക്കി അതിരൂപതയുടെ അപ്പൊസ്‌തൊലിക് അഡ്‌മിനിസ്‌ട്രേറ്റർ ഉത്തരവിറക്കിയാലും വിശ്വാസികൾ ചെറുക്കുമെന്നതിന്റെ സൂചനയായും മഹാസംഗമത്തെ വൈദികർ വ്യാഖ്യാനിക്കുന്നു. കന്യാസ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധിക്കപ്പെട്ടു. സഭാ
നേതൃത്വത്തിൽനിന്ന് ഇനിയുള്ള നടപടികളാവും നിർണായകമാകുക. മുന്നൂറോളം വൈദികർക്കെതിരേ നടപടിയെടുക്കുക പ്രായോഗികമല്ല. മാത്രമല്ല, വിശ്വാസ സംരക്ഷണ റാലിയെ ഔദ്യോഗികമായി വിലക്കിയിരുന്നുമില്ല.

ഇതിനു തൊട്ടുമുമ്പു ചേർന്ന പ്രസ്ബിത്തേരിയത്തിൽ വൈദികർ പലതവണ ഇതേക്കുറിച്ചു പറഞ്ഞെങ്കിലും എതിർത്തോ അനുകൂലിച്ചോ പ്രതികരണങ്ങളുണ്ടായിരുന്നില്ല. എന്നാൽ, ഗുരുതരമായ അച്ചടക്കലംഘനമാണ് തുടർച്ചയായി നടക്കുന്നതെന്നാണ് ഔദ്യോഗിക നിലപാട്. ഫ്രാൻസിസ് മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും സ്വീകരിച്ച നടപടികളെ ചോദ്യംചെയ്തും സഭാസിനഡിന്റെ അധികാരത്തെ നിരാകരിച്ചും സമ്മേളനം സംഘടിപ്പിക്കുന്നവരും പ്രസ്താവനകളിലൂടെ സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തുന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, അതിരൂപത കൂരിയ മാർ താഴത്ത് പുനഃസംഘടിപ്പിച്ചു. രണ്ടുഭാഗത്തോടും തീവ്രനിലപാടില്ലാത്തവരാണ് ഇതിൽ ഭൂരിപക്ഷവും. ഔദ്യോഗികപക്ഷത്ത് ഉറച്ചുനിൽക്കുന്ന ഏതാനും വൈദികരെ ഉൾപ്പെടുത്തിയിട്ടുമില്ല. പുതിയ സംഘത്തെക്കുറിച്ച് ഇരുപക്ഷത്തിനും വലിയ ആക്ഷേപമില്ല. അതിരൂപത പി.ആർ.ഒ. സ്ഥാനത്തുനിന്ന് ഫാ. മാത്യു കിലുക്കനെ ഒഴിവാക്കിയിട്ടുണ്ട്. ഇദ്ദേഹം സത്യദീപം ചീഫ്എഡിറ്ററായി തുടരും. പുതിയ ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കലിന് പി.ആർ.ഒ.യുടെ ചുമതലയും നൽകി.