വത്തിക്കാൻ: സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ. കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും സഭ കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നത സമിതിയായ പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി. ഇതോടെ സഭയിൽ വിവാദം കൂടുതൽ മുറുകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

അൾത്താര അഭിമുഖ കുർബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാൻ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകിയിരിക്കുന്നത്. കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് ഇടവകകളെ പിൻതിരിപ്പിക്കരുതെന്ന് നിർദ്ദേശമുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മേജർ ജോർജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യസംഘം കർദ്ദിനാൾ ലിയനാർഡോ സാന്ദ്രി കത്തയച്ചു.

അതേസമയം സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം നവംബർ 28 മുതൽ നിലവിൽ വന്നു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുർബാനക്രമം നടപ്പിലാക്കിയില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാനയർപ്പിച്ചിരുന്നു.

സഭയിൽ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കുന്നത്.

1999ൽ പുതുക്കിയ കുർബാന രീതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത പുതുക്കിയ കുർബാന ക്രമം നടപ്പിലാക്കിയില്ല. ജനാഭിമുഖ കുർബാന നിലവിലുള്ള തൃശൂർ അതിരൂപതയും പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളും പുതിയ ബലിയർപ്പണ രീതിയിലേക്ക് മാറി.