കൊച്ചി: എറാണാകുളം -അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിൽപ്പനയിൽ വ്യാജ പട്ടയം നിർമ്മിച്ചെന്ന പരാതിയിൽ കഴമ്പുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തൃക്കാക്കരയിലെ ഭൂമി വിൽപ്പനയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം എന്ന് പൊലീസ് കോടതിയെ അറിയിച്ചത്. പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യൂ ഓഫീസിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ ഇതൊരു വ്യാജ പട്ടയം ആണെന്ന സംശയം നിലനിൽക്കുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു.

വാഴക്കാല വില്ലേജിൽ ബ്ലോക്ക് നമ്പർ എട്ടിൽ 407 ബാർ ഒന്ന് എന്ന സർവ്വേ നമ്പറിൽപ്പെട്ട സ്ഥലത്ത് ഏഴ് പേർക്ക് 74 സെന്റ് ഭൂമി മുറിച്ച് വിൽപ്പന നടത്തി. ഈ ഭൂമി വിൽപ്പന നടത്താൻ ഉപയോഗിച്ച രേഖകൾ വ്യാജമാണെന്നായിരുന്നു ആരോപണം.