കൊച്ചി: വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനുള്ള അവസരം നൽകാൻ സിറോ മലബാർ സഭാ സിനഡിന്റെ തീരുമാനം. മരിച്ചയാളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്ന പക്ഷം ദഹിപ്പിക്കാൻ അനുമതി നൽകാൻ ബിഷപ്പുമാരെ സിനഡ് ചുമതലപ്പെടുത്തി. എന്നാൽ സംസ്‌കാര ശുശ്രൂഷകളിൽ ക്രൈസ്തവ രീതിയും പാരമ്പര്യവും നിലനിർത്തണമെന്നും സിനഡ് നിർദേശിച്ചു. സെമിത്തേരികളിലെ സ്ഥല പരിമിതി ക്രൈസ്തവ സഭകൾക്കെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സിനഡിന്റെ തീരുമാനം അതുമാത്രം പരിഗണിച്ചല്ലെന്നും സഭാ വൃത്തങ്ങൾ വ്യക്തമാക്കി.

കാനോൻ നിയമത്തിൽ ശരീരം ദഹിപ്പിക്കുന്നതിന് അനുവാദം നൽകാൻ വ്യവസ്ഥയുണ്ട്. പക്ഷേ അപൂർവമായ സാഹചര്യങ്ങളിലേ അങ്ങനെ ചെയ്യാറുള്ളൂ. സെമിത്തേരിയിൽ മറവു ചെയ്യുന്നതാണു ക്രൈസ്തവരുടെ പൊതുരീതി. ശവപേടകങ്ങളുടെ വില കുത്തനെ കൂടിയതിനാൽ യൂറോപ്പിൽ ശവദാഹം നടത്തുന്നുണ്ട്. കേരളത്തിലും ചില സഭകളില്പെട്ടവർ ശവദാഹം നടത്തിയിട്ടുണ്ട്.

സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും വ്യത്യസ്ത പ്രശ്‌നങ്ങളുണ്ടെന്നു സഭാ വക്താവ് ഫാ. പോൾ തേലക്കാട്ട് പറയുന്നു. സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിൽ സ്ഥലപരിമിതിയാണു പ്രധാന പ്രശ്‌നം. സ്വകാര്യ സ്ഥലങ്ങളിൽ മൃതദേഹം ദഹിപ്പിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കാം. സംസ്‌കാര ശുശ്രൂഷകൾ നടത്താനുള്ള സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ പൊതുശ്മശാനങ്ങളിലെ ശവദാഹമാണു മെച്ചപ്പെട്ട മാർഗമെന്നും അദ്ദേഹം പറഞ്ഞു.