- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ ഭൂമി ഇടപാടുകളിലൂടെ കത്തോലിക്കാ സഭയ്ക്ക് നഷ്ടം 19 കോടി രൂപ! നഗരമധ്യത്തിൽ കോടികൾ വിലയുള്ള ഭൂമി തുച്ഛവിലയ്ക്കു വിറ്റ് പകരം വാങ്ങിയത് വനമേഖലയിലുള്ള വിലകുറഞ്ഞ ഭൂമി; കാനോനിക സമിതികളുടെ അറിവില്ലാതെ ഐകോ വഴി 10 കോടി രൂപയുടെ വായ്പയെടുത്തതും വിവാദത്തിൽ; സിനഡലിും മാർപ്പാപ്പക്ക് മുമ്പിലും മാർ ആലഞ്ചേരിക്കെതിരായ ആരോപണങ്ങളുടെ പട്ടിക നിരത്താൻ ഉറപ്പിച്ച് ഒരു വിഭാഗം പുരോഹിതർ
കൊച്ചി: അടുത്ത മാസം ഏഴു മുതൽ 13 വരെയാണ് കത്തോലിക്കാ സിനഡ് നടക്കുന്നത്. ഇതിന് ഏതാനും ആഴ്ച്ചകൾക്ക് മുമ്പായാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായി ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നു വന്നത്. ആലഞ്ചേരിയുടെ വിശ്വസ്തരായ വൈദികർ നടത്തിയ ഇടപാടുകളുടെ പേരിൽ അദ്ദേഹം തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾക്ക് പിന്നിലെ ലക്ഷ്യം സിനഡ് തന്നയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. സിനഡിൽ മാർ ആലഞ്ചേരിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനത്തെത്താമെന്ന് ചില പുരോഹിതരും കണക്കുകൂട്ടുന്നു. അതിനുള്ള തന്ത്രങ്ങളാണ് ഒരു വിഭാഗം പുരോഹിതർ ഇപ്പോൾ നടത്തുന്നത്. സിറോ മലബാർ സഭയിൽ അടുത്തിടെ ഉയർന്ന ഭൂമി വിൽപന വിവാദം സംബന്ധിച്ച് പഠിച്ച സമിതിയുടെ സമ്പൂർണ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഏകദേശ രൂപം വിശ്വാസികളിലേക്കും എത്തും. സഭയിലെ വിശ്വാസികൾക്കും വൈദികർക്കുമിടയിൽ സജീവ ചർച്ചയായ വിവാദം സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെ ഉള്ള
കൊച്ചി: അടുത്ത മാസം ഏഴു മുതൽ 13 വരെയാണ് കത്തോലിക്കാ സിനഡ് നടക്കുന്നത്. ഇതിന് ഏതാനും ആഴ്ച്ചകൾക്ക് മുമ്പായാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായി ഭൂമി ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നു വന്നത്. ആലഞ്ചേരിയുടെ വിശ്വസ്തരായ വൈദികർ നടത്തിയ ഇടപാടുകളുടെ പേരിൽ അദ്ദേഹം തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾക്ക് പിന്നിലെ ലക്ഷ്യം സിനഡ് തന്നയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. സിനഡിൽ മാർ ആലഞ്ചേരിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനത്തെത്താമെന്ന് ചില പുരോഹിതരും കണക്കുകൂട്ടുന്നു. അതിനുള്ള തന്ത്രങ്ങളാണ് ഒരു വിഭാഗം പുരോഹിതർ ഇപ്പോൾ നടത്തുന്നത്.
സിറോ മലബാർ സഭയിൽ അടുത്തിടെ ഉയർന്ന ഭൂമി വിൽപന വിവാദം സംബന്ധിച്ച് പഠിച്ച സമിതിയുടെ സമ്പൂർണ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഏകദേശ രൂപം വിശ്വാസികളിലേക്കും എത്തും. സഭയിലെ വിശ്വാസികൾക്കും വൈദികർക്കുമിടയിൽ സജീവ ചർച്ചയായ വിവാദം സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്തെന്ന ആകാംക്ഷയിലാണ് ഏവരും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേയാണ് ഭൂമിവില്പന സംബന്ധിച്ച ആരോപണം ഉയർന്നത്. വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നു.
ഭൂമി വിൽപ്പന തീരുമാനിച്ച യോഗത്തിൽ മാർ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. സഹായമെത്രാന്മാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കുന്നതു ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. വിശ്വാസികൾ ഉൾപ്പെട്ട സമിതികളിലൊന്നും ഭൂമിവിൽപ്പനയെപ്പറ്റി ചർച്ച നടന്നിട്ടില്ല. ഭൂമിയിടപാടിനെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും എതിർക്കുന്നുണ്ടെങ്കിലും സഭാനേതൃത്വത്തിനെതിരായ പരസ്യപ്രതിഷേധം വേണ്ടെന്നാണ് ഭൂരിപക്ഷം വൈദികരുടെയും നിലപാട്.
ഭൂമിയിടപാട് പരിശോധിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ചേർന്ന വൈദികസമിതിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂർണ റിപ്പോർട്ട് നൽകാനിരിക്കെ അതുവരെ സംയമനം പാലിക്കണമെന്നു ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ലംഘിക്കപ്പെട്ടു.
മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിയാൻ മാർ ആലഞ്ചേരി സിനഡ് യോഗത്തിൽ താൽപര്യമറിയിക്കുമെന്നാണു സൂചന. എന്നാൽ, അദ്ദേഹത്തിനു വേണ്ടി ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടതിനാൽ ധൃതിയിൽ തീരുമാനത്തിനു സാധ്യതയില്ല. സിറോ മലബാർ ഉൾപ്പെടെയുള്ള കിഴക്കൻ സഭകളുടെ ചുമതലയുള്ള വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയോനാഡോ സാന്ദ്രി ഒഴിയുകയാണ്. ആ സ്ഥാനത്തേക്കു മാർ ആലഞ്ചേരി പരിഗണനയിലുണ്ടെന്നു സൂചനയുണ്ട്.
കൊച്ചി നഗരമധ്യത്തിൽ കോടികൾ വിലയുള്ള ഭൂമി തുച്ഛവിലയ്ക്കു വിറ്റ് പകരം വനമേഖലയിൽ സ്വന്തം പേരിൽ വിലകുറഞ്ഞ ഭൂമി വാങ്ങിയെന്നാണ് മാർ ആലഞ്ചേരിക്കെതിരേ ഉയരുന്ന പ്രധാന ആക്ഷേപം. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നൽകാതെ ഇടപാടുകാർ സഭയെ വഞ്ചിച്ചെന്ന ആരോപണവുമുണ്ട്. ഫിനാൻസ് കൗൺസിലിനെ കബളിപ്പിച്ച് ചിലർ ഒരുക്കിയ കെണിയിൽ കർദിനാൾ വീണെന്നു പറയുന്നവരുമുണ്ട്.
ചങ്ങനാശേരിക്കാരനായ മാർ ആലഞ്ചേരി സിറോ മലബാർ അതിരൂപതയെ വഴിവിട്ടാണു നയിക്കുന്നതെന്ന ആരോപണങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയരുന്നത്. സാധാരണക്കാർ പിടിയരിപിരിച്ചും പട്ടിണികിടന്നും വളർത്തിയെടുത്ത മഹാസൗധത്തിന്റെ അസ്ഥിവാരമാണു മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ തകർത്തതെന്ന് അവർ ആരോപിക്കുന്നു. നാനൂറോളം വൈദികരിൽ ഭൂരിപക്ഷത്തിന്റെയും മാനസികപിന്തുണ ഇവർക്കുണ്ട്.
ഇതിനിടെ വൈദികരെ അഭിസംബോധന ചെയ്യുന്ന സർക്കുലർ ഇന്നലെ പുറത്തുവിട്ടിരുന്നു. സ്ഥലം വിൽപ്പനയിൽ തെറ്റുപറ്റിയെന്ന് സഭ സമ്മതിക്കുന്നു. ബാങ്ക് പലിശ താങ്ങാനാവാതെ വന്നതോടെയാണ് കുറച്ച് സ്ഥലം വിറ്റ് കടം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ അത് കൂടുതൽ കടത്തിലേക്ക് നയിച്ചതായി സർക്കുലറിലുണ്ട്. അതിരൂപതയുടെ സമ്മതമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലം വിൽക്കാൻ പാടില്ലെന്ന് കരാറുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് 36 പേർക്കായി സ്ഥലം മറിച്ചുവിറ്റു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ ഭാഗമായി മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് മറ്റൂരിൽ 23.22 ഏക്കർ സ്ഥലം വാങ്ങിയതാണ് സഭയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. 60 കോടി രൂപയായിരുന്നു ബാങ്ക് വായ്പ. വരന്തരപ്പിള്ളിയിലെ സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതു സാധിച്ചില്ല. വാർഷിക പലിശയായി ആറുകോടി രൂപ അടയ്ക്കേണ്ടതിനാൽ മറ്റ് അഞ്ച് സ്ഥലങ്ങൾ വിറ്റ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. തൃക്കാക്കര നൈപുണ്യ സ്കൂളിന്റെ എതിർവശത്ത് 70.15 സെന്റ്, ഭാരതമാതാ കോളേജിന്റെ എതിർവശത്ത് 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിനടുത്ത് 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിൽ 20.35 സെന്റ്, മരടിൽ 54.71 സെന്റ് എന്നിവയാണ് വിറ്റത്. മൂന്നു ലക്ഷം മുതൽ 19 ലക്ഷം വരെ സെന്റിന് കണക്കാക്കി. ശരാശരി വില 9.05 ലക്ഷം. സ്ഥലം ഒരു മാസത്തിനുള്ളിൽ വിൽക്കുന്നതോടെ 27.30 കോടി രൂപ ലഭിക്കുമെന്നും അത് ബാങ്കിലിട്ടാൽ 32 കോടിയുടെ കടമെ ബാക്കിയുണ്ടാവൂ എന്നുമായിരുന്നു ധാരണ. ചക്കരപ്പറമ്പിൽ പണി തീരാറായ ഷോപ്പിങ് കോംപ്ലക്സിലെ വാടക വഴി ബാങ്ക് പലിശയും കടങ്ങളും സാവധാനം വീട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും 9.13 കോടി രൂപയെ കൈയിൽ കിട്ടിയുള്ളൂ. 18.17 കോടി കിട്ടാനുണ്ട്.
ഈ സാഹചര്യം നിലനിൽക്കെ സഭയുടെ സ്ഥാപനങ്ങളുടെ സാമ്പത്തിക ചുമതല നിർവഹിക്കുന്ന കേന്ദ്ര ഓഫീസ് (ഐകോ) പ്രസിഡന്റിന്റെയോ കാനോനിക സമിതികളുടെയോ അറിവില്ലാതെ ഐകോ വഴി 10 കോടി രൂപയുടെ വായ്പ ബാങ്കിൽനിന്നെടുത്തു. പത്തുകോടി വായ്പയുൾപ്പെടെ 16.59 കോടി രൂപയ്ക്കാണ് കോതമംഗലത്ത് കോട്ടപ്പടിയിൽ 25 ഏക്കറും ഇടുക്കി ദേവികുളത്ത് 17 ഏക്കറും അതിരൂപതയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. ബന്ധപ്പെട്ട ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ആകെ കടം 84 കോടി രൂപയാണ്.
ഈ ഭൂമി ഇടപാടുകളിൽ ചില പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് സഭാവൃത്തങ്ങലും സമ്മതിക്കുന്നുണ്്. സഭയുടെ മുപ്പതോളം സ്ഥാപനങ്ങളുടെ സാമ്പത്തികമുൾപ്പെടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര ഓഫീസായ 'ഐകോ'യാണ്. ഇതിന്റെ പ്രസിഡന്റ് സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ്. ഡയറക്ടർ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടനും. ആദ്യ സ്ഥലം വിൽപ്പനയിൽ 18.17 കോടി കിട്ടാനിരിക്കെ ഐകോ പ്രസിഡന്റോ കാനോനിക സമിതികളോ അറിയാതെ ഐകോയുടെ പേരിൽ പത്തുകോടി വായ്പയെടുത്തുവെന്നാണ് സർക്കുലർ വ്യക്തമാക്കിയിരിക്കുന്നത്.
കോതമംഗലം കോട്ടപ്പടിയിലും ദേവികുളത്തുമായി 42 സെന്റ് വാങ്ങിയതിലും ആരുടെയും സമ്മതം നേടിയിരുന്നില്ല. മറ്റൂരിൽ സ്ഥലം വാങ്ങിയപ്പോൾ കടമുണ്ടായതിനാൽ കാനോനിക സമിതികളുടെ അനുവാദമില്ലാതെ ഒരു വസ്തുവും വാങ്ങരുതെന്ന നിഷ്കർഷയുണ്ടായിരിക്കെയാണ് ഇത് ചെയ്തത്. ദേവികുളത്ത് കിട്ടിയ ഏലത്തോട്ടം പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ വിൽപ്പന എളുപ്പമല്ലെന്ന് ആരോപണമുണ്ട്.
ബാക്കി തുക ലഭിച്ചാൽ സാമ്പത്തിക പ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും സുതാര്യതയില്ലായ്മ, കാനോനിക നിയമങ്ങൾ പാലിക്കപ്പെടാത്തത്, ധാർമിക പ്രശ്നങ്ങൾ എന്നിവ നിലനിൽക്കുമെന്ന് സർക്കുലർ സമ്മതിക്കുന്നു. വാഴക്കാല സ്വദേശിയായ സഭാംഗത്തെയാണ് സ്ഥലം വിൽപ്പന ഏൽപ്പിച്ചത്. ഇയാൾ കരാർ ലംഘനം നടത്തിയതായും സർക്കുലർ കുറ്റപ്പെടുത്തുന്നു.
സഭ നിയോഗിച്ച കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കണമെന്ന് വൈദിക പ്രതിനിധി യോഗവും വൈദികരുടെ പൊതുസമ്മേളനവും ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാനിലേക്ക് പരാതി അയയ്ക്കുമെന്ന് അതിരൂപതയുടെ ഇവാൻജലൈസേഷൻ വകുപ്പ് ഡയറക്ടർ ഫാ. ജോസഫ് പാറെക്കാട്ടിൽ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചാലും പ്രശ്നം അവിടെ തീരില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ലക്ഷ്യമിട്ട് ഏതാനും വൈദികർ രംഗത്തിറങ്ങിയിട്ടുണ്ട്.
സംഭവവുമയി ബന്ധപ്പെട്ട് അതിരൂപതയുടെ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയുടെയും വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടന്റെയും അധികാരങ്ങൾ കുറച്ചിട്ടുണ്ട്. ചെക്കുകളിൽ ഒപ്പിടാൻ അനുവാദമില്ല. വിഷയം അന്വേഷിക്കാൻ ഫാ. ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സിറോ മലബാർ സഭയിൽ കൽദായ രീതിക്കു മുൻതൂക്കമുള്ള ആരാധനാക്രമം ഉടൻ നടപ്പാകാനിരിക്കെയാണ് എങ്ങനെയും അതിനു തടയിടാൻ ലക്ഷ്യമിട്ട് മാർ ആലഞ്ചേരിയെ ആരോപണങ്ങളിൽ കുടുക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നു.
സഭയിൽ പൊതുവായ ആരാധനാക്രമം ലക്ഷ്യമിട്ടാണ് ലിറ്റർജിക്കൽ കമ്മിഷൻ പുതിയ ക്രമം തയാറാക്കിയത്. കൽദായവാദത്തെ അനുകൂലിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും കേരളത്തിനു പുറത്തുള്ള രൂപതകളും അതു നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ലത്തീൻ സ്വാധീനമുള്ള ആരാധനാക്രമം പിന്തുടരുന്ന എറണാകുളം-അങ്കമാലി, തൃശൂർ തുടങ്ങിയ വടക്കൻ രൂപതകൾ പുതിയ ആരാധനക്രമത്തെ എതിർക്കുകയാണ്. സഭയുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെ അംഗീകരിക്കുന്ന മാർ ആലഞ്ചേരി മുൻകൈയെടുത്ത് ഈ രൂപതകളിലും പുതിയ ആരാധനാക്രമം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയിടപാടു വിവാദം കത്തിപ്പിടിച്ചത്.