- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗിൽ നിന്നും വനിതകൾ സ്ഥാനാർത്ഥിത്വം മോഹിക്കേണ്ട! വനിതകൾ മത്സരിക്കണ്ട, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയുമെന്ന് സുന്നി നേതാവിന്റെ ഭീഷണി; കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർത്ഥി വരുമെന്ന മോഹം പൊലിയുമോ? സാധ്യത സംവരണ മണ്ഡലമായ ചേലക്കരയിൽ ജയന്തി രാജനെ സ്ഥാനാർത്ഥിയാക്കാൻ
മലപ്പുറം: മുസ്ലിംലീഗിൽ നിന്നും ഇക്കുറി വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? കാലം കുറച്ചായി ഇത്തരം ചർച്ചകൾ നടന്നു വരുന്നുണ്ട് കാൽ നൂറ്റാണ്ടിന് ശേഷം ഇക്കുറി അതിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, സമസ്തയുടെ എതിർപ്പിനെ ഭയന്ന് ലീഗ് വനിതാ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അടക്കിവെച്ചിരിക്കയായിരുന്നു. ഇപ്പോഴിതാ വീണ്ടും വനിതാ സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടുമായി സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി.
മുസ്ലിം ലീഗിന് വനിതാ സ്ഥാനാർത്ഥി അത്യാവശ്യമില്ലാത്ത കാര്യമെന്ന് എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിക്കുന്നത്. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്' നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സമസ്തക്ക് ഒരു മുന്നണിയോടും അനുകൂല നിലപാടില്ലെന്ന് പറഞ്ഞ അബ്ദുസമദ്, സംഘടനയിലെ വ്യക്തികൾക്ക് രാഷ്ട്രീയമാകാമെന്നും അതെല്ലാം വ്യക്തി സ്വാതന്ത്ര്യമാണെന്നും പറഞ്ഞു. ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം നൽകില്ല. മുന്നാക്ക സംവരണം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്നു അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
പൊതുമണ്ഡലത്തിൽ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാമെന്നുമാണ് പൂക്കോട്ടൂർ പറയുന്നത്. പൊതുവിഭാഗത്തിലെ സീറ്റിൽ മുസ്ലിം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനം മുസ്ലിം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകി.
മുസ്ലിംലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ 1996-ലാണ് മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ൽ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സിപിഎമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു. മത-സാമുദായിക സംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ 51% വനിതാ സംവരണം യാഥാർത്ഥ്യമായി പത്ത് വർഷം പിന്നിടുമ്പോൾ പഴയ വിയോജിപ്പുകൾ കുറഞ്ഞിട്ടുണ്ട്.
യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ചർച്ചയാവുന്ന ഈ തിരഞ്ഞെടുപ്പിൽ കാലത്തിന്റെ മാറ്റം മനസിലാക്കി തീരുമാനം എടുക്കുമെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ, എസ്.വൈ.എസിനെ പിണക്കാൻ മടിയായിതു കൊണ്ട് ഇപ്പോൾ ചേലക്കരയിലെ സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കാനാണ് ലീഗ് ആലോചിക്കുന്നത്.
സംവരണ മണ്ഡലമായ ചേലക്കരയിൽ വർഷങ്ങളായി ജയിച്ചുവരുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസ് പതിവായി തോൽക്കുന്ന സീറ്റ് ഏറ്റെടുക്കുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ വനിതയെ മൽസരിപ്പിക്കുന്നില്ല എന്ന അപഖ്യാതി ഇല്ലാതാക്കാനാണ് ഇതിലൂടെ ലീഗ് ശ്രമിക്കുന്നത്. വയനാട് സ്വദേശിനിയും വനിതാ ലീഗ് ദേശീയ സെക്രട്ടറിയുമായി ജയന്തി രാജന്റെ ചർച്ചകളാണ് പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയന്തി മൽസരിക്കുകയും പനമരം ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ