മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്ത് യോഗം വിളിച്ച ഇ കെ വിഭാഗം എസ് വൈ എസ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സമസ്തയുടെ നടപടി. സെക്രട്ടറി സ്ഥാനത്തു നിന്നു ഹമീദ് ഫൈസിയെ പുറത്താക്കി. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയെ തോൽപ്പിക്കണമെന്നാണ് ഹമീദ് ഫൈസി ആഹ്വാനം ചെയ്്തിരുന്നത്. ഇങ്ങനെ യോഗം വിളിക്കരുതെന്ന് ഇകെ വിഭാഗം സമസ്ത നേതാക്കൾ വിലക്കിയിരുന്നു. ഈ വിലക്കിനെ മറികടന്നതിനാണ് ഫൈസിക്കെതിരെ നടപടി കൈക്കൊണ്ടത്.

ഹൈദരലി ശിഹാബ് തങ്ങളുടേയും സാദിഖലി ശിഹാബ് തങ്ങളുടേയും വിലക്ക് മറികടന്നാണ് ഒരു വിഭാഗം ഇ കെ നേതാക്കളുടെ നേതൃത്വത്തിൽ കരുവാരക്കുണ്ടിൽ യോഗം ചേർന്നത്. കരവാരക്കുണ്ട് ദാറുന്നജാത്ത് കോളേജിൽ നടത്താനിരുന്ന യോഗം നേതൃത്വത്തിന്റെ വിലക്കിനെ തുടർന്ന് ഒരു ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. കരുവാരക്കുണ്ട്, കാളികാവ്, തുവ്വൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യോഗത്തിനെത്തിയത്. മുന്നൂറോളം പേരെ ക്ഷണിച്ചിരുന്നെങ്കിലും മുപ്പതിലധികം പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

ഇ കെ വിഭാഗം നേതാവായ പുത്തനേഴി മൊയ്തീൻ ഫൈസി ഹൈദരലി തങ്ങളുടെ വിലക്കിനെത്തുടർന്ന് യോഗത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല. ടിപി അഷ്‌റഫലി നേരത്തെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ കെ വിഭാഗത്തിന്റെ നിലപാടിനെ വിമർശിച്ച് ടിപി അഷ്‌റഫലി ചന്ദ്രികയിൽ ലേഖനമെഴുതിയിരുന്നു. ഇതേതുടർന്ന് അഷ്‌റഫലിക്കെതിരെ ശക്തമായി രംഗത്ത് വന്ന ഇ കെ നേതാക്കൾ അഷ്‌റഫ് അലി മാപ്പ് പറയണമെന്നും ആവശ്യമുന്നയിച്ചു. എന്നാൽ ഇതിന് അഷ്‌റഫലി തയ്യാറായില്ല.

കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ പ്രവർത്തകർ പങ്കെടുത്ത കൺവെൻഷനിലാണ് ടി.പി അഷ്‌റഫലിക്കെതിരെ വോട്ടു ചെയ്യാനും പരാജയപ്പെടുത്താനുമുള്ള തീരുമാനം ഇ.കെ സുന്നികൾ എടുത്തിരിക്കുന്നത്. നേരത്തെ ഇ.കെ വിഭാഗം നേതാക്കൾ അഷ്‌റഫലിക്കെതിരെ രഹസ്യനീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതു തിരിച്ചറിഞ്ഞ അഷ്‌റഫലി സമസ്ത നേതാക്കളെ പല തവണ കാണുകയും അനുരഞ്ജന ചർച്ചകൾ നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു വിഭാഗം സമസ്ത നേതാക്കൾ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന അമർഷമായിരുന്നു ഇ.കെ സുന്നികൾ ഈ തെരഞ്ഞെടുപ്പിൽ അഷ്‌റഫലിക്കെതിരെ പ്രയോഗിക്കുന്നത്. സമസ്തയുമായി സഹകരിക്കുന്നില്ലെന്നും സുന്നി ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നിലപാടുകളും അഷ്‌റഫലിക്ക് ഉണ്ടെന്നുമാണ് ഇ.കെ സുന്നികളുടെ പ്രധാന ആക്ഷേപം.

അഷ്‌റഫലിക്കൊപ്പമുള്ള ഭൂരിപക്ഷം ലീഗുകാരും ഇ.കെ വിഭാഗക്കാരാണ്. എന്നാൽ ഇവരെല്ലാം അഷ്‌റഫലിക്കെതിരെ വോട്ടു ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്. അതേസമയം, സമസ്തയുടെ തീരുമാനത്തിനെതിരെ വലിയൊരു വിഭാഗം ലീഗ് നേതാക്കൾക്കും അമർഷമുണ്ട്. അഷ്‌റഫലി പലതവണ സമസ്ത നേതാക്കളുമായും ചർച്ച നടത്തിയും കത്തെഴുതിയും തനിക്ക് സമസ്തയുടെ നിലപാടാണെന്ന് ആവർത്തിക്കുകയും തനിക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതു കേൾക്കാൻ തയ്യാറാകാതെയാണ് പരസ്യ കൺവെൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ലീഗ് അണികൾ പരസ്യമായി രംഗത്തുവരരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. അവസരം മുതലെടുക്കാനുറച്ച് ഇടതുമുന്നണി നേതാക്കൾ സമസ്തയുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു.