- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീക്ക് സുരക്ഷ നൽകിയ ലോകത്തെ ഏറ്റവും മികച്ച നിയമം; ആ നിയമത്തിന്റെ ഭാഗമാണ് മുസ്ലിയാർ പറഞ്ഞത്; മുതിർന്ന പെൺകുട്ടികളെ പരപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഉപദേശിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്തുന്നു; അബ്ദുല്ല മുസ്ലിയാരെ പിന്തുണച്ച് സുന്നി യുവജന സംഘം
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ച അവഹേളിച്ചു സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്വൈഎസ്). മുസ്ലിയാർ പറഞ്ഞത് മതപരമായ കാര്യമാണെന്ന വ്യാഖ്യാനമാണ് എസ്.വൈ.എസ് പറഞ്ഞിരിക്കുന്നത്. മുതിർന്ന പെൺകുട്ടികളെ പരപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവാദപ്പെട്ട മുസ്ലിം പണ്ഡിതൻ ഉപദേശിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്ലാം മതനിയമങ്ങളെ അപഹസിക്കാനും ചിലർ ഗൂഢനീക്കങ്ങൾ നടക്കുന്നുവെന്ന് എസ് വൈഎസ് പറയുന്നു.
ഇതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
'എല്ലാവിധ സൃഷ്ടികളോടും വാത്സല്യവും കാരുണ്യവും കാണിക്കണമെന്ന് പഠിപ്പിച്ച ഇസ്ലാം അവരുടെ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമങ്ങൾകൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീക്ക് സുരക്ഷ നൽകിയ ലോകത്തെ ഏറ്റവും മികച്ച നിയമമാണ്. ആ നിയമത്തിന്റെ ഭാഗമാണ് ന്യായമായ കാരണം കൂടാതെ മുസ്ലിം സ്ത്രീകൾ അന്യപുരുഷന്മാർക്കിടയിൽ പ്രത്യക്ഷപ്പെടരുതെന്നത്.- പ്രസ്താവനയിൽ പറയുന്നു.
ഹിജാബ് നിയമം പൂർണമായും പാലിച്ചിരുന്ന ഇസ്ലാമിക രാജ്യങ്ങളിൽ ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെടാതിരിക്കുന്നതും ഈ നിയമം ഭാഗികമായി നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിൽ ആപേക്ഷികമായി ഇന്നും സ്ത്രീസുരക്ഷ കൂടുതലാണെന്നതും ചരിത്രവും അനുഭവവുമാണ്. ഇസ്ലാമിലെ ഹിജാബ് നിയമത്തെ പരിഹസിക്കുന്നവർ സ്ത്രീകൾക്കു കൂടുതൽ സുരക്ഷ നൽകുന്ന നിയമമുണ്ടെങ്കിൽ അതു മുന്നോട്ടുവയ്ക്കട്ടെയെന്നും നേതാക്കൾ പറഞ്ഞു.
മലപ്പുറം പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാർ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ