തിരുവനന്തപുരം: ക്രമക്കേടുകളുടെ പേരിൽ കെസിഎ യോഗങ്ങളിൽ നിന്നും ഓംബുഡ്‌സ്മാൻ വിലക്കിയ ടി സി മാത്യു ഇപ്പോൾ ശരിക്കം ക്ലീൻ ബൗൾഡായി. ഇതുവരെ കെസിഎ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെങ്കിൽ ഇന്ന് അദ്ദേഹത്തെ കെസിഎയുടെ സ്ഥാനത്തു നിന്നും സസ്‌പെന്റ് ചെയ്തുകൊണ്ട് തീരുമാനം കൈക്കൊണ്ടു. കെസിഎയുടെ മുൻ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനും ഇന്ന് ചേർന്ന കെസിഎയുടെ പ്രത്യേക യോഗം തീരുമാനിച്ചു.

അഴിമതി ആരോപണങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ട ടിസി മാത്യുവിന് തിരുവനന്തപുരത്തെ ട്വന്റി ട്വന്റി മത്സരത്തിന് പോലും ക്ഷണമില്ലായിരുന്നു. ക്രിക്കറ്റിൽ നിന്ന് ടിസി മാറിയെന്ന് പോലും വിലയിരുത്തലെത്തി. ഇതിനിടെയാണ് ഇന്ന് ടിസി മാത്യു കെസിഎ ആസ്ഥാനത്ത് എത്തിയത്. കെസിഎ ആസ്ഥാനത്ത് എത്തിയ അദ്ദേഹം ഇടുക്കി ജില്ലാ സെക്രട്ടറി എന്ന സ്ഥാനം തനിക്കുണ്ടെന്ന വാദിച്ചാണ് രംഗത്തെത്തിയത്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം മാത്യു രാജിവച്ചെങ്കിലും അത് അസോസിയേഷൻ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗത്തിന് ടിസി എത്തിയത്.

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ബിസിസിഐയിലെ പ്രതിനിധിയാണ് മാത്യു. നേരത്തെ ടിസിക്കെതിരായ അഴിമതി ആരോപണങ്ങളിൽ തീർപ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്സ്മാൻ ഉത്തവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ചാണ് ടിസി എത്തിയത്. ടി സി മാത്യു എത്തിയതോടെ കെസിഎയിലെ മുതിർന്ന പ്രതിനിധികൾ പ്രത്യേകം യോഗം ചേർന്നു. അതുനു ശേഷം മലപ്പുറം പ്രതിനിധി ഹരിദാസ് മാത്യു യോഗത്തിന് ഇരിക്കരുതെന്ന നിർദേശിച്ചു. ഓംബുഡ്‌സ്മാന്റ് ഉത്തരവുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരിദാസ് കെസിഎയുടെ നിലപാട് അറിയിച്ചത്.

ഒരു കാലത്ത് താൻ നിയന്ത്രിച്ചിരുന്ന ഓഫീസിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്ന് ബോധ്യമായതോടെ ടി സി മാത്യു വികാരവിക്ഷുബ്ധനായി. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ കെസിഎ സെക്രട്ടറിയായ ജയേഷ് ജോർജ്ജ്, കെസിഎ അഭിഭാഷകനായ അഭിലാഷ് എന്നിവരാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇപ്പോഴത്തെ ആരോപണങ്ങളിലൊന്നും പങ്കില്ല. ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കരുതെന്നും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തിൽ നിന്നും നാടകീയമായി ഇറങ്ങിപ്പോകുകയായിരുന്നു.

ടി സി മാത്യു പുറത്തുപോയതോടെ യോഗം ചേർന്ന കെസിഎ അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെ രൂപീകരിച്ചു. മാത്യുവിനെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്‌പെന്റ് ചെയ്യുന്നതായി കാണിച്ച് പ്രമേയവും അവതരിപ്പിച്ചു. യോഗത്തിനെത്തിയ എല്ലാ അംഗങ്ങളും ഇതിനെ പിന്താങ്ങി. ഇടുക്കിയിൽ നിന്നുള്ള പ്രതിനിധികൾ പോലും ടി സി മാത്യുവിനെ അനുകൂലിക്കാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. കെസിഎ മലപ്പുറം ജില്ലാ പ്രതിനിധി സന്തോഷ്‌കുമാറാണ് മാത്യുവിനെതിരായ നടപടിയുടെ പ്രമേയം അവതരിപ്പിച്ചത്. ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയും കെസിഎ ട്രഷററുമായി അഡ്വ. ശ്രീജിത്ത് വി നായർ അധ്യക്ഷനായ സമിതിയാകും മാത്യുവിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുക.

ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് ടിസി. ഇതിനിടെ ചില ഗ്രൂപ്പ് മലക്കം മറിച്ചിലുകൾ ഉണ്ടായി. ഇതേ തുടർന്ന് ടിസിയെ കൊണ്ട് ചിലർ രാജിവയ്‌പ്പിക്കുകയായിരുന്നു. ഇടുക്കി സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ടിസി കേരളാ ക്രിക്കറ്റിൽ ആരുമല്ലാതായി. എന്നാൽ ടിസിയുടെ രാജി ഇടുക്കി അസോസിയേഷൻ അംഗീകരിച്ചില്ല. രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് ടിസി വീണ്ടും കെസിഎയിൽ ഇടംപിടിക്കാൻ ശ്രമം നടത്തിയത്. എന്നാൽ, ഒടുവിൽ കെസിഎയിൽ നിന്നും ഔദ്യോഗികമായ നടപടിയും അദ്ദേഹം നേരിടേണ്ടി വന്നു.

ലോധാ കമ്മറ്റി ശുപാർശകളുടെ സാഹചര്യത്തിലാണ് ടിസി കേരളാ ക്രിക്കറ്റിലെ സ്ഥാനം ഒഴിഞ്ഞത്. ജയേഷിനെ സെക്രട്ടറിയും ഇടുക്കിയിൽ നിന്നുള്ള വിനോദിനെ പ്രസിഡന്റുമാക്കി. പതിയെ ടിസിക്ക് കെസിഎയിൽ പിടി അയഞ്ഞു. സ്വന്തക്കാരെന്ന് കരുതിയവർ മറുകണ്ടം ചാടുകയായിരുന്നു.